ആംബുലന്‍സില്‍ സ്ഥലമില്ലാത്തതിനാല്‍ ജംഷീറിന് കയറാന്‍ സാധിച്ചില്ല, വീട്ടുകാരോടൊപ്പം മറ്റൊരു വാഹനത്തില്‍ ജില്ലാ ആശുപത്രിയിലെത്തിയപ്പോഴറിഞ്ഞത് ദുരന്തവാര്‍ത്ത

വാടാനാംകുറുശ്ശിയില്‍ നിന്നു നെല്ലിയാമ്പതിയിലേക്കു ജംഷീര്‍ അടങ്ങുന്ന നാലംഗ സംഘം യാത്ര തുടങ്ങിയത്. ഫവാസ്, ഉമറുല്‍ ഫാറൂഖ്, ഷാഫി എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവര്‍. തിരിച്ചുവരുന്നത് ജംഷീറും ബന്ധു ഷാഫിയും മാത്രം. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരപ്പാലത്ത് കൊക്കയിലേക്കു മറിഞ്ഞു. നിസാര പരുക്കേറ്റ ജംഷീര്‍ മേലെ റോഡിലെത്തി അതുവഴി വന്ന കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിച്ച് അപകട വിവരം അറിയിച്ചു. ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പരുക്കേറ്റു കിടന്നിരുന്നവരെ മുകളിലെത്തിച്ച് നെന്മാറയിലെ ആശുപത്രിയിലാക്കി. 4 പേര്‍ക്കും നിസാര പരുക്കേ ഉണ്ടായിരുന്നുള്ളൂ.
കാര്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് നാട്ടില്‍ നിന്ന് സുബൈര്‍, നാസര്‍ എന്നിവരും ആശുപത്രിയിലേക്ക് എത്തിയിരുന്നു. ഇതിനിടെ ആശുപത്രിയില്‍ അവശനിലയിലായിരുന്ന യുവാവിനെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സില്‍ ജംഷീര്‍ ഒഴികെയുള്ളവര്‍ കയറി.
സ്ഥലമില്ലാത്തതിനാല്‍ ജംഷീറിനു വാഹനത്തില്‍ കയറാന്‍ പറ്റിയില്ല. ആംബുലന്‍സ് ജില്ലാ ആശുപത്രിയിലേക്കു വരുന്നതിനിടെ തണ്ണിശ്ശേരിയില്‍ അപകടത്തില്‍പ്പെട്ട് ഷാഫി ഒഴികെയുള്ള 8 പേര്‍ മരിച്ചു. അപകട വിവരം അറിഞ്ഞെത്തിയ വീട്ടുകാരോടൊപ്പം മറ്റൊരു വാഹനത്തില്‍ ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്നവരെ മരണം കവര്‍ന്നെടുത്തത് ജംഷീര്‍ അറിയുന്നത്.
"
https://www.facebook.com/Malayalivartha

























