മുണ്ടുടുത്ത് മലയാളിയായി മോദി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത് കേരളീയ വേഷത്തിൽ; ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പ്രധാനമന്ത്രിയെ വരവേറ്റത് പൂര്‍ണ്ണകുംഭം നൽകി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത് കേരളീയ വേഷത്തിൽ. മുണ്ടും മേൽമുണ്ടും ധരിച്ചാണ് മോദി ക്ഷേത്ര ദര്‍ശനം നടത്തിയത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും കേരളീയ വേഷത്തിൽ തന്നെ പ്രധാനമന്ത്രിയെ അനുഗമിച്ചു.
പൂര്‍ണ്ണകുംഭം നൽകിയാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പ്രധാനമന്ത്രിയെ വരവേറ്റത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വിവരം അറിഞ്ഞ് വലിയ ആൾക്കൂട്ടവും ക്ഷേത്ര പരിസരത്ത് മോദിയെ കാണാൻ തടിച്ച് കൂടിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഏഴ് മണിമുതൽ ക്ഷേത്ര ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കൊച്ചിയിൽ നിന്ന് രാവിലെ 9.45ന് ഹെലികോപ്റ്ററിൽ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ ഇറങ്ങിയ പ്രധാനമന്ത്രി 10നാണ് ക്ഷേത്രത്തിലെത്തിയത്. ഒന്നേകാൽ മണിക്കൂർ ക്ഷേത്രത്തിൽ ചിലവിടുമെന്ന് അറിയിച്ചെങ്കിലും 10.40ഓടെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങി. ഗസ്റ്റ് ഹൗസിൽ വിശ്രമിച്ചതിന് ശേഷം 11.25ന് പൊതുപരിപാടിക്കായി ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ ഗ്രൗണ്ടിലെത്തും. ക്ഷേത്രത്തിൽ പ്രധാനമന്ത്രി എട്ട് വഴിപാടുകളാണ് നടത്തിയത്. അഹസ്, മുഴുക്കാപ്പ് കളഭം, താമര കൊണ്ട് തുലാഭാരം, പാൽപ്പായസം, അപ്പം, അട, അവിൽ, ഉണ്ടമാല എന്നിവയാണ് വഴിപാടുകൾ.
ക്ഷേത്രം കിഴക്കേഗോപുരകവാടത്തിൽ പ്രധാനമന്ത്രിയെ പൂർണകുംഭം നൽകി എതിരേൽക്കുകയായിരുന്നു. കണ്ണനെ തൊഴുത് സോപാനപ്പടിയിൽ കാണിക്ക സമർപ്പിച്ച പ്രധാനമന്ത്രി ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കൾകൊണ്ട് തുലാഭാരം വഴിപാടും നടത്തി. തുലാഭാരത്തിനുള്ള 110 കിലോ താമര ഇന്നലെ രാത്രി ക്ഷേത്രത്തിൽ എത്തിച്ചിരുന്നു.വീണ്ടും ശ്രീവത്സത്തിലെത്തിയശേഷം 11.25-ന് ശ്രീകൃഷ്ണ സ്‌കൂൾ മൈതാനത്തെ സമ്മേളനത്തിൽ പ്രധാനമന്ത്രി സംബന്ധിക്കും. ബി.ജെ.പി. സംസ്ഥാനസമിതിയാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.12ന് പരിപാടി കഴിഞ്ഞ് 12.10ന് ഹെലികോപ്റ്ററിൽ തിരിക്കുന്ന പ്രധാനമന്ത്രി 12.40 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും.
https://www.facebook.com/Malayalivartha

























