തരൂരിന് ജാമ്യം; മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് നൽകിയ കേസിൽ ശശി തരൂരിന് ജാമ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് ജാമ്യം. മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് നൽകിയ കേസിലാണ് ശശി തരൂരിന് ജാമ്യം ലഭിച്ചത്. തരൂരിന്റെ പ്രസ്‌താവനയ്‌ക്കെതിരെ നൽകിയ ക്രിമിനൽ മാനനഷ്‌ടക്കേസിലാണ് കോടതിയുടെ നടപടി.
2018 ഒക്‌ടോബറിൽ ബംഗളൂരുവിൽ നടന്ന ഒരു പരിപാടിക്കിടെയാണ് തരൂർ വിവാദ പ്രസ്‌താവന നടത്തിയത്. പണ്ടൊരിക്കൽ മോദിയെ പേര് വെളിപ്പെടുത്താത്ത ആർ.എസ്.എസ് നേതാവ് ശിവലിംഗത്തിലെ തേൾ എന്ന് വിശേഷിപ്പിച്ചതായി തരൂർ പറഞ്ഞതാണ് വിവാദമായത്. 'മോദിയെക്കുറിച്ച് ഒരു ആർ.എസ്.എസ് നേതാവ് പത്രക്കാരോട് പറഞ്ഞ വാക്കുകൾ അതിമനോഹരമായിരുന്നു. ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ശിവലിംഗത്തിൽ ഇരിക്കുന്ന തേളിനെ കൈ കൊണ്ട് എടുത്ത് കളയാനും കഴിയില്ല, ചെരുപ്പ് കൊണ്ട് അടിച്ച് കൊല്ലാനും കഴിയില്ലെന്നുമായിരുന്നു തരൂരിന്റെ വാക്കുകൾ. സംഗതി വിവാദമായതോടെ ഇക്കാര്യത്തിൽ വിശദീകരണം നടത്താനും തരൂർ തയ്യാറായി. ശിവലിംഗത്തിൽ ഇരിക്കുന്ന തേളിനെ കൈ ഉപയോഗിച്ച് എടുത്ത് കളയാൻ ശ്രമിച്ചാൽ നിങ്ങൾക്ക് മാരകമായി കടിയേൽക്കുമെന്ന് ഉറപ്പാണ്. ഇനി ചെരുപ്പ് കൊണ്ട് അടിച്ച് കൊല്ലാമെന്ന് വിചാരിച്ചാൽ പരിശുദ്ധമായ ശിവലിംഗത്തിൽ അടിക്കേണ്ടിയും വരുമെന്നും ആർ.എസ്.എസ് നേതാവ് കാരവൻ മാഗസിനിൽ എഴുതിയതായി തരൂർ വിശദീകരിച്ചു.
എന്നാൽ തരൂരിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ബി.ജെ.പി നേതാവ് രാജീവ് ബബ്ബർ ഡൽഹി പട്യാല ഹൗസ് കോടതിയിൽ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തു. ശിവ ഭക്തരുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന രീതിയിലാണ് തരൂരിന്റെ പ്രസ്‌താവനയെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കണമെന്നും ബബ്ബർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് പരിഗണിച്ച കോടതി തരൂരിന് ജാമ്യം അനുവദിച്ചു. കേസ് ജൂലായ് 25ന് പരിഗണിക്കും.
ബിജെപി മികച്ച വിജയം നേടിയാലും കോൺഗ്രസിനെ എഴുതത്തള്ളാൻ സമയമായെന്ന് പറയുന്നത് ശരിയല്ലെന്നും ബിജെപിയ്ക്ക് ദേശീയതലത്തിൽ വെല്ലുവിളി സൃഷ്ടിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്നും ശശി തരൂര്‍ എംപി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടി നേരിട്ട തോൽവിയുടെ ഉത്തരവാദിത്തം രാഹുൽ ഗാന്ധിയ്ക്ക് മാത്രമല്ലെന്നും എല്ലാവര്‍ക്കും തുല്യമായ ഉത്തരവാദിത്തമുണ്ടെന്നും ശശി തരൂര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയെക്കുറിച്ച് കോൺഗ്രസിന് ഒരു ബദൽ കാഴ്ചപ്പാടാണുള്ളതെന്ന് തരൂര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ടവെയും ഉള്‍ക്കൊള്ളുന്ന രാജ്യമെന്ന കാഴ്ചപ്പാടാണ് രാജ്യത്തിന്‍റെ ആത്മാവിന് യോജിക്കുകയെന്ന് തരൂര്‍ പറഞ്ഞു. ബിജെപിയെ ദേശീയതലത്തിൽ എതിരിടാൻ കഴിയുന്ന ഒരേയൊരു പാര്‍ട്ടി കോൺഗ്രസാണെന്നും ഈ സന്ദേശം പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കീഴിൽ നിന്നുകൊണ്ട് രാജ്യത്തെ ജനങ്ങളിലേയ്ക്ക് എത്തിക്കുമെന്നും തരൂര്‍ പറഞ്ഞു. രാഹുൽ ഗാന്ധിയ്ക്ക് കോൺഗ്രസിന് വേണ്ടി ഇനിയുമേറെ ചെയ്യാനുണ്ടെന്നും എന്നാൽ തോൽവിയുടെ ഉത്തരവാദിത്തം അദ്ദേഹം ധൈര്യപൂര്‍വ്വം ഏറ്റെടുത്തുവെന്നും തരൂര്‍ പറഞ്ഞു. എന്നാൽ തോൽവിയുടെ ഉത്തരവാദിത്തം ഓരോ പ്രവര്‍ത്തകനും ഉണ്ടെന്നും പാര്‍ട്ടിയുടെ തിരിച്ചുവരവിനു വേണ്ടി എല്ലാവരും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മികച്ച രീതിയിൽ തങ്ങളുടെ സന്ദേശം എത്തിക്കാൻ കഴിഞ്ഞതായിരിക്കാം ബിജെപിയുടെ വിജയരഹസ്യമെന്ന് തരൂര്‍ പറഞ്ഞു. നരേന്ദ്ര മോദിയാണ് അവരുടെ ഉത്പന്നമെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അവര്‍ ആ ഉത്പന്നം നന്നായി വിറ്റഴിച്ചുവെന്നും തരൂര്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ വ്യക്തിപ്രാഭാവത്തിനു പുറമെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും മോദിയെ മുൻനിര്‍ത്തിയുള്ള പ്രചാരണം എത്തിക്കുകയും ഇതിനായി ബിജെപിയുടെ സംഘടനാസംവിധാനം പ്രവര്‍ത്തിക്കുകയും ചെയ്തു. വോട്ടര്‍മാരുടെ മനസ്സിൽ രാജ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്ക എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് മനസ്സിലാക്കുന്നതിൽ വീഴ്ച പറ്റിയെന്നും തരൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























