കടയുടമയുടെ തിരുത്തിയ മൊഴി ബാലഭാസ്കറുടെ മരണം കൊലപാതകമാണെന്ന ദിശയിലേക്ക്; ബാലഭാസ്കറിന്റെ അപകട മരണത്തിൽ കൊല്ലത്തെ ജ്യൂസ് കടയുടമ ഭീഷണിക്കോ സ്വാധീനത്തിനോ വഴങ്ങിയെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് സംശയം

ബാലഭാസ്കറിന്റെ അപകട മരണത്തിൽ കൊല്ലത്തെ ജ്യൂസ് കടയുടമ ഭീഷണിക്കോ സ്വാധീനത്തിനോ വഴങ്ങിയെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് സംശയം. ജ്യൂസ് കടയിൽ സി സി ടി വി ക്യാമറ സ്ഥാപിച്ചയാളുടെ മൊഴിയും പോലീസ് അതീവ രഹസ്യമായി എടുത്തു കഴിഞ്ഞതായാണ് അറിയുന്നത്.
ബാലഭാസ്കറിന്റെ മരണത്തിൽ ജ്യൂസ് കട ഉടമ മൊഴി മാറ്റിയതോടെ കൂടുതൽ സംശയത്തിലായിരിക്കുകയാണ് പോലീസ്. തന്റെ കടയിലെ ഹാർഡ് ഡിസ്ക് പ്രകാശ് തമ്പി എടുത്തു കൊണ്ടു പോയെന്നാണ് കടയുടമ ആദ്യം മൊഴി നൽകിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയിൽ നിന്നുതന്നെ പ്രസ്തുത മൊഴി പുറത്തു വരികയും ചെയ്തു. എന്നാൽ മൊഴി പുറത്തു വന്നയുടനെ കടയുമയായ ഷംനാദ് മൊഴി മാറ്റി. ഇത് എന്തിനാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
അതായത് ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതിനിടെ അർജുൻ ആസാമിലേക്ക് കടന്നത് എന്തിനാണെന്ന സംശയവും പോലീസിനുണ്ട്. ജ്യൂസ് കടയുടമയായ ഷംനാദിനെ പോലീസ് കസ്റ്റഡിയിലെടുക്കുമോ എന്നും സംശയമുണ്ട്.
ബാലഭാസ്കറിന്റെ മരണത്തിൽ ദിവസം ചെല്ലുന്തോറും ദുരുഹത നിറയുകയാണ്. പ്രകാശ് തമ്പിയെ തനിക്ക് അറിയില്ലെന്ന് ഇപ്പോൾ കടയുടമ പറഞ്ഞത് എന്തിനാണെന്നാണ് സംശയം. ഷംനാദിന്റെ നീക്കങ്ങൾ കഴിഞ്ഞ കുറെ ദിവസങ്ങളായി ക്രൈംബ്രാഞ്ച് പിന്തുടരുന്നുണ്ട്. കരിക്കിൻ ഷേക്ക് എന്ന പേരിൽ ഒരു ചെറിയ കട നടത്തുന്ന ഷംനാദിന്റെ വരുമാന സ്രോതസുകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രകാശൻ തമ്പി ഇയാളെ വിലയ്ക്കെടുത്തോ എന്നും പോലീസ് അന്വേഷിക്കുന്നു.
ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പുറത്തു വരുമെന്ന് ഷംനാദ് ഒരിക്കലും പ്രതീക്ഷിച്ചില്ല. അങ്ങനെ പുറത്തു വന്നതിലുള്ള വൈഷമ്യമാണോ മൊഴി മാറ്റിയതിന് പിന്നിലുള്ളതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനുള്ള സാധ്യത വിരളമാണെന്ന് പോലീസ് കരുതുന്നു. പ്രകാശ് തമ്പിയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഷംനാദ് അനുഭവിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട് .
സി സി റ്റിവി ഹാർഡ് ഡിസ്ക് പ്രകാശ് തമ്പി വാങ്ങിയെന്ന് കള്ളം പറയേണ്ട സാഹചര്യം ക്രൈംബ്രാഞ്ചിനില്ല. അത്തരമൊരു കള്ളം പറയാൻ പോലീസ് തയ്യാറാവുകയുമില്ല. ജ്യൂസ് കട കേന്ദ്രീകരിച്ചാണ് സംശയിക്കുന്ന സംഭവങ്ങൾ നടന്നിട്ടുള്ളത്. അതെന്താണെന്ന് പുറത്തു വന്നാൽ ആസൂത്രണം ചെയ്ത കാര്യങ്ങൾ നടക്കുകയില്ലെന്ന് പ്രതികൾ സംശയിച്ചിട്ടുണ്ടാകും. ഷംനാദ് മൊഴിമാറ്റിയതോടെ ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് എത്തിചേരുകയാണ്.
ജ്യൂസ് നൽകി ബാലഭാസ്കറിനെ മയക്കിയ ശേഷം വണ്ടി ഇടിപ്പിക്കാൻ സാധ്യതയുണ്ട്. ബാലഭാസ്കറുടെ ഭാര്യക്ക് ജ്യൂസ് വാങ്ങി നൽകിയില്ലെന്ന് കടയുടമ പറയുന്നുണ്ടെങ്കിലും അതും പോലീസ് തീർത്തും വിശ്വസിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























