ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് കാരണം മുഖ്യമന്ത്രിയുടെ ശൈലിയെന്ന് സിപിഐ

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയാണ് പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവില്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ശബരിമലയില്‍ ആക്ടിവിസ്റ്റുകളെ കയറ്റിയതിനെതിരെയും എക്സിക്യൂട്ടീവില്‍ വന്‍ വിമര്‍ശനമാണ് ഉണ്ടായത്.
മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പ് തിരിച്ചടിക്കു കാരണമായെന്ന വാദങ്ങളെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരത്തെ എതിര്‍ത്തിരുന്നു. പിണറായിയുടെ ശൈലി അറിഞ്ഞുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ ജനങ്ങള്‍ മുഖ്യമന്ത്രിയാക്കിയതെന്നായിരുന്നു കാനത്തിന്റെ വാക്കുകള്‍. ഈ അഭിപ്രായത്തെയടക്കമാണ് പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് തള്ളിയത്.
നേരത്തെ, ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയായെന്ന് എക്സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നും എക്സിക്യുട്ടീവ് വിലയിരുത്തി.
ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും മോദി സര്‍ക്കാര്‍ വീണ്ടും വരുമെന്ന ആശങ്കയില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നാകെ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരന്നുവെന്നും സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
മുന്നണിയിലെ മറ്റ് കക്ഷികളും നേതാക്കളുമെല്ലാം മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും ശബരിമല വിഷയത്തിലെ നിലപാടിനെതിരെയും രംഗത്തെത്തിയിരുന്നു. ആ സമയത്ത് സിപിഎമ്മിനെ സംരക്ഷിച്ചുകൊണ്ടായിരുന്നു കാനമുള്പ്പെടെയുള്ള സിപിഐ നേതാക്കളുടെ പ്രതികരണങ്ങള്‍.
https://www.facebook.com/Malayalivartha

























