സി.പി.ഐയിലും സി.പി.എമ്മിലും നേതൃദാരിദ്ര്യം; സി.പി.ഐക്കും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ നേതാവ് സി.ദിവാകരൻ

സി.പി.ഐക്കും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ നേതാവ് സി.ദിവാകരൻ രംഗത്ത്. സി.പി.ഐയിലും സി.പി.എമ്മിലും നേതൃദാരിദ്ര്യമാണ് നിലവിൽ നിലനിൽക്കുന്നതെന്ന് സി.ദിവാകരൻ പറഞ്ഞു. വെളിയം ഭാർഗവന്റേയും സി.കെ.ചന്ദ്രപ്പന്റേയും വി.എസ്.അച്യുതാനന്ദന്റേയും ശൈലിക്ക് പിന്തുടർച്ചയുണ്ടാകുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതാക്കളിൽ നിന്ന് ജനങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്നും ദിവാകരൻ പ്രമുഖ വാർത്താ ചാനലിനോട് വ്യക്തമാക്കി.
തിരഞ്ഞെടുപ്പുതോൽവി ഇടതുപക്ഷത്തിന് പാഠമാകണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ വികാരം വൃണപ്പെടുത്തരുതെന്നും പ്രവർത്തനശൈലി മാറണമെന്നും ദിവാകരൻ പറഞ്ഞു. രാഷ്ട്രീയപക്വത കാട്ടിയാൽ ജനവിശ്വാസം തിരിച്ചുപിടിക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസികൾ എതിരായത് ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു.
പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയെന്നന്നും ബിജെപി വളര്‍ച്ച തടയാന്‍ അടിയന്തര നടപടി വേണമെന്നും സംസ്ഥാന സമിതി നിര്‍ദ്ദേശിചിരുന്നു. ശബരിമലയില്‍ പാര്‍ട്ടി നിലപാട് ശരിയെങ്കിലും ജാഗ്രതക്കുറവുണ്ടായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സി.പി.എമ്മിനുണ്ടായ ജാഗ്രതക്കുറവ് ബി.ജെ.പി മുതലെടുത്തതായി വിലയിരുത്തി. സഖാക്കള്‍ ബി.ജെ.പിയോട് അടുക്കുന്നത് തടയാന്‍ പ്രായോഗിക സമീപനം വേണമെന്നും നഷ്ടമായ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ സജീവ ഇടപെടലുണ്ടാകണമെന്നും സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചു. അതേസമയം ശബരിമലയിലെ നിലപാടില്‍ ഉറച്ചു നില്‍ക്കും എന്ന തീരുമാനം തന്നെയാണ് സംസ്ഥാന സമിതിയ്ക്ക് ഉള്ളത്.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും പരാജയപ്പെട്ടത് രാഷ്ട്രീയ സംഘടനാ സംവിധാനത്തിലു ണ്ടായ വീഴ്ചയാണ്. ശബരിമലയുടെ കാര്യത്തില്‍ വോട്ടര്‍മാര്‍ തെറ്റിദ്ധരിക്കപ്പെട്ടത് വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായി.. ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും സമിതിയില്‍ ആവശ്യമുയര്‍ന്നു.
പിണറായി വിജയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. ഇടത് നയങ്ങൾക്ക് അനുസരിച്ചല്ല സർക്കാർ നീങ്ങുന്നതെന്നാണ് കത്തിലെ പ്രധാന വിമർശനം. ഇത് തിരുത്തണമെന്നും അല്ലെങ്കിൽ അത് ദോഷം ചെയ്യുമെന്നും വി.എസ്.പറഞ്ഞിട്ടുണ്ട്. നേരത്തെയും സംസ്ഥാന സർക്കാർ നിലപാട് ചോദ്യം ചെയ്ത് വി.എസ്.അച്യുതാനന്ദൻ സംസ്ഥാന സർക്കാരിന് കത്തയച്ചിട്ടുണ്ട്. ശബരിമല വിഷയം നടക്കുന്ന സമയത്ത് ഇടത് നിലപാട് ശരിയാണെന്ന് പറഞ്ഞുള്ളതായിരുന്നു വി.എസ്.നടത്തിയ പ്രസ്താവന.
കേരള പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ നിലപാട് ഇടതുപക്ഷ ആശയങ്ങള്‍ക്ക് വിരുദ്ധമെന്ന് ഭരണപരിഷകാര ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്‍ ആഞ്ഞടിച്ചു.
സര്‍ക്കാര്‍ നിലപാടുകള്‍ ഇടത് ആശയങ്ങളുമായി ഒത്തുപോകുന്നില്ലന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇടത് ആശയങ്ങള്‍ക്ക് പിഴവ് വരുത്തിയാല്‍ അത് ജനവിശ്വാസം തകരുന്നതിനിടയാക്കുമെന്നും സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും വി.എസ്.അച്യുതാനന്ദന്‍ പിണറായി വിജയന് എഴുതിയ കത്തിൽ വ്യക്തമാക്കി. കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും വി.എസ്.കത്തില്‍ ആവശ്യപ്പെട്ടു.
പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്കാരത്തില്‍ സര്‍ക്കാര്‍ ഇടപെടുക, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തില്‍ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലുമെല്ലാം വേണ്ടത്ര ജാഗ്രത പുലര്‍ത്താതിരിക്കുക എന്നീ കാര്യങ്ങളില്‍ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്ന് കാണിച്ചുള്ള കത്ത് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് നൽകി. ഇടതുപക്ഷ നിലപാടുകളുടെ നിരാസമാണെന്ന് വ്യാഖ്യാനിക്കാവുന്ന നടപടികള്‍ ജനങ്ങളുടെ അവിശ്വാസത്തിന് കാരണമാവും. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും, നിലം നികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകള്‍ വ്യക്തമാണ്. അത്തരം കാര്യങ്ങളില്‍ സംഭവിക്കുന്ന പിഴവുകള്‍ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് വി.എസ് കത്തിൽ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























