നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോൾ രാഹുൽഗാന്ധി വയനാട്ടിൽ റോഡ് ഷോ നടത്തുകയാണ്; ഭാരത ഭാഗ്യവിധാതാവായി രാഹുൽഗാന്ധി വളരണമെന്ന് അഡ്വക്കേറ്റ് ജയശങ്കർ

നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോൾ രാഹുൽഗാന്ധി വയനാട്ടിൽ റോഡ് ഷോ നടത്തുകയാണ്. കാരണം അദ്ദേഹത്തിന് പ്രാർത്ഥനയേക്കാൾ പ്രധാനം പ്രവൃത്തിയാണ് എന്ന് അഡ്വേക്കേറ്റ് ജയശങ്കർ. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ദീർഘ വീക്ഷണവും ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യവും രാജീവ് ഗാന്ധിയുടെ ഹൃദയവിശാലതയുമുളള, ഭാരത ഭാഗ്യവിധാതാവായി രാഹുൽഗാന്ധി വളരണമെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോൾ രാഹുൽഗാന്ധി വയനാട്ടിൽ റോഡ് ഷോ നടത്തുകയാണ്. കാരണം അദ്ദേഹത്തിന് പ്രാർത്ഥനയേക്കാൾ പ്രധാനം പ്രവൃത്തിയാണ്.
വരുന്ന അഞ്ചു വർഷം കൊണ്ട് രാജ്യത്തെമ്പാടും കോൺഗ്രസിന്റെ സംഘടനാ സംവിധാനം ശക്തമാക്കണം, പുതിയ പ്രവർത്തകരെ കണ്ടെത്തണം, മതേതര ജനാധിപത്യ പുരോഗമന കക്ഷികളുടെ ഐക്യനിര കെട്ടിപ്പെടുക്കണം, ബിജെപിയുടെ രാഷ്ട്രീയ മേൽക്കോയ്മ തകർക്കണം, നരേന്ദ്രമോദിയുടെ അപ്രമാദിത്വം അവസാനിപ്പിക്കണം.
ഇതിനൊക്കെ പുറമെ, വയനാട്ടിലെ കർഷകരുടെ, കർഷക തൊഴിലാളികളുടെ, ആദിവാസികൾ അടക്കമുള്ള ദരിദ്ര ജനലക്ഷങ്ങളുടെ കണ്ണീരൊപ്പണം. അമേഠി ആവർത്തിക്കാതെ നോക്കണം. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ദീർഘ വീക്ഷണവും ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യവും രാജീവ് ഗാന്ധിയുടെ ഹൃദയവിശാലതയുമുളള, ഭാരത ഭാഗ്യവിധാതാവായി രാഹുൽഗാന്ധി വളരണം എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
മിന്നുന്ന ജയത്തോടെ രണ്ടാമതും പ്രധാനമന്ത്രിയുടെ കസേര സ്വന്തമാക്കിയ നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുവാനും തുലാഭാരമടക്കമുള്ള വഴിപാടുകൾ നടത്തുവാനുമാണ് കേരളത്തിലെത്തിയത്. അതേ സമയം വയനാട് മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ രാഹുൽ ഗാന്ധി വോട്ടർമാരെ നേരിട്ടുകണ്ട് നന്ദിയറിക്കുവാനാണ് കേരളത്തിലെത്തിയിരിക്കുന്നത്.
രാഷ്ട്രീയത്തിന് അതീതമായി വോട്ടർമാർക്കൊപ്പമുണ്ടാകുമെന്ന് വയനാടിന്റെ പ്രശ്നങ്ങളും കേരളത്തിന്റെ പ്രശ്നങ്ങളും പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷപരമായതും കള്ളപ്രചാരണങ്ങൾക്കെതിരായും സ്നേഹംകൊണ്ട് പോരാടാനാണ് കോൺഗ്രസ് പാർട്ടി ഉദ്ദേശിക്കുന്നതെന്നും രാഹുൽ പറഞ്ഞു. വയനാട് ജില്ലയിലെ പര്യടനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മോദി അധികാരത്തിലെത്തിയത് നേർവഴിയിലല്ല, കേന്ദ്രവും മോദിയും വിദ്വേഷം പരത്തുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
പകയും ,വിദ്വേഷവും, അരക്ഷിതാവസ്ഥയുമാണ് മോദി പ്രതിനിധാനം ചെയ്യുന്നത്. ജനങ്ങളോടൊപ്പം താൻ ഉണ്ടാകുമെന്ന് ഉറപ്പുതരുന്നു. വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും പാർലമെന്റിൽ ഈ പ്രശ്നങ്ങൾ ഉന്നയിക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. ''കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ, പക്ഷേ വയനാട്ടിലെ ഏത് പൗരൻമാർക്കും ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കും എന്റെ ഓഫീസിന്റെ വാതിൽ തുറന്നു കിടക്കുമെന്ന് റോഡ് ഷോയിൽ രാഹുൽ പറഞ്ഞു.ഇന്നലെ പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് 2.30 നാണ് രാഹുൽ ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. യു.ഡി.എഫ് നേതാക്കൾ ചേർന്നാണ് രാഹുൽ ഗാന്ധിയെ സ്വീകരിച്ചത്. തുടർന്ന് കാളികാവിലായിരുന്നു ആദ്യ സ്വീകരണം. മഴയും മിന്നലും അവഗണിച്ച് പതിനായിരങ്ങൾ ആവേശത്തോടെ രാഹുലിനെ കാണാനെത്തി. പിന്നീട് നിലമ്പൂർ, എടവണ്ണ, അരിക്കോട് എന്നിവിടങ്ങളിൽ രാഹുൽ എത്തി. തുടർന്ന് റോഡ് മാർഗ്ഗം രാത്രിയോടെയാണ് രാഹുൽ ഗാന്ധി കൽപ്പറ്റയിലെത്തിയത്. കൽപ്പറ്റ പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെന്റർ സന്ദർശിച്ചു. ഇവിടെവച്ച് വിവിധ മേഖലകളിൽ നിന്നുള്ളവരുമായി കൂടിക്കാഴ്ച നടത്തി.
https://www.facebook.com/Malayalivartha

























