വിശ്വാസികളെ തിരികെപ്പിടിക്കണം പോലും... ശബരിമലയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിമര്‍ശനത്തിന് പിന്നാലെ തൊട്ടുമുമ്പത്തെ തീര്‍ഥാടന കാലത്തെക്കാള്‍ 98.66 കോടി രൂപയുടെ കുറവുള്ളതായി കണ്ടെത്തല്‍

ശബരിമലയിലെ സിപിഎമ്മിന്റെ നിലപാടുകളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണമെന്ന് എല്ലാ ജനങ്ങള്‍ക്കുമറിയാം. എന്നാല്‍ പാര്‍ട്ടി നിരവധി ചര്‍ച്ച നടത്തിയിട്ടും അത് തുറന്നു പറയുന്നില്ല. ഇപ്പോള്‍ അവസാനമായി നടന്ന കേന്ദ്ര കമ്മിറ്റിയില്‍ പോലും വിശ്വാസികളെ തിരികെ പിടിക്കണമെന്നാണ് പറയുന്നത്.
അതിനിടെ കഴിഞ്ഞ മണ്ഡലമകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമല ക്ഷേത്ര വരുമാനത്തില്‍ വന്‍കുറവുള്ളതായി കണ്ടെത്തല്‍. തൊട്ടുമുമ്പത്തെ തീര്‍ഥാടനകാലത്തെക്കാള്‍ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്. ക്ഷേത്രച്ചെലവുകള്‍ക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടിയുടെ കുറവുണ്ടായി.
ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുള്ള സംഭവങ്ങള്‍, പ്രളയം, വടക്കന്‍ ജില്ലകളിലെ നിപബാധ തുടങ്ങിയവയാണ് വരുമാനക്കുറവിന് കാരണമായി ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞസീസണില്‍ 277,42,02,803 രൂപ വരുമാനം ലഭിച്ചയിടത്ത് ഈവര്‍ഷം 178,75,54,333 രൂപയായി. കാലാകാലങ്ങളിലെ വര്‍ധനകൂടി കണക്കിലെടുത്താന്‍ ഇത്തവണ വരുമാനനഷ്ടം ഇനിയും കൂടും.
ശബരിമലയില്‍ മാത്രമല്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലെയും വരുമാനം കുറഞ്ഞിട്ടുണ്ട്. ബോര്‍ഡിനുകീഴിലെ 1250 ക്ഷേത്രങ്ങളില്‍ 60 എണ്ണത്തിനുമാത്രമാണ് ചെലവ് നിര്‍വഹിക്കാനുള്ള വരുമാനമുള്ളത്. മറ്റു ക്ഷേത്രങ്ങളുടെ നിലനില്‍പ്പ് ശബരിമല വരുമാനത്തെ ആശ്രയിച്ചാണ്. തീര്‍ഥാടനസമയമല്ലാത്ത മാസങ്ങളിലും ക്ഷേത്രങ്ങളിലെ വരുമാനം കുറഞ്ഞു. ഇതോടെ ക്ഷേത്രങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണികളും അത്യാവശ്യം നിര്‍മാണപ്രവര്‍ത്തനവുമല്ലാതെ മറ്റൊന്നും നടക്കില്ല.
തീര്‍ഥാടനകാലത്തെ വരുമാനത്തില്‍നിന്ന് അടുത്ത തീര്‍ഥാടനംവരെയുള്ള ചെലവുകള്‍ക്ക് ഓരോമാസവും നിശ്ചിത തുക ഹ്രസ്വകാല നിക്ഷേപത്തിലേക്ക് മാറ്റും. ഇതും മറ്റുക്ഷേത്രങ്ങളിലെയും ശബരിമലയിലെ വിശേഷദിവസങ്ങളിലെയും വരുമാനവും ചേര്‍ത്താണ് ഓരോ മാസത്തെയും ചെലവ് നടത്തുന്നത്. 20 വര്‍ഷത്തിലേറെയായി തീര്‍ഥാടനകാലത്തെ വരവില്‍നിന്നാണ് ഹ്രസ്വകാല നിക്ഷേപം നടത്തിയിരുന്നത്.
കഴിഞ്ഞതവണ 194 കോടി ലഭിച്ചയിടത്ത് ഇത്തവണ ഇതുവരെ 116 കോടി മാത്രമാണ് നിക്ഷേപം.
1950ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു റിലീജിയസ് ആക്ടുപ്രകാരം സര്‍ക്കാര്‍ നല്‍കിയിരുന്ന വാര്‍ഷിക വിഹിതം അരനൂറ്റാണ്ടിനുശേഷം 40 ലക്ഷത്തില്‍നിന്ന് 80 ലക്ഷമാക്കിയെങ്കിലും കാലാനുസൃത വര്‍ധന ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോവാന്‍ സി.പി.എം. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. ഇതിനായി കൊല്‍ക്കത്ത പ്‌ളീനം നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കാനും ധാരണയായി.
ബഹുജനാടിത്തറ ശക്തിപ്പെടുത്താന്‍ സംഘടനയില്‍ അടിമുടി മാറ്റങ്ങളാണ് 2015ല്‍ കൊല്‍ക്കത്തയില്‍നടന്ന പ്‌ളീനം നിര്‍ദേശിച്ചത്. ശബരിമല വിഷയത്തില്‍ അകന്നുപോയ വിശ്വാസികളെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്നാണ് അപ്രതീക്ഷിതമായ തകര്‍ച്ചനേരിട്ട കേരള ഘടകത്തിനുള്ള നിര്‍ദേശം. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനുള്ള അടവുനയത്തിനെതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശം ഉയര്‍ന്നു. എന്നാലത് കേന്ദ്രകമ്മിറ്റി അംഗീകരിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ച വിഷയമായതിനാല്‍ മറ്റുചര്‍ച്ചകളിലേക്ക് കടന്നില്ലെന്നാണ് അറിയുന്നത്.
കേരളത്തില്‍ ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വോട്ടുകള്‍ വന്‍തോതില്‍ ചോര്‍ന്നുപോയെന്നാണ് തിരഞ്ഞെടുപ്പുഫലം അവലോകനംചെയ്ത കേന്ദ്രകമ്മിറ്റി വിലയിരുത്തല്‍. അതേസമയം, വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് തള്ളിപ്പറയാനാവില്ല. എങ്കിലും സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തി വിശ്വാസികളുടെ പിന്തുണ വീണ്ടെടുക്കാന്‍ സംസ്ഥാനഘടകം സജ്ജമാകണം. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ത്തന്നെ മാറ്റം പ്രതിഫലിക്കുന്നതരത്തില്‍ അതിനുള്ള നടപടികളുണ്ടാവണമെന്നും കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























