ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ജാള്യത മറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പ്രകാശനം 10ന്

സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി മൂന്നാം വര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുന്നു. ജൂണ്‍ 10 ന് വൈകിട്ട് അഞ്ച് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി. സംസ്ഥാനത്തിന്റെ പുരോഗതിയിലും വികസനത്തിലും ഊന്നി ഇച്ഛാശക്തിയോടെയും ദിശാബോധത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ നടപ്പാക്കല്‍ പുരോഗതി വിശദമാക്കുന്നതാണ് പ്രോഗ്രസ്സ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ഏക സംസ്ഥാനമാണ് കേരളം.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കും. എല്ലാ വകുപ്പുകളും കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയിട്ടും തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നത് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി കാണിച്ച തിടുക്കവും ധാര്‍ഷ്ഠ്യവുമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. എന്നാല്‍ മന്ത്രിമാരെയും വകുപ്പ് മേധാവികളെയും കുറ്റപ്പെടുത്താതെയുള്ള റിപ്പോര്‍ട്ടായിരിക്കും പുറത്ത് വിടുന്നത് എന്നാണ് സൂചന. ആദ്യ വാര്‍ഷികത്തിന് പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. രണ്ടാം വാര്‍ഷികവും മെച്ചമായി നടത്തി. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ തോല്‍വി കാരണം ആഘോഷങ്ങള്‍ മാറ്റിവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























