അര്‍ബുദ ചികിത്സയ്ക്കു വിധേയയാകേണ്ടി വന്ന വീട്ടമ്മയ്ക്ക് കാന്‍സറില്ലെന്ന് അന്തിമ റിപ്പോര്‍ട്ട്

സ്വകാര്യ ലാബ് നല്കിയ തെറ്റായ പരിശോധനാ ഫലത്തിന്റെ പേരില്‍ അര്‍ബുദ ചികിത്സയ്ക്കു വിധേയയാകേണ്ടി വന്ന വീട്ടമ്മയ്ക്ക് കാന്‍സറില്ലെന്ന് അന്തിമ റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജിലെ പതോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് കാന്‍സറില്ലെന്ന് തെളിഞ്ഞത്.
മാവേലിക്കര നൂറനാട് പാലമേല്‍ ചിറയ്ക്കല്‍ കിഴക്കേതില്‍ രജനിക്കാണ് തെറ്റായ ഫലത്തിന്റെ പേരില്‍ ചികിത്സ നല്‍കിയത്. ഫെബ്രുവരി 18ന് കോട്ടയം മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലാണു രജനി ചികിത്സ തേടിയെത്തിയത്. വലതു മാറിടത്തിലെ മുഴ നീക്കം ചെയ്യാനാണ് എത്തിയത്. പരിശോധനയില്‍ കാന്‍സര്‍ സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ബയോപ്സി നിര്‍ദേശിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് പതോളജി ലാബിലും ഒപ്പം സ്വകാര്യ ലാബിലും സാന്പിളുകള്‍ നല്കി. രജനിക്ക് കാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്നും മൂന്നാം ഘട്ടമാണെന്നുമായിരുന്നു സ്വകാര്യ ലാബില്‍നിന്നു ലഭിച്ച റിസള്‍ട്ട്. രോഗം മൂന്നാം ഘട്ടത്തില്‍ എത്തി എന്ന ഫലം വന്നതോടെ മെഡിക്കല്‍ കോളജ് ലാബിലെ ഫലത്തിനു കാത്തുനില്‍ക്കാതെ അടിയന്തരമായി കീമോതെറാപ്പി ആരംഭിക്കുകയായിരുന്നു. എന്നാല്‍, കീമോ ചികിത്സയുടെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ രജനിക്ക് കാന്‍സര്‍ ബാധ അല്ലെന്നു മെഡിക്കല്‍ കോളജ് ലാബിലെ ഫലം വന്നു. ഇതോടെ ചികിത്സ നിര്‍ത്തിവച്ചിരുന്നു.
മാറിടത്തിലെ മുഴ ജനറല്‍ സര്‍ജറി വിഭാഗം ശസ്ത്രക്രിയയിലുടെ നീക്കം ചെയ്തു. തുടര്‍ന്ന് സ്വകാര്യ ലാബില്‍ നല്‍കിയിരുന്ന സാന്പിള്‍ തിരികെ വാങ്ങി കോട്ടയം മെഡിക്കല്‍ കോളജിലെ ലാബില്‍ വീണ്ടും പരിശോധിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടു മാസം മുന്‍പു നല്കിയ പരാതിയില്‍ ഇപ്പോഴാണ് അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായതെന്നും രോഗമില്ലാതിരുന്ന തനിക്ക് അര്‍ബുദ ചികിത്സ നടത്തിയതിന്റെ പേരിലുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും കഷ്ട നഷ്ടങ്ങള്‍ക്കും പരിഹാരംതേടി ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും രജനി പറഞ്ഞു.
https://www.facebook.com/Malayalivartha

























