ഫുള്‍ജാര്‍ സോഡയ്ക്ക് കോട്ടയത്ത് ഗ്യാസ് പോയി! നഗരസഭാ ആരോഗ്യ വിഭാഗം കട അടപ്പിച്ചു

സോഷ്യല്‍ മീഡിയയുടെ പ്രചാരണത്തിന്റെ പിന്‍ബലത്തില്‍ ഹിറ്റായ ഫുള്‍ജാര്‍ സോഡയുടെ ഗ്യാസ് പോയി. കോട്ടയം നഗരത്തിലെ ഫുള്‍ജാര്‍ സോഡാ നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചു. കുമരകം റോഡരികില്‍ സിഎംഎസ് കോളജിനു സമീപം റിക്കാര്‍ഡ് കച്ചവടം നടത്തി വരവെ ഹെല്‍ത്ത് വിഭാഗം എത്തി ഉപകരണങ്ങള്‍ വണ്ടിയില്‍ കയറ്റി. ഇതോടെ നഗരത്തില്‍ നുരഞ്ഞു പൊങ്ങിയ ഫുള്‍ജാര്‍ സോഡ ഗ്യാസ് പോയ പരുവത്തിലായി.
നഗര അതിര്‍ത്തിയില്‍ ഇനി എവിടെയെങ്കിലും ഇതു പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ തിങ്കളാഴ്ച മാറ്റുമെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു തരത്തിലുള്ള ലൈസന്‍സും ഇല്ലാതെയുള്ള കച്ചവടം അനുവദിക്കാനാവില്ലെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. റോഡരികില്‍ വാഹന ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു കച്ചവടം. സോഡയില്‍ ഇവര്‍ ചേര്‍ക്കുന്ന കൂട്ട് ആരോഗ്യത്തിന് ഹാനികരമാണോ എന്ന സംശയമുണ്ടായിരുന്നു. തുറന്ന അന്തരീക്ഷത്തില്‍ പാനീയം തയാറാക്കി നല്കുന്നതടക്കമുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ഫുള്‍ജാര്‍ സോഡയ്‌ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ് പറഞ്ഞു.
സോഡ കുടിക്കാന്‍ വരുന്നവരുടെ തിരക്ക് മാര്‍ഗ തടസം സൃഷ്ടിക്കുന്നുവെന്ന് പരാതിയുണ്ടായിരുന്നു. ഒരു ദിവസം പെട്ടെന്ന് വഴിയരികില്‍ ഒരു അനുമതിയും വാങ്ങാതെ കട തുടങ്ങി എന്തോ ഒരു പാനീയം വില്‍ക്കുന്നത് ശരിയായ നടപടിയില്ല. മഴക്കാലം വരുന്നു. പല വിധത്തിലുള്ള രോഗങ്ങള്‍ പടരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഫുള്‍ജാര്‍ സോഡയ്‌ക്കെതിരേ നടപടിയെടുത്തത്. പിഴയടച്ച് അവരുടെ സാധനങ്ങള്‍ തിരികെ വാങ്ങാം. പക്ഷേ നഗരത്തില്‍ ഒരിടത്തും ഇത്തരം വില്‍പന കേന്ദ്രങ്ങള്‍ അനുവദിക്കുകയില്ലെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
ഫുള്‍ജാര്‍ സോഡാഉപഭോക്താക്കളില്‍ ഭൂരിഭാഗവും കൗമാരക്കാരാണ്. ഫേസ്ബുക്ക് ടൈം ലൈനുകളിലും വാട്‌സ് ആപ്പ് സ്റ്റാറ്റസുകളിലും ടിക് ടോക് പ്ലാറ്റ് ഫോമുകളിലും നിറഞ്ഞു കവിഞ്ഞൊഴുകിയ ഫുള്‍ ജാര്‍ സോഡ കോട്ടയത്ത് എത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളു. ഉത്തരേന്ത്യയില്‍ നിന്നും കോഴിക്കോട്, മലപ്പുറം, കൊച്ചി വഴിയാണ് ഫുള്‍ ജാര്‍ കോട്ടയത്തും എത്തി നാടും നഗരവും കീഴടക്കിയത്.
കാന്താരി മുളക്, ചെറുനാരങ്ങ നീര്, കറിവേപ്പില, ഇഞ്ചി, പുതിനയില തുടങ്ങിയവ ചേര്‍ത്ത് മിക്‌സിയില്‍ അരച്ചാണ് ഫുള്‍ ജാര്‍ സോഡയുടെ രസക്കൂട്ട് തയാറാക്കുന്നത്. ഈ കൂട്ട് ചെറിയ വൈന്‍ ഗ്ലാസില്‍ ഒഴിച്ചുവയ്ക്കും. മറ്റൊരു വലിയ ഗ്ലാസില്‍ സോഡയും. ഈ സോഡായിലേക്കാണു കുഞ്ഞു ഗ്ലാസ് ഇടുന്നത്. നുരയും പതയും പുറത്തേക്കു പോകുന്നതിനു മുമ്പ് കുടിക്കണം. ഇതാണ് ഫുള്‍ ജാര്‍ സോഡ.
ഫുള്‍ജാര്‍ സോഡ കുടിക്കുന്നതിനു മുമ്പ് അല്‍പം ചിന്തിക്കണമെന്നും ഇത് അധികമായാല്‍ ആരോഗ്യത്തിനു ഹാനികരമാണെന്നും ഡോക്ടര്‍മാര്‍. ഫുള്‍ ജാര്‍ സോഡയിലെ പ്രത്യേക കൂട്ടുകള്‍ തയാറാക്കുന്നതു വൃത്തിയുള്ള അന്തരീക്ഷത്തിലാണെന്ന് ഉറപ്പാക്കണം. സോഡ എന്ന് പറയുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് വാതകം കലക്കിയ വെള്ളം അഥവാ കാര്‍ബോണിക് ആസിഡ് ആരോഗ്യത്തിന് അത്ര നല്ലതല്ല.സ്ഥിരമായി കുടിച്ചാല്‍ പല്ലു മുതല്‍ സകല അവയവങ്ങള്‍ക്കും ഇതു ഹാനികരമാണ്.
സോഡാഗ്ലാസിലേക്ക് കൂട്ട് ചേര്‍ത്തുവച്ചിരിക്കുന്ന വൈന്‍ ഗ്ലാസ് ഇടുകയാണ്. വൈന്‍ ഗ്ലാസ് ശരിയായി കഴുകി വൃത്തിയാക്കിയതാണോയെന്ന് ഉറപ്പുവരുത്തണം. ഗ്ലാസിനു പുറത്തെ മാലിന്യം മുഴുവന്‍ സോഡായില്‍ കലര്‍ന്ന് നമ്മുടെ ശരീരത്തിലെത്തും. ഫുള്‍ ജാര്‍ സോഡ ഫുള്ളായി വലിച്ചു കുടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സോഡായ്‌ക്കൊപ്പം നല്ല എരിവും പുളിയും ഒക്കെ ഒരുമിച്ചു വയറ്റിലെത്തുമ്പോള്‍ ഉദരസംബന്ധമായ പലപ്രശ്‌നങ്ങള്‍ക്കും കാരണമാകും. നിലവില്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.
https://www.facebook.com/Malayalivartha

























