എല്‍.ഡി.എഫ് യോഗത്തില്‍ പോര് മുറുകും പിണറായിക്ക് നേരെ സി.പി.ഐയുടെ വാള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരമദയനീയ പരാജയത്തിന്റെ മുഖ്യകാരണക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് സി.പി.ഐ ജില്ലാ കമ്മിറ്റികളും എക്‌സിക്യൂട്ടീവും രംഗത്തെത്തിയതോടെ 11ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ പോര് മുറുകും. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ കാട്ടിയ തിടുക്കവും ഇക്കാര്യത്തില്‍ പിണറായിയുടെ ഭാഗത്തുനിന്നുണ്ടായ പിടിവാശിയും തോല്‍വിക്ക് കാരണമായെന്നാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, പിണറായിയുടെ ശൈലിയും വോട്ടര്‍മാരില്‍ എല്‍.ഡി.എഫ് വിരുദ്ധ വികാരമുണ്ടാക്കിയെന്ന് സി.പി.ഐ കുറ്റപ്പെടുത്തുന്നു.
ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായതും യു.പി.എ അധികാരത്തില്‍ വരുമെന്ന ധാരണയില്‍ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതുമാണ് തോല്‍വിക്ക് കാരണമെന്നാണ് നിലവില്‍ സി.പി.എം വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സി.പി.ഐ സ്വീകരിക്കുന്നത്. ശബരിമല പ്രശ്‌നം വലിയ തോതില്‍ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് സി.പി.ഐ തുറന്നുപറയുന്നു. പിണറായി മുന്‍കൈയെടുത്ത് സംഘടിപ്പിച്ച വനിതാ മതില്‍ പോലും വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കി.
വനിതാ മതില്‍ നടത്തിയതിന്റെ അടുത്ത ദിവസം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത് സര്‍ക്കാര്‍ വിരുദ്ധ വികാരമായി വളര്‍ന്നു. ഇതിനെല്ലാം പുറമെ മുഖ്യമന്ത്രിയുടെ ശൈലിക്ക് എതിരായ വികാരവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും സി.പി.ഐ വിലയിരുത്തുന്നു. ഇത്തരത്തില്‍ തോല്‍വിയുടെ കാരണം മുഴുവന്‍ സി.പി.എമ്മിന്റെയും പിണറായിയുടെയും തലയിലാണ്. മുഖ്യമന്ത്രിയുടെ പെരുമാറ്റവും ശരീരഭാഷയും സാധാരണ ജനത്തെ എല്‍.ഡി.എഫില്‍ നിന്ന് അകറ്റിയെന്നാണ് സി.പി.ഐ പറയുന്നത്. നേരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിയുടെ ശൈലിയെ തള്ളിപ്പറയാന്‍ തയാറായിരുന്നില്ല. എന്നാല്‍ സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവില്‍ നേതാക്കളിലധികവും പിണറായിക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടിയുടെ ഈ വികാരം കാനം എല്‍.ഡി.എഫ് യോഗത്തെ അറിയിക്കും. ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തണമെന്ന് സി.പി.ഐ ആവശ്യപ്പെടും. വിശ്വാസികളുടെ വികാരത്തിനൊപ്പമാണ് സര്‍ക്കാര്‍ നിലകൊള്ളേണ്ടതെന്നതാണ് തങ്ങളുടെ നിലപാടെന്ന് സി.പി.ഐ എല്‍.ഡി.എഫ് യോഗത്തെ അറിയിക്കും.
ഉറച്ച മണ്ഡലങ്ങളില്‍ പോലും ദയനീയമായി പരാജയപ്പെട്ടതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് സി.പി.എം വിലയിരുത്തുന്നത്. എന്നാല്‍ കാരണങ്ങളിലൊന്നും മുഖ്യമന്ത്രിയുടെ ശൈലിയെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. പ്രമുഖ നേതാക്കളില്‍ പലരും സ്വന്തം ബൂത്തുകളില്‍ പോലും പിന്നില്‍ പോയ സാഹചര്യം എല്‍.ഡി.എഫ് പരിശോധിക്കും. പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ പോലെ ഒരിക്കലും അടിപതറില്ലെന്ന് കരുതിയ മണ്ഡലങ്ങളില്‍ പോലും ദയനീയമായി പരാജപ്പെട്ടതിന് പിന്നില്‍ ശബരിമലയും പിണറായി വിജയനും തന്നെയാണ് കാരണമെന്ന് ഘടകകക്ഷികള്‍ തുറന്നടിക്കുമ്പോള്‍ സി.പി.എമ്മിന് അത് സമ്മതിക്കേണ്ടിവരും.
https://www.facebook.com/Malayalivartha

























