നെടുമങ്ങാട്ട് നിന്നും കാണാതായ പതിനാറുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്നു പൊലീസ്; കഴുത്തു ഞെരിച്ച് കൊന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്... അമ്മയ്ക്കും കാമുകനുമെതിരെ കൊലക്കുറ്റം ചുമത്തി; കൊല നടന്നത് ജൂണ്‍ 11ന്

രണ്ടാഴ്ച മുമ്പ് നെടുമങ്ങാട്ട് കാണാതായ പതിനാറുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്നു പൊലീസ്. കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ജൂണ്‍ 11നാണ് കൊല നടന്നതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ മഞ്ജുഷയ്ക്കും കാമുകന്‍ അനീഷിനുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. പീഡനം നടന്നിട്ടുണ്ടോയെന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയയ്ക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
മഞ്ജുവിന്റെ കാമുകന്‍ അനീഷിന്റെ വീടിന് സമീപമുള്ള പൊട്ടക്കിണറ്റിലാണ് പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് പറണ്ടോട് സ്വദേശി മഞ്ജുഷയുടെ മകളായ പതിനാറുകാരിയെ ഈമാസം പത്തു മുതലാണ് കാണാതായത്. മകളെ അന്വേഷിക്കാന്‍ തിരുപ്പൂരിലേക്ക് പോകുകയാണെന്ന് വീട്ടില്‍ പറഞ്ഞശേഷം മഞ്ജുഷ കാമുകനായ അനീഷിനൊപ്പം നാടുവിട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നതോടെ മഞ്ജുഷയുടെ അച്ഛന്‍ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മഞ്ജുഷയേയും അനീഷിനേയും തമിഴ്‌നാട്ടില്‍ വച്ച് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് മകള്‍ തൂങ്ങിമരിച്ചെന്നും മൃതദേഹം കിണറ്റില്‍ തള്ളിയെന്നും മൊഴിനല്‍കിയത്. മഞ്ജുഷയുടെ വീട്ടില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെ കരിപ്പൂര്‍ കാരാന്തലയിലുള്ള അനീഷിന്റെ വീടിനടുത്താണ് മൃതദേഹം ഉപേക്ഷിച്ചത്. രാത്രി അനീഷിന്റെ ബൈക്കില്‍ഇരുത്തിയാണ് മൃതദേഹം ഇവിടെ എത്തിച്ച് കിണറ്റില്‍ ഹോളോബ്രിക്‌സ് കെട്ടിത്താഴ്ത്തിയത്. വഴക്കുപറഞ്ഞതിനാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു മഞ്ജുഷയുടെ മൊഴി.
https://www.facebook.com/Malayalivartha
























