നിറകണ്ണുകളോടെ ജ്യോതി... എസ്.പി.ജി. ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് രാഹുല്‍ ഗാന്ധി ചായക്കടയില്‍ ചാടിക്കയറി; കൂടെക്കയറി ചായയും ഉണ്ണിയപ്പവും മുറുക്കും ഈന്തപ്പഴവും കഴിച്ച് വേണുഗോപാലും എപി അനില്‍ കുമാറും; നെട്ടോട്ടമോടി സുരക്ഷാ സേന

രാഹുല്‍ ഗാന്ധി എപ്പോഴും അങ്ങനെയാണ്. തനിക്ക് എവിടെ നിന്നെങ്കിലും ഭക്ഷണം കഴിക്കണമെന്ന് തോന്നിയാല്‍ അപ്പോള്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടും ഉടന്‍ ചാടിയിറങ്ങും. അതോടെ വെട്ടിലാകുന്നത് സുരക്ഷാ ജീവനക്കാരാണ്. രാഹുല്‍ ഗാന്ധിക്ക് അതീവ സുരക്ഷയാണുള്ളത്. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനാണ് സുരക്ഷാ ചുമതല. അവരുടെ നിര്‍ദേശമനുസരിച്ച് സംസ്ഥാന പോലീസ് ആവശ്യമായ മറ്റ് സുരക്ഷയാണ് ഒരുക്കുന്നത്. വയനാടായതിനാല്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളത് സുരക്ഷാ സേനയ്ക്ക് വലിയ തലവേദനയാണ്. അതിനിടെ രഹുല്‍ ഗാന്ധി പെട്ടെന്ന് വണ്ടി നിര്‍ത്തി തട്ടുകടയില്‍ ചാടിക്കയറുമ്പോള്‍ എല്ലാ സുരക്ഷാ പ്ലാനും തെറ്റും. എന്നാല്‍ രാഹുല്‍ ഗാന്ധിയായതിനാല്‍ നോ പറയാനും പറ്റില്ല. അതാണ് ഇന്നലെയും സംഭവിച്ചത്.
വയനാട്ടെ വോട്ടര്‍മാരോട് നന്ദി പറയാനെത്തിയ രാഹുല്‍ ഗാന്ധി ചായകുടിക്കാന്‍ നാട്ടിന്‍പുറത്തെ ചായക്കടയില്‍ ചാടിക്കയറുകയായിരുന്നു. ചോക്കാട്ടെ ചെറിയ ബേക്കറി കടയിലാണ് രാഹുല്‍ ഗാന്ധി കയറിയത്. കടയിലെത്തിയ രാഹുല്‍ ഗാന്ധിയെ കണ്ട് കടയുടമായായ ജ്യോതി ഞെട്ടിപ്പോയി. ഉടന്‍ തന്നെ സുരക്ഷാ സേന കടയ്ക്ക് ചുറ്റും വളഞ്ഞ് മതിയായ സുരക്ഷ ഉറപ്പാക്കി. അങ്കലാപ്പില്‍ നിന്ന ജ്യോതിയോട് ചായയും സ്‌നാക്‌സും ആവശ്യപ്പെട്ടു. ഇവരുടെ വീട്ടിലുണ്ടാക്കിയ ഉണ്ണിയപ്പവും മുറുക്കും ഈത്തപ്പഴവുമാണ് രാഹുലിനായി നല്‍കിയത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും എ.പി അനില്‍കുമാര്‍ എംഎല്‍എയും കൂടെയുണ്ടായിരുന്നു. രാഹുല്‍ ചായകുടിക്കാനായി കടയിലെത്തിയതറിഞ്ഞ് ജ്യോതിയുടെ ഭര്‍ത്താവ് ആനിക്കുഴിക്കാട്ടില്‍ ഉണ്ണികൃഷ്ണനും സ്ഥലത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ ചോക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഉണ്ണികൃഷ്ണന്‍. ഉണ്ണിയപ്പവും നുറുക്കും ഏറെ രുചികരമാണെന്നു പറഞ്ഞ രാഹുല്‍ ഇവരുടെ വിശേഷങ്ങളും തിരക്കി. ജ്യോതിക്കും കുടുംബത്തിനുമൊപ്പം ഫോട്ടോയുമെടുത്താണ് മടങ്ങിയത്. രാഹുലെത്തിയതറിഞ്ഞ് നൂറുകണക്കിനാളുകളാണ് ജ്യോതീസ് ബേക്കറിക്ക് ചുറ്റും തടിച്ചുകൂടിയത്.
അതേസമയം അധികാരവും സമ്പത്തും ഉപയോഗിച്ചാണ് മോദി രണ്ടാമതും അധികാരത്തിലേറിയതെന്ന് നേരത്തെ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയുടേത് നേരിന്റെ വഴിയിലൂടെയുള്ള വിജയമല്ല. ജനങ്ങളില്‍ പകയും വിദ്വേഷവും അദ്ദേഹം വളര്‍ത്തിയെന്നും രാഹുല്‍ ആരോപിച്ചു.
മലപ്പുറം എടവണ്ണയില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ഇതൊന്നും കൂടുതല്‍കാലം നിലനില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റ മൂല്യങ്ങള്‍കൊണ്ട് നമ്മള്‍ എല്ലാം നേരിടും. തന്നെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വോട്ടര്‍മാരോട് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു.
വൈകുന്നരം ആറരയോടെ എടവണ്ണയിലെത്തിയ രാഹുലിനെ വലിയ ജനസാഗരമാണ് കാത്തുനിന്നത്. എടവണ്ണപ്പാലത്ത് നിന്ന് തുറന്ന വാഹനത്തില്‍ തുടങ്ങിയ റോഡ് ഷോ ഒരു കിലോമീറ്ററോളം നീണ്ടു. എഐസിസി ജന സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.പി അനില്‍ കുമാര്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























