ഈ സ്വര്‍ണം തേടിയും പ്രകാശന്‍ തമ്പി എത്തി... ബാലഭാസ്‌കറിന്റെ വാഹനത്തിലുണ്ടായിരുന്നത് 44 പവനും 2 ലക്ഷം രൂപയും, വടക്കുംനാഥ ക്ഷേത്രത്തില്‍ ബാലഭാസ്‌കറിനായുള്ള വഴിപാടിനുള്ള ചടങ്ങുകള്‍ ഏര്‍പ്പാടാക്കിയത് പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി ഉടമകള്‍

തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ 44 പവന്റെ ആഭരണങ്ങളുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്. രണ്ടുലക്ഷത്തിലേറെ രൂപയും കണ്ടെടുത്തിരുന്നു. വടക്കുംനാഥ ക്ഷേത്രത്തില്‍ ബാലഭാസ്‌കറിനായുള്ള വഴിപാടിനുള്ള ചടങ്ങുകള്‍ ഏര്‍പ്പാടാക്കിയത് പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി ഉടമകളാണ്. മൂന്നുദിവസത്തെ ചടങ്ങായിരുന്നു ഇത്. ആശുപത്രി നടത്തിപ്പുകാരിയായ ലതയ്ക്കും ഭര്‍ത്താവ് ഡോ. രവീന്ദ്രനും പത്തുലക്ഷം രൂപ വായ്പ നല്‍കിയതായി തെളിയിക്കുന്നതുള്‍പ്പെടെയുള്ള രേഖകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിനു പുറമെ ആശുപത്രി നടത്തിപ്പുകാര്‍ക്കെതിരെ കോഴിക്കോട് സ്വദേശിയായ കരാറുകാരന്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങളും അന്വേഷണസംഘത്തിന് കിട്ടി. നിര്‍മാണം നടത്തിയതിന്റെ പണം തരാനുണ്ടെന്നു കാട്ടിയാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ബാലഭാസ്‌കറിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. ബാലഭാസ്‌കറിനുംകൂടി പങ്കാളിത്തമുള്ള സംരംഭമാണെന്നും ബാലുവിന്റെ മരണത്തെതുടര്‍ന്ന് പണത്തിന് പ്‌റയാസം നേരിട്ടതെന്നും പരാതിയിലുണ്ട്. പരാതിയില്‍ ചെര്‍പ്പുളശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
അവസാനയാത്രയിലെ ദൃശ്യങ്ങളുള്ള കൊല്ലത്തെ ജ്യൂസ് കടയിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് മാത്രമല്ല, അപകടമുണ്ടായ കാറിലുണ്ടായിരുന്ന സ്വര്‍ണം തേടിയും പ്രകാശന്‍ തമ്ബി എത്തിയിരുന്നതായി െ്രെകംബ്രാഞ്ച് പറഞ്ഞു. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാറില്‍നിന്നു കണ്ടെത്തിയ സ്വര്‍ണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് സുഹൃത്ത് പ്രകാശന്‍ തമ്ബിയെന്നാണ് െ്രെകംബ്രാഞ്ച് കണ്ടെത്തിയത്. ആദ്യം അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസാണ് ക്രൈംബ്രാഞ്ചിന് ഈ വിവരം കൈമാറിയത്.
കഴിഞ്ഞ സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറിന്റെ വാഹനം തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തിയത് ഹൈവേ പട്രോളിംഗ് സംഘമാണ്. പിന്നീട് മംഗലപുരം പൊലീസ് വാഹനം പരിശോധിച്ച് കാറിനകത്തുണ്ടായിരുന്ന സാധനങ്ങള്‍ സ്‌റ്റേഷനിലേക്ക് മാറ്റി. കാറില്‍ നിന്ന് രണ്ടു ബാഗുകളില്‍ നിന്നാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്. ലോക്കറ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. 10, 20, 50, 100, 500, 2000 നോട്ടുകളുടെ കെട്ടുകളായിട്ടാണു പണം സൂക്ഷിച്ചിരുന്നത്. 500, 2000 നോട്ടുകളായിരുന്നു കൂടുതല്‍. 2 ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും എണ്ണിതിട്ടപ്പെടുത്തി പൊലീസ് രജിസ്റ്ററില്‍ രേഖപ്പെടുത്തി. പ്രകാശ്തമ്ബി പിറ്റേന്ന് രാവിലെ തന്നെ സ്‌റ്റേഷനിലെത്തി മാനേജരാണെന്നു പരിചയപ്പെടുത്തി പൊലീസിനോട് സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ബാലഭാസ്‌കറും ലക്ഷ്മിയും അപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.
ബന്ധുക്കളാണെന്ന് ബോധ്യമായതോടെ പൊലീസ് ബാഗുകളും ആഭരണങ്ങളും പണവും ഇവര്‍ക്ക് കൈമാറി. ഇതിന്റെ രേഖകള്‍ പിന്നീട് കേസ് അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറിന് കൈമാറി. മരണത്തിനു പിന്നില്‍ ദുരൂഹതയില്ലെന്നായിരുന്നു ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട്. ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആഭരണം സംബന്ധിച്ച രേഖകള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലാണുള്ളത്.
https://www.facebook.com/Malayalivartha

























