കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മകളുടെ വിവാഹ ദിനത്തില്‍ അച്ഛന്‍ കുടുംബവീട്ടില്‍ ജീവനൊടുക്കി

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മകളുടെ വിവാഹ ദിനത്തില്‍ അച്ഛന്‍ കുടുംബവീട്ടില്‍ ജീവനൊടുക്കി. ചാത്തന്നൂര്‍, ഉളിയനാട് ഡീസന്റ് ജംക്ഷനു സമീപം പ്രസാദ് ഭവനില്‍ ബി ശിവപ്രസാദിനെയാണ് (46) ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇദ്ദേഹത്തിന്റെ മകള്‍ നീതുവിന്റെ വിവാഹമായിരുന്നു ഇന്നലെ.
ചിറക്കരത്താഴത്ത് ഇന്നലെ പുലര്‍ച്ചെ 5.30നു കുളിക്കാന്‍ പോയ ശിവപ്രസാദിനെ ഏറെ നേരം കഴിഞ്ഞും കാണാതെ വന്നതോടെയാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് കുടുംബവീടിന് സമീപം ശിവപ്രസാദിന്റെ ബൈക്ക് കണ്ടെത്തി. പിന്നീട് നടത്തിയ തിരച്ചിലില്‍ ഈ വീടിനകത്ത് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മകള്‍ക്ക് നല്‍കാനാഗ്രഹിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നല്‍കാന്‍ സാധിക്കാതെ വന്നതിന്റെ മനോവേദനയിലാണ് ആത്മഹത്യയെന്ന് കരുതുന്നു. വീടും പുരയിടവും വിറ്റ് മകളുടെ വിവാഹം നടത്താനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. ഇതിനായി സഹകരണ ബാങ്കില്‍ ഉണ്ടായിരുന്ന കടം വീട്ടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. ചാത്തന്നൂരിലെ സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പ കുടിശിക ആയതോടെ ബാങ്കില്‍ നിന്നു നോട്ടീസ് അയച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്ബ് ബാങ്ക് അധികൃതര്‍ വീട്ടില്‍ എത്തുകയും ചെയ്തിരുന്നു.
അതേസമയം, സ്വര്‍ണ്ണാഭരണങ്ങളില്ലാതെ തന്നെ വിവാഹം നടത്താമെന്നു വരനും ബന്ധുക്കളും ഉറപ്പു നല്‍കിയിരുന്നുവെന്നാണ് വിവരം. ശിവപ്രസാദിന്റെ മരണ വിവരം പുറത്തറിയിക്കാതെ ബന്ധുക്കള്‍ മകളുടെ താലികെട്ട് നടത്തുകയായിരുന്നു. താലികെട്ട് കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടത്. നീതുവിനെ പൂതക്കുളം പുന്നേക്കുളം സ്വദേശിയായ ആര്‍എസ് ബിജുവാണു വിവാഹം ചെയ്തത്. ഭാര്യ ജലജ. നിതിൻ, പ്രീജ എന്നിവരാണു മറ്റു മക്കൾ.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ ഉത്തരവാദിത്വമുള്ള മാതാപിതാക്കൾ തങ്ങളുടെ അദ്ധ്വാനത്തിന്റെയും സമ്പത്തിന്റെയും ഓഹരി മക്കൾക്ക് നൽകുന്നതിൽ ഉത്സുകരാണ്. തങ്ങൾക്കില്ലാത്തത് എന്തൊക്കെയോ ഉണ്ടെന്ന് കാട്ടിക്കൂട്ടുവാനുള്ള വ്യഗ്രത പല വിവാഹവേളയിലും ദൃശ്യമാണ്. അത് വിവാഹത്തിന്റെ ക്ഷണക്കത്ത് അടിക്കുമ്പോൾ മുതൽ തുടങ്ങും.
എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത് എന്ന് ഹാർവി ലിവിങ്സ്റ്റൺ എന്ന സാമ്പത്തികശാസ്ത്രജ്ഞൻ വളരെ മനോഹരമായി മനുഷ്യന്റെ പ്രകടനപരതയെ വിശദമാക്കുന്നുണ്ട്. ബാൻഡ് വാഗൻ, സ്നോബ്, വെബ്ലൻ എന്നീ മൂന്ന് ഇഫക്ടുകളായിട്ടാണ് അദ്ദേഹം ഇതിനെ ചിത്രീകരിക്കുന്നത്. മറ്റുള്ളവർക്കൊക്കെ ഉള്ളതുകൊണ്ട് എനിക്കുവേണം. എന്ന് ബാൻഡ് വാഗൻ ഇഫക്ട് പറയുമ്പോൾ മറ്റുള്ളവർക്കാർക്കും ഇല്ലാത്തതുകൊണ്ട് എനിക്ക് വേണം എന്നതാണ് സ്നോബ് ഇഫക്ട് പറയുന്നത്.
എല്ലാവരും ആയിരക്കണക്കിനാൾക്കാരെ വിളിച്ച് സദ്യ നടത്തുമ്പോൾ നമ്മൾ എന്തിന് കുറയ്ക്കണം എന്നതാണ് ബാൻഡ്‌വാഗൻ ഇഫക്ടിലൂടെയുള്ള ചോദ്യം. മാത്രവുമല്ല വിളിക്കാൻ ധാരാളം പേരുമുണ്ട്. പക്ഷെ അത് പെൺവീട്ടുകാരുടെ ഓഹരി ഉപയോഗിച്ചുവേണം എന്ന ചിന്തയാണ് തെറ്റ്.
ഇനി അവളുടെ കാര്യങ്ങളെല്ലാം ഞങ്ങളെല്ലെ നോക്കുന്നത് എന്ന് ചിന്തിക്കുമ്പോഴും അവളും കൂടി ജോലിചെയ്താണ് ജീവിതം നയിക്കുന്നത് എന്ന് സൗകര്യപൂർവം മറന്നുപോവുന്നു. വരനും വധുവും രഥത്തിൽ യാത്ര ചെയ്യുന്നത് അപൂർവമായതുകൊണ്ട് എനിക്കും ആവണം എന്ന സ്നോബ് ഇഫക്ടും കടം വർധിപ്പിക്കുന്നു. താരതമ്യേന വില കുറഞ്ഞ വസ്തുക്കൾ ലഭ്യമാവുമ്പോഴും വിലയേറിയതിന്റെ പിന്നാലെ പോവുന്ന വെബ്ലൻ ഇഫക്ടും കൂടി ചേരുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോവുന്നു. മകളുടെ വിവാഹത്തോടെ ഉണ്ടായിരുന്ന കിടപ്പിടം പോലും നഷ്ടപ്പെട്ട ധാരാളം കുടുംബങ്ങൾ നമുക്ക് ചുറ്റുമുണ്ട്.
https://www.facebook.com/Malayalivartha

























