മോദിയുടെ മനസ്സറിഞ്ഞ പ്രാര്‍ഥന; ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ച് മലയാളത്തില്‍ ട്വീറ്റ് ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ച് മലയാളത്തില്‍ ട്വീറ്റ് ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയാണെന്നാണ് മോദി മലയാളത്തില്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.'ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു' എന്നാണ് മോദിയുടെ ട്വീറ്റ്. സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവച്ച് ഇംഗ്ലീഷിലും ഇക്കാര്യം മോദി ട്വീറ്റ് ചെയ്‌തിട്ടുണ്ട്
എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുരുവായൂരപ്പന്റെ ഈ പുണ്യഭൂമിയിൽ എത്തുന്നത് പുതിയ ഊർജ്ജവും ഉന്മേഷവും നൽകുന്നു. ഗുരുവായൂരിൽ ബിജെപിയുടെ അഭിനന്ദൻ സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യപ്രക്രിയയിൽ പങ്കാളികളായ എല്ലാവർക്കും നന്ദി. കേരളത്തിൽ നിന്ന് ബിജെപി വിജയിച്ചില്ല. പിന്നെന്തിനാണ് മോദി കേരളത്തിൽ നന്ദിപറയാൻ എത്തിയതെന്ന് പലരും ചോദിച്ചു. തെരഞ്ഞെടുപ്പിൽ പല അഭിപ്രായം ഉണ്ടാവും. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഭാരതത്തിലെ എല്ലാവർക്കും വേണ്ടിയുള്ള സർക്കാരാണ് ഇത്. ബനാറസ് തനിക്കെങ്ങനെയാണോ അത് പോലെ തന്നെയാണ് കേരളവും. ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരല്ല. സേവനം തന്നെ ഈശ്വരാരാധന എന്ന് കരുതുന്നവരാണ് പ്രവർത്തകർ. അടിയുറച്ച വിശ്വാസവും ആധ്യാത്മികവുമാണ് കേരളത്തിന്റെ അടിസ്ഥാനം. ആയതിനാൽ പൈതൃക ടൂറിസം വ്യാപിപ്പിക്കും വിധമാണ് കേന്ദ്ര സർക്കാർ ഇതുവരെ പ്രവർത്തിച്ചത്.
വിനോദസഞ്ചാര മേഖലയിൽ ഭാരതം മൂന്നാം സ്ഥാനത്ത് എത്തി. പ്രസാദ് പദ്ധതി പ്രകാരം 7 പദ്ധതികളാണ് കേരളത്തിൽ അനുവദിച്ചത്. ഗുരുവായൂറിലെ ആനകൾ പ്രസിദ്ധമാണ്. ഇവിടെ ഈശ്വരനെ കുറിച്ച് ചിന്തിക്കുമ്പോൾ മൃഗസംരക്ഷവും കൂടെ ചിന്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെയെന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി കേരളീയ വേഷമായ മുണ്ടുടുത്താണ് എത്തിയത്.
https://www.facebook.com/Malayalivartha

























