എഴുതിതള്ളാന്‍ വരട്ടെ... പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തില്‍ നിറയുമ്പോള്‍ ലോക മാധ്യമങ്ങളും കേരളത്തിലേക്ക്; പരാജയ വിജയം ആഘോഷിക്കുമ്പോഴും മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍; ഊഴം കാത്ത് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒരേ സമയം കേരളത്തില്‍. മലയാളികള്‍ക്ക് ഇതില്‍ പരം സന്തോഷം വേറെയില്ല. അമേഠിയില്‍ തോറ്റ് തുന്നം പാടിയ രാഹുല്‍ ഗാന്ധി ജയിപ്പിച്ച വയനാടന്‍ ജനതയോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നത്. അതേസമയം വന്‍ വിജയം നേടി പ്രധാനമന്ത്രിയായ ശേഷം പ്രാര്‍ത്ഥനയ്ക്കായാണ് നരേന്ദ്ര മോദി എത്തിയത്. പക്ഷെ ഇരുവരും രാഷ്ട്രീയ പ്രസംഗവും ലക്ഷ്യമിടുന്നുണ്ട്. രാഹുല്‍ ഗാന്ധി ഇന്നലെ തന്നെ മോദിയ്‌ക്കെതിരെ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലത്തെ പൊതു സമ്മേളനത്തില്‍ മോദി എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കും.
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. വയനാടിന്റെ മാത്രമല്ല കേരളത്തിന്റെ മൊത്തം പ്രതിനിധീകരിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. വയനാടുകാര്‍ക്ക് വേണ്ടി തന്റെ വാതില്‍ തുറന്നുകിടക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ റോഡ് ഷോകളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കെടുത്തു.
ഞായറാഴ്ച വരെ കേരളത്തിലെ ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കാണുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിന്റെ അവസ്ഥ കൂടുതല്‍ അറിഞ്ഞും മനസിലാക്കിയും പ്രവര്‍ത്തിക്കും. ഇത്രയും ഭൂരിപക്ഷം തന്ന ജനങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിയെ യു.ഡി.എഫ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം വയനാട്ടിലേക്ക് പോയി.
വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ ആയിരുന്നു രാഹുലിന്റെ ആദ്യ സ്വീകരണ. സ്വീകരണ കേന്ദ്രത്തില്‍ രാഹുല്‍ എത്തിയപ്പോള്‍ കനത്ത മഴയായിരുന്നു. മഴയെ അവഗണിച്ചും നൂറുകണക്കിന് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുത്തു. തുടര്‍ന്ന് കാളികാവിലും രാഹുലിന് സ്വീകരണം നല്‍കി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ എത്തിയത്. ഇതിനിടെ രാഹുല്‍ ഗാന്ധി തട്ടുകടയില്‍ കയറി ഭക്ഷണം കഴിച്ചതും വാര്‍ത്തയായി.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ തകര്‍ക്കുമ്പോള്‍ രണ്ടാം വട്ടവും പ്രധാനമന്ത്രിയായ ശേഷമാണ് മോദി കേരളത്തില്‍ എത്തിയത്. ഗുരുവായൂര്‍ ദര്‍ശനമാണ് പ്രധാനം. 10.15 ന് കിഴക്കേഗോപുരനടയിലെത്തുന്ന പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും.
ക്ഷേത്രദര്‍ശനത്തിനുശേഷം താമരമൊട്ടുകൊണ്ടുള്ള തുലാഭാരം. മുഴുക്കാപ്പ് കളഭം, അഹസ്, നെയ്‌വിളക്ക്, അപ്പം, അട, അവില്‍ തൃമധുരം, കദളിപ്പഴ സമര്‍പ്പണം, ഉണ്ടമാല, അഴല്‍ എന്നിവയാണ് മറ്റു വഴിപാടുകള്‍.
11.30 ന് ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദന്‍ സമ്മേളനം ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.40 ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന അദ്ദേഹം രണ്ടിനു വിമാന മാര്‍ഗം ഡല്‍ഹിക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂരില്‍ പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആയിരത്തി അഞ്ഞൂറോളം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുമായി ടൗണ്‍ഹാളില്‍ പ്രത്യേകം ക്ലാസുണ്ടായിരുന്നു.
ഇന്നു രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂനംമൂച്ചി മുതല്‍ മഞ്ജുളാല്‍ വരെയും ഇന്നര്‍, ഔട്ടര്‍ റിങ് റോഡുകളിലും വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. രാവിലെ ഒമ്പത് മുതല്‍ 12 വരെ ക്ഷേത്രദര്‍ശനത്തിനും നിയന്ത്രണം ഉണ്ടാകും.
https://www.facebook.com/Malayalivartha

























