അന്ന് ഞാന്‍ കൂടി നേരത്തെ എഴുന്നേറ്റിരുന്നെങ്കില്‍....

കണ്ണൂര്‍ സ്വദേശിയായ സനോജ് അടുക്കള ജോലിക്കിടയില്‍ ഭാര്യയ്ക്കുണ്ടായ അപകടത്തെ നേരിട്ടതിനെക്കുറിച്ചുള്ള യുവാവിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ് ഇപ്പോള്‍ ഫേയ്‌സ്ബുക്കില്‍ വൈറലാകുകയാണ്. രാവിലെ പാചകത്തിനിടയില്‍ മിക്‌സിയില്‍ കൈ പെടുകയും വിരല്‍ മുറിഞ്ഞുപോകുകയും ചെയ്തു. ഭാര്യയുമായി ആശുപത്രിയിലേക്കുള്ള പരക്കംപാച്ചിലും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് അദ്ദേഹം തന്റെ കുറിപ്പില്‍ പങ്കുവെച്ചിരിക്കുന്നത്.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രക്തം കണികണ്ടുണര്‍ന്ന ദിനം.
(അനുഭവം)
സീന്‍ 1
വീട്
14.06.19 (വെള്ളിയാഴ്ച്ച)
ക്ലാസ്സ് ഇല്ലാത്തതിനാല്‍ രാവിലെ ഏഴ് മണി കഴിഞ്ഞിട്ടും ഞാന്‍ കിടക്കയില്‍ തന്നെയായിരുന്നു. ഉണര്‍ന്നിട്ടും ഉണരാത്ത മട്ടില്‍ പാതിയുറക്കത്തില്‍ കിടക്കുമ്‌ബോഴാണ് അവളുടെ നിലവിളി കേള്‍ക്കുന്നത്. ഞെട്ടിയുണരുമ്‌ബോള്‍ ആദ്യ കാഴ്ച അടുക്കളയില്‍ നിന്നും അവള്‍ നിലവിളിച്ചുകൊണ്ട് ഓടി വരുന്നതാണ്. എന്തെങ്കിലും മനസിലാകും മുന്‍പ് അവള്‍ ഓടി അടുത്തെത്തി. വലത്തേ കൈ മുഴുവന്‍ രക്തത്തില്‍ കുളിച്ചിരിക്കുന്നു. രക്തം കൈയ്യില്‍ നിന്നും എടുത്ത് മറിയുകയാണ്. മിക്‌സിയില്‍ കൈ ആയെന്നു മാത്രം വേദന സഹിക്കാനാവാതെ നിലവിളിക്കുന്നതിനിടയില്‍ അവള്‍ പറയുന്നുണ്ടായിരുന്നു. ഒറ്റ നോട്ടമേ കൈയിലേക്ക് നോക്കാനായുള്ളൂ. പെട്ടെന്ന് കൈയ്യില്‍ കിട്ടിയ ഒരു തോര്‍ത്തെടുത്ത് അവളുടെ കൈയ്യില്‍ ചുറ്റി കാറിന്റെ കീയുമെടുത്ത് അവളെയും കൊണ്ട് പുറത്തിറങ്ങി. വീട് പൂട്ടാന്‍ പോലും നില്‍ക്കാതെ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് വിട്ടു. ആശ്വാസവാക്കുകള്‍ക്കൊന്നും അവള്‍ അനുഭവിക്കുന്ന വേദന അല്‍പ്പം പോലും കുറക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും ധൈര്യം കൊടുക്കാന്‍ ഞാന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. നിസ്സഹായതയുടെ അങ്ങേയറ്റം കാണുകയായിരുന്നു ഞാന്‍.
സീന്‍ 2
പള്ളൂര്‍ ഗവണ്മെന്റ് ഹോസ്പിറ്റല്‍.
മിനിറ്റുകള്‍ക്കുള്ളില്‍ ഹോസ്പിറ്റലില്‍ എത്തി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ അവളുടെ കൈയ്യില്‍ കെട്ടിയ തോര്‍ത്തു അഴിച്ചു പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്യുന്നു. അകത്തു കയറാന്‍ അനുവാദമില്ലാത്തതിനാല്‍ പുറത്തു നിന്ന് ജനാലയിലൂടെ വേദനകൊണ്ട് കരയുന്ന അവളോട് എന്തൊക്കെയോ ആശ്വാസവാക്കുകള്‍ ഞാന്‍ പറയുന്നുണ്ട്. ഡോക്ടര്‍ അതിനിടയില്‍ പുറത്തേക്കു വന്നു പറഞ്ഞു. വലത്തേ കൈയ്യുടെ മോതിരവിരലിന്റെ നഖത്തിന്റെ മുക്കാല്‍ ഭാഗത്തോളം വിരല്‍ അറ്റുപോയിട്ടുണ്ട് അത് വീട്ടിലാണ് ഉണ്ടാവുക ആരോടെങ്കിലും അത് എത്രയും പെട്ടെന്ന് എത്തിക്കാന്‍ പറയണം. മിക്‌സിയുടെ ജാറില്‍ കാണും. മാത്രമല്ല എത്രയും പെട്ടെന്ന് സൗകര്യമുള്ള ഒരു ഹോസ്പിറ്റലില്‍ സര്‍ജനെ കാണണം.
ഞങ്ങള്‍ രണ്ടുപേര്‍ മാത്രം താമസിക്കുന്നതുകൊണ്ട് വീട്ടില്‍ വേറെ ആരുമില്ലാത്തതിനാല്‍ അവളെ അവിടെ നിര്‍ത്തി ഞാന്‍ വീട്ടിലേക്ക്.
സീന്‍ 3
വീട്
വീട്ടില്‍ തിരിച്ചെത്തി ഞാന്‍ അകത്തു കടന്നു. അടുക്കള മുതല്‍ ബെഡ്‌റൂം വരെ അവള്‍ എന്റടുത്തേക്ക് ഓടിവന്ന വഴി മുഴുവന്‍ രക്തം. വീട് മുഴുവന്‍ ചോരയുടെ മണം. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് മിക്‌സിയുടെ ജാര്‍ നോക്കിയെങ്കിലും അതില്‍ ഇല്ല. മിക്‌സിക്ക് ചുറ്റും അരച്ചത് തെറിച്ചിരിക്കുന്നു. ഞാന്‍ ചുറ്റും നോക്കി. അവിടെങ്ങുമില്ല. അടുത്തുള്ള പാത്രങ്ങളിലും വാഷ് ബേസിനിലും എല്ലാം നോക്കി എവിടെയും ഇല്ല. സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു. അവള്‍ ഓടിവന്ന വഴിയില്‍ രക്തം തെറിച്ചു വീണിടത്തൊക്കെ നോക്കി. എങ്ങുമില്ല. പത്ത് മിനിറ്റോളമായി നോക്കാന്‍ തുടങ്ങിയിട്ട്. എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങള്‍. ബാക്കി മൂന്നു വിരലിനു കൂടി സാരമായ മുറിവുണ്ട്. എത്രയും പെട്ടെന്ന് അവളെ മറ്റൊരു ആശുപത്രിയില്‍ എത്തിക്കുകയും വേണം. ഞാന്‍ മൊബൈലും പഴ്‌സും എടുത്ത് ഡോര്‍ പൂട്ടി പുറത്തേക്കിറങ്ങാന്‍ നോക്കി. ഒന്നുകൂടി അടുക്കളയില്‍ നോക്കാന്‍ മനസ്സ് പറഞ്ഞു. ഞാന്‍ വീണ്ടും അടുക്കളയില്‍ കയറി അവസാന വട്ട തിരച്ചിലിനൊടുവില്‍ പാത്രങ്ങള്‍ വയ്ക്കുന്ന സ്റ്റാന്‍ഡിന്റെ താഴെനിന്ന് എനിക്കത് കിട്ടി. സന്തോഷമോ സങ്കടമോ എന്നറിയാത്ത വികാരം. ഞാനതെടുത്ത് കൈയ്യില്‍ കിട്ടിയ പ്ലാസ്റ്റിക് കവറിലാക്കി വീടും പൂട്ടി ആശുപത്രിയിലേക്ക്.
സീന്‍ 4
പള്ളൂര്‍ ഗവണ്മെന്റ് ആശുപത്രി
ഞാനെത്തുമ്‌ബോഴേക്കും അവളുടെ കൈ പ്രാഥമികമായി ഡ്രസ്സ് ചെയ്ത് കഴിഞ്ഞിരുന്നു. അവളെയും കൊണ്ട് കാറില്‍ കയറി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്‌ബോള്‍ ആണ് അടുക്കളയില്‍ ഗ്യാസ് ഓഫ് ചെയ്തിട്ടില്ലെന്ന് അവള്‍ പറയുന്നത്. അറ്റുപോയ വിരല്‍ ഭാഗം എടുക്കാന്‍ പോയ ടെന്‍ഷനില്‍ ഞാന്‍ അത് ശ്രദ്ധിച്ചുമില്ല. വീടിന്റെ താക്കോല്‍ പള്ളൂര്‍ ആശുപത്രിയിലെ നഴ്‌സിനെ ഏല്‍പ്പിച്ചു. പലരെയും ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയത് എക്‌സലിലെ വിനീഷ് സാറിനെയാണ്. െ്രെഡവ് ചെയ്യുന്നതിനിടയില്‍ വിനീഷ് സാറിനോട് ഫോണില്‍ കാര്യം പറഞ്ഞു. സാര്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞതിന്റെ ധൈര്യത്തില്‍ അതിവേഗത്തില്‍ കാര്‍ ഇന്ദിരാ ഗാന്ധി കോഓപ്പറേറ്റിവ് ഹോസ്പിറ്റലിലേക്ക്.
സീന്‍ 5
ഇന്ദിരാ കോഓപ്പറേറ്റിവ് ഹോസ്പിറ്റല്‍
കാഷ്വാലിറ്റിയില്‍ ഉള്ള ഡോക്ടറോടും നഴ്‌സുമാരോടും സംഭവിച്ചത് ചുരുക്കി വിവരിക്കുന്ന ചടങ്ങായിരുന്നു ആദ്യം. സമയം പൊയ്‌ക്കൊണ്ടിരുന്നു. വൈകും തോറും അറ്റുപോയ വിരല്‍ ഭാഗം തുന്നിച്ചേര്‍ക്കാന്‍ കഴിയാതിരിക്കുമോ എന്ന ടെന്‍ഷന്‍ എന്റെ ഉള്ളില്‍ കിടന്നു നീറുമ്‌ബോഴും വിരലിന്റെ കാര്യം അറിയാതെ വേദന തിന്നുന്ന അവളെ ആശ്വസിപ്പിക്കേണ്ടി വരുന്ന വല്ലാത്തൊരു മാനസികാവസ്ഥ. വിവരമറിഞ്ഞു പലരും വിളിക്കുന്നു. അതിനിടയില്‍ എക്‌സ്‌റേ എടുത്തതിന്റെ ഉള്‍പ്പെടെ എവിടെയൊക്കെയോ ബില്ലടക്കാനുള്ള കടലാസുകള്‍ ആരൊക്കെയോ കൊണ്ടുവരുന്നു. അതിനു വേണ്ടി ഓടുന്നു. അവിടുന്ന് വേണ്ടതെല്ലാം ചെയ്യും എന്ന് ആശ്വസിച്ചിരിക്കുമ്‌ബോഴാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടി വരുമെന്നും ഡോക്ടര്‍ കൊടുവള്ളി കോഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ആണുള്ളതെന്നും അറിയിക്കുന്നത്. വൈകാതെ അവളെയും കൊണ്ട് കൊടുവള്ളിയിലേക്ക്. വേദനക്കുള്ള ഇന്‍ജെക്ഷന്‍ കൊടുത്തെങ്കിലും ഒട്ടും കുറവില്ലെന്നു പറഞ്ഞു അവള്‍ വേദന കടിച്ചമര്‍ത്തുന്നു. പ്രിയപ്പെട്ടവര്‍ വേദനിക്കുമ്‌ബോള്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്നതാണ് ജീവിതത്തിലെ ഏറ്റവും ഗതികെട്ട അവസ്ഥ എന്ന് തോന്നുന്നു. രാവിലെ 8.30 നു മുന്‍പായ്ത് കൊണ്ട് തലശ്ശേരിയിലെ ബ്ലോക്കിലൊന്നും പെടാതെ മൂന്നാമത്തെ ഹോസ്പിറ്റലില്‍ എത്തി.
സീന്‍ 6
കൊടുവള്ളി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍
ആദ്യം കാഷ്വാലിറ്റിയിലും പിന്നീട് അവിടുന്ന് ഓപ്പറേഷന്‍ തീയറ്ററിലേക്കും. സമയം 9 മണി കഴിഞ്ഞിരുന്നു. ഡോക്ടര്‍ വരാന്‍ പിന്നെയും ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു(വേറൊരു ഓപ്പറേഷനില്‍ ആണ് ഡോക്ടര്‍ എന്ന് നഴ്‌സ് പറഞ്ഞു). ഡോക്ടര്‍ വന്നപ്പോള്‍ പ്രീ ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് എന്നെ വിളിപ്പിച്ചു. ആഭരണങ്ങള്‍ ഊരി വാങ്ങാനും ഓപറേഷനുള്ള സമ്മതം ഒപ്പിട്ടുനല്കാനുമായിരുന്നു അത്. അവള്‍ വേദന കടിച്ചമര്‍ത്തി കിടക്കുന്നു. അടുത്ത് ചെന്നപ്പോള്‍ ഇപ്പോള്‍ തനിക്കെല്ലാം അറിയാമെന്നും നഴ്‌സുമാരുടെ സംസാരത്തില്‍ നിന്നും കൈക്ക് കാര്യമായി പറ്റിയിട്ടുണ്ടെന്ന് മനസിലായെന്നും അവള്‍ പറഞ്ഞു. ഞാന്‍ എന്തൊക്കെയോ പറഞ്ഞു വീണ്ടും ആശ്വസിപ്പിക്കുന്നു. ആഭരണങ്ങളെല്ലാം ഊരി മാറ്റി ഞാന്‍ പുറത്തിറങ്ങാന്‍ നോക്കുമ്‌ബോള്‍ അവള്‍ ഒന്നേ ചോദിച്ചുള്ളൂ.. എനിക്ക് എഴുതാനാകുമോ?
എല്ലാം ശെരിയാവുമെന്നു പറഞ്ഞു തലതടവി ആശ്വസിപ്പിച്ച് ഞാന്‍ പുറത്തിറങ്ങി.
കുറച്ചു സമയം കഴിഞ്ഞു ഡോക്ടര്‍ എന്നെ വീണ്ടും വിളിപ്പിച്ചു. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വിശദീകരിച്ചു. മോതിരവിരലിന്റെ അറ്റുപോയ ഭാഗം തുന്നിച്ചേര്‍ക്കാന്‍ ആവില്ലെന്നും ബാക്കി മൂന്നു വിരലിനു സാരമായ മുറിവുള്ളതിനാല്‍ കാലില്‍ നിന്ന് മാംസമെടുത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുകയാണെന്നും പറഞ്ഞു. അവള്‍ക്ക് എഴുതാനാവില്ലേ എന്ന് മാത്രമേ എനിക്ക് ഡോക്ടറോട് ചോദിക്കാന്‍ തോന്നിയുള്ളൂ. മൂന്നാഴ്ചയോളം കഴിഞ്ഞാല്‍ ഫിസിയോ തെറാപ്പി ചെയ്യേണ്ടി വരുമെന്നും ഭാവിയില്‍ എഴുതാന്‍ കുഴപ്പമൊന്നും ഉണ്ടാവില്ലെന്നും ഡോക്ടര്‍ പറഞ്ഞു. എഴുതാന്‍ പറ്റുമെന്നു ഡോക്ടര്‍ പറഞ്ഞ വിവരം അവളെ അറിയിച്ച് ആശ്വസിപ്പിച്ച് ഞാന്‍ പുറത്തിറങ്ങി. പിന്നെ ഓപ്പറേഷന്‍ തിയറ്ററിനു പുറത്ത് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്.
എല്ലാം കഴിഞ്ഞു സന്ധ്യയോടെ അവളെ റൂമിലേക്ക് മാറ്റി.
റൂമിലെത്തിയതിനു ശേഷമാണ് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവളോട് ചോദിച്ചറിയുന്നത്. മിക്‌സി പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ ദോശ ചുടാന്‍ പോയതാണ്. അതിനിടയില്‍ മിക്‌സിയുടെ മൂടി പൊങ്ങിവരുന്നത് ശ്രദ്ധയില്‍ പെട്ട് അത് അമര്‍ത്തി അടക്കാന്‍ ചെന്നതായിരുന്നു. കൈ വച്ച് അമര്‍ത്തുന്നതിനു തൊട്ടു മുന്‍പ് മൂടി തെറിച്ചു പോകുകയും കൈ മിക്‌സിക്കുള്ളിലാവുകയും ചെയ്തു. ചെറിയൊരു അശ്രദ്ധ കൊണ്ടുണ്ടായ വലിയ അപകടം.
നാല് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഡിസ്ചാര്‍ജ് ആയി അവളിപ്പോള്‍ വീട്ടില്‍ വിശ്രമിക്കുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും വേദന തിന്നിട്ടും ഒരിക്കല്‍ പോലും ദൈവത്തെ വിളിച്ചില്ലെന്നു അവള്‍ പറഞ്ഞു. ആ രീതിയില്‍ അവളുടെ ചിന്തകള്‍ വളര്‍ന്നിരിക്കുന്നു. അപകടമുണ്ടായപ്പോള്‍ അമ്ബലത്തിലേക്കോ പള്ളിയിലേക്കോ അല്ലല്ലോ ഞങ്ങള്‍ ഓടിയത്. ആശുപത്രിയിലേക്കല്ലേ.. (ഹോമിയോ, ആയുര്‍വേദ ആശുപത്രികളിലേക്കല്ല കേട്ടോ). വിരലുകള്‍ക്ക് പൂജയൊന്നുമല്ലല്ലോ ചെയ്തത് പ്ലാസ്റ്റിക് സര്‍ജറിയല്ലേ! ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്തോടെ അവളുടെ വിരലുകള്‍ സുഖം പ്രാപിച്ചു വരുന്നു.
മിക്‌സിയില്‍ കൈ കുടുങ്ങി പരിക്കേറ്റ് നിരവധി പേര്‍ ആശുപത്രിയില്‍ ഈയിടെ എത്താറുണ്ടെന്നു ഒരു നഴ്‌സ് പറഞ്ഞു. ചെറിയ ഒരു അശ്രദ്ധ കൊണ്ട് വളരെ വലിയ അപകടം ഉണ്ടായേക്കാം. മിക്‌സിയുടെ കാര്യത്തില്‍ മാത്രമല്ല വീട്ടില്‍ ഉപയോഗിക്കുന്ന പലതിന്റെയും (പ്രത്യേകിച്ച് അടുക്കളയില്‍ ഉപയോഗിക്കുന്ന ഗ്യാസ്, പ്രഷര്‍ കുക്കര്‍ തുടങ്ങിയവ) അവസ്ഥ ഇതുതന്നെയാണ്. ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന അപകടങ്ങളാണ് മിക്കതും.
ഈ അപകടത്തെ മറ്റൊരു തലത്തില്‍ കൂടി കാണേണ്ടതുണ്ടെന്നു തോന്നുന്നു. മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ കൂടി അടുക്കളയില്‍ കയറാറുണ്ടെങ്കിലും അന്ന് ഉണര്‍ന്നിട്ടും ഉണരാതെ മടിപിടിച്ചു കിടന്നു. എത്രയൊക്കെ സമത്വത്തെക്കുറിച്ച് വാചാലരാകുമ്‌ബോഴും കണ്ടും കെട്ടും ശീലിച്ചിട്ടുള്ള ആണ്‍കോയ്മയുടെ സുഖലോലുപതയില്‍ നമ്മളില്‍ പലരും പലപ്പോഴും മുഴുകാറുണ്ടെന്നു തോന്നുന്നു. അന്ന് ഞാന്‍ കൂടി നേരത്തെ എഴുന്നേറ്റിരുന്നെങ്കില്‍ അടുക്കളയില്‍ അവള്‍ക്കൊപ്പം കൂടിയിരുന്നെങ്കില്‍ അവള്‍ തിടുക്കപ്പെട്ട് അടുക്കളയില്‍ പെരുമാറേണ്ടി വരില്ലായിരുന്നു.
ഒരുപക്ഷേ അപകടം ഉണ്ടാവില്ലായിരുന്നു.
https://www.facebook.com/Malayalivartha

























