നിറഞ്ഞ ഭക്തിയോടെ മോദി... തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂര്‍ ചികിത്സ തേടിയ സംഭവം ഓര്‍മ്മയില്‍ നില്‍ക്കെ വിജയകരമായി മോദിയുടെ തുലാഭാരം; ശശീ തരൂര്‍ സംഭവം മുന്നിലുണ്ടായിരുന്നതിനാല്‍ അതീവ ജാഗ്രതയോടെ സുരക്ഷാ ജീവനക്കാരും ക്ഷേത്ര ഭാരവാഹികളും

തുലാഭാരം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുന്നത് ശശീ തരൂര്‍ അടുത്തിടെ തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ നടത്തിയ തുലാഭാരമാണ്. തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് സാരമായ പരിക്കേറ്റിരുന്നു. പഞ്ചസാര കൊണ്ടായിരുന്നു തരൂരിന് തുലാഭാര വഴിപാട്. പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവച്ചതാണ് അപകട കാരണമായി പറയുന്നത്. കൂടാതെ പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചു തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള്‍ ആരോ എടുത്തുമാറ്റി. പെട്ടെന്ന് ഭാരം വന്നപ്പോള്‍ ചങ്ങലയുടെ കൊളുത്ത് നിവര്‍ന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്നുമാണ് ക്ഷേത്രം സെക്രട്ടറി അന്ന് പറഞ്ഞത്.
ഈയൊരു സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ തുലാഭാരം വളരെ കരുതലോടെയാണ് സുരക്ഷാ സേനയും ഉദ്യോഗസ്ഥരും ക്ഷേത്ര അധികൃതരും നോക്കിക്കണ്ടത്. ഒരു സുരക്ഷാ വീഴ്ചയും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിനായി തുലാഭാരം നടത്താനുള്ള പുതിയ ത്രാസെത്തിച്ചു. പ്രധാനമന്ത്രിയുടെ ഭാരത്തേക്കാള്‍ കൂടുതല്‍ വച്ച് ഡമ്മിയായി ത്രാസിന്റേയും കൊളുത്തിന്റേയും ശക്തി പരീക്ഷിച്ചു. എല്ലാ മുന്‍കരുതലുകളും എടുത്താണ് തുലാഭാരം നടത്തിയത്. അതേസമയം തുലാഭാരം തീരുന്ന വരെ സുരക്ഷ ജീവനക്കാര്‍ക്ക് ടെന്‍ഷനായിരുന്നു. എന്നാല്‍ എല്ലാം ശുഭമായി പര്യവസാനിച്ചു.
നരേന്ദ്രമോദിക്ക് തുലാഭാരത്തിനായി 112 കിലോ താമരപ്പൂക്കളാണ് കൊണ്ടുവരുന്നത്. നാഗര്‍കോവിലെ ശുചീന്ദ്രം ഗ്രാമത്തിലുള്ള ചെറിയ കായലില്‍നിന്നാണ് ഇവ സംഘടിപ്പിക്കുന്നത്. താമരപ്പൂ ഒന്നിന് എട്ടുരൂപയാണ്. കിലോയ്ക്ക് 200 രൂപയും. ഒരു കിലോയില്‍ 50 എണ്ണമുണ്ടാകും. 112 കിലോയാണ് ഏല്പിച്ചിട്ടുള്ളത്. സൗഭാഗ്യത്തിനാണ് താമരകൊണ്ട് തുലാഭാരം നടത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും നരേന്ദ്രമോദി താമരകൊണ്ടായിരുന്നു തുലാഭാരം നടത്തിയിരുന്നത്.
ഹൈന്ദവവിശ്വാസപ്രകാരം ക്ഷേത്രങ്ങളില്‍ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. ഭക്തന്റെ തൂക്കത്തിന് തുല്യമായോ അതില്‍ കൂടുതലോ ദ്രവ്യം തുലാസില്‍ വച്ച് ഭഗവാന് സമര്‍പ്പിക്കുന്നതാണ് ചടങ്ങ് . കാര്യസിദ്ധിക്കനുസൃതമായി ദ്രവ്യം വ്യത്യസ്തമായിരിക്കും. ദുരിതശാന്തിക്കായും ആഗ്രഹപൂര്‍ത്തീകരണത്തിനായും രോഗശമനത്തിനായും നടത്തുന്ന ശ്രേഷ്ഠമായ വഴിപാടാണിത്.
ആദ്യമായി തുലാഭാരം വഴിപാട് നടത്തിയത് ഭഗവാന്‍ ശ്രീ കൃഷ്ണന് ആയിരുന്നു. പുരാണപ്രകാരം പത്‌നി രുഗ്മിണീ ദേവി ഭഗവാനോടുള്ള ഉദാത്തമായ ഭക്തി തെളിയിക്കാന്‍ സമര്‍പ്പിച്ച വഴിപാടായിരുന്നു ഇത്. തുലാഭാര സമയത്ത് സമര്‍പ്പിച്ച ദ്രവ്യങ്ങള്‍ക്കൊന്നും ഭഗവാന്റെ തട്ട് ഉയര്‍ത്താനായില്ല . അവസാനം ദേവി മനസ്സാല്‍ സമര്‍പ്പിച്ച ഒരു തുളസീ ദളത്താലാണ് ഭഗവാന്റെ തുലാഭാരത്തട്ട് ഉയര്‍ന്നത്. ഇതിലൂടെ തുലാഭാര ദ്രവ്യങ്ങളേക്കാള്‍ പ്രാധാന്യം ഭക്തിയോടുള്ള സമര്‍പ്പണത്തിനാണെന്നു ഭഗവന്‍ നമുക്ക് മനസ്സിലാക്കി തരുന്നു.
കുഞ്ഞുങ്ങള്‍ക്കു വേണ്ടി തുലാഭാരം സമര്‍പ്പിക്കുമ്പോള്‍ ദ്രവ്യങ്ങള്‍ പ്രത്യേകിച്ച് നോക്കേണ്ടതില്ല എന്ന് പറയപ്പെടുന്നു .ഭക്തരുടെ ആഗ്രഹത്തിനനുസരിച്ച് ഇഷ്ടമുള്ള ദ്രവ്യം കൊണ്ട് തുലാഭാരം നടത്തുന്നതില്‍ തെറ്റില്ല. ഓരോ ദ്രവ്യങ്ങള്‍ക്കൊണ്ടു സമര്‍പ്പിക്കുന്ന തുലാഭാരത്തിനു ഓരോരോ ഫലങ്ങളാണുള്ളത്.
https://www.facebook.com/Malayalivartha

























