റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാത്ത ഉദ്യോഗസ്ഥന് പണികിട്ടി

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിലെ നിര്‍ണ്ണായകമായ 73 തൊണ്ടിമുതലുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു. 2018 ആഗസ്റ്റ് 21 മുതല്‍ എട്ട് തവണ കോടതി ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനാല്‍ റിപ്പോര്‍ട്ട് സഹിതം മാര്‍ച്ച് 23 ന് ഫോറന്‍സിക് ഡയറക്ടര്‍ നേരിട്ട് ഹാജരാകാന്‍ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ ഡി വൈ എസ് പി : പി . അനില്‍കുമാര്‍ ജൂലൈ 23 ന് കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം ബോധിപ്പിക്കാനാണുത്തരവ്. കേസ് പരിഗണിച്ചപ്പോള്‍ ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും ഒരു പൊലീസുകാരനും കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്താന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടറോട് കോടതി ആദ്യം വിശദീകരണം തേടിയിരുന്നു. 2018 ആഗസ്റ്റ് 21 , സെപ്റ്റംബര്‍ അഞ്ച് , സെപ്റ്റംബര്‍ 26 , ഒക്ടോബര്‍ 25 , ഡിസംബര്‍ 5 , 2019 ജനുവരി 4 , ഫെബ്രുവരി 6 , ഫെബ്രുവരി 27 എന്നീ തീയതികളിയായി എട്ട് തവണ ഉത്തരവിട്ടിട്ടും കോടതി ഉത്തരവിനോട് അലംഭാവം കാട്ടിയതിന് ലാബധികൃതരെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. എല്ലാത്തവണയും റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സമയം തേടി അപേക്ഷ സമര്‍പ്പിക്കാത്തതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഡയറക്ടറുടെ നിഷ്‌ക്രിയത്വവും നിരുത്തരവാദിത്ത്വവും ജുഡീഷ്യല്‍ നടപടിയെയും നീതിന്യായ നിര്‍വ്വഹണത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഡയറക്ടറുടെ അലംഭാവം കോടതി അലക്ഷ്യക്കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
ജൂലൈ 23 ന് മൂന്ന് പ്രതികളെയും ഹാജരാക്കാനും റിമാന്റ് വാറണ്ടുത്തരവിലൂടെ കോടതി ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകുകയും മറ്റ് ആറ് പ്രതികള്‍ക്ക് വേണ്ടി അവധി അപേക്ഷയും കോടതി മുമ്പാകെ സമര്‍പ്പിച്ചു. ഇതിനിടെ റിമാന്റ് പ്രതികളെ കോടതി കൂടിയ 11 മണിക്ക് ഹാജരാക്കാത്തതിന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
കൊല്ലപ്പെട്ട രാജേഷിന്റെ വസ്ത്രങ്ങള്‍, പ്രതികള്‍ കൃത്യത്തി സപയോഗിച്ച വാള്‍, വെട്ടുകത്തി , പ്രതികള്‍ കൃത്യ സമയം ധരിച്ച വസ്ത്രങ്ങള്‍, വാടക കാറില്‍ നിന്നും ശേഖരിച്ച തെളിവുകള്‍, കൊല നടന്ന സ്റ്റുഡിയോയില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ , രക്തക്കറ എന്നിവയുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്.
പ്രതികള്‍ക്കെതിരെ കേസില്‍ കുറ്റം ചുമത്തുന്നതിനും വിചാരണ ചെയ്യുന്നതിനും ഇവ അത്യന്താപേക്ഷിതമാണ്. ശാസ്ത്രീയ തെളിവുകള്‍ കോടതിയില്‍ തെളിയിക്കപ്പെടുന്നത് ഫോറന്‍സിക് ലാബില്‍ നിന്നുള്ള സാക്ഷ്യപത്ര റിപ്പോര്‍ട്ടിലൂടെയാണ്. കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് 2018 ജൂലൈ 2നാണ്. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി രണ്ടിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 146 പേരടങ്ങുന്ന സാക്ഷിപ്പട്ടിക യോടൊപ്പം 73 തൊണ്ടി മുതലുകളും തൊണ്ടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു.
2018 മാര്‍ച്ച് 27 ന് വെളുപ്പിന് 1. 40 മണിക്കാണ് മടവൂര്‍ മെട്രാസ് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വാടകക്കൊലയാളികളായ പ്രതികള്‍ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങള്‍ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. രാജേഷിനൊപ്പം സ്റ്റുഡിയോയിലുണ്ടായിരുന്ന വെള്ളല്ലൂര്‍ സ്വദേശി കുട്ടനെയും അക്രമികള്‍ വെട്ടിയിരുന്നു. പതിനഞ്ചിലധികം മാരകമായ വെട്ടുകളേറ്റ രാജേഷ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.
ഓച്ചിറ സ്വദേശിയും ഖത്തറില്‍ ജിംനേഷ്യവും ബിസിനസ്സ് സാമ്രാജ്യങ്ങളുമുള്ള അബ്ദുള്‍ സത്താര്‍ എന്നയാളിന്റെ ഭാര്യയും നര്‍ത്തകിയുമായ മെറ്റില്‍ഡാ സോളമനും ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മില്‍ പ്രണയത്തിലാവുകയും സത്താറിന്റെ എതിര്‍പ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടര്‍ന്നതുമാണ് ക്വട്ടേഷന്‍ കൊലയ്ക്ക് കാരണമെന്നാണ് പോലീസ് കേസ്. ഖത്തറില്‍ വച്ച് കൊലപാതകം ആസൂത്രണം ചെയ്ത ശേഷം കൃത്യം നടപ്പിലാക്കാന്‍ ജിംഘാനയിലെ ട്രെയിനറായ ഓച്ചിറ സ്വദേശി അലിഭായിയെ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു.വ്യവസായത്തിലെ പങ്കാളിത്തമുള്‍പ്പെടെ വന്‍ വാഗ്ദാനങ്ങളാണ് സത്താര്‍ ഇതിനായി അലിഭായിക്ക് നല്‍കിയത്.
https://www.facebook.com/Malayalivartha

























