അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരാണ്ട്; കൊലപാതകത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന് കൊലക്കേസിന്‍റെ വിചാരണയ്ക്കും എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ തുടക്കമാകും

മഹാരാജാസ് കോളജിൽ കുത്തേറ്റു വീണ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകം നടന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കൊലപാതകത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന് കൊലക്കേസിന്‍റെ വിചാരണയ്ക്കും എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ തുടക്കമാകും. കഴിഞ്ഞ ജൂലൈ 2ന് അർധ രാത്രി അഭിമന്യു കൊല ചെയ്യപ്പെട്ടത്.
കൊലപാതകം നടന്ന് ഒരുവർഷം കഴിഞ്ഞിട്ടും ആക്രമണത്തിൽ പങ്കെടുത്ത 14 പേരെ പിടികൂടിയപ്പോഴും അഭിമന്യുവിനെ കുത്തിവീഴ്ത്തിയ 2 പ്രധാന പ്രതികളെ പിടികൂടാനാവാത്തത് ഒന്നാം വാർഷികത്തിലും സർക്കാരിനും പൊലീസിനും നാണക്കേടായി തുടരുന്നു.
2018 ജൂലെെ രണ്ടിന് പുലർച്ചെയാണ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാര്‍ഥിയായ അഭിമന്യു കോളേജിന് പിൻഭാഗത്തെ റോഡിന് സമീപം കുത്തേറ്റ് വീണത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്ഐയുടെ ചുവരെഴുത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മായ്ച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയിലായിരുന്നു കൊലപാതകം. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ക്യാമ്പസിൽ ഒരു വിദ്യാര്‍ഥി രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടത് വലിയ കോളിളക്കം ഉണ്ടാക്കി. 16 പ്രതികളെ ഉൾപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹൽ, സുഹൃത്ത് അര്‍ജുനിനെ കുത്തി പരുക്കേൽപ്പിച്ച ഷഹീം എന്നീ പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
കോളേജിലെ രണ്ടാം വർഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് ആണ് ഒന്നാം പ്രതി. മുഹമ്മദ് ഗൂാഢലോചന നടത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് കുറ്റപത്രം. ആകെ 16 പ്രതികളുള്ള കേസിൽ 10 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികൾ കോടതിയിൽ കീഴടങ്ങി. പിടിയിലാകാനുള്ള പ്രധാന പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 14 പ്രതികളുടെ വിചാരണ നടപടികൾ ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ തുടങ്ങും.
രണ്ടാം വർഷ ബിഎസ്‌സി(കെമിസ്ട്രി) വിദ്യാർഥിയായ അഭിമന്യു(19) എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു. കോളജിലെ കിഴക്കേ കവാടത്തിലെ മതിലിലെ ചുവരെഴുത്തിനുള്ള അവകാശ തർക്കമാണ് ആക്രമണത്തിലെത്തിയത്. എസ്എഫ്ഐ ബുക്ക് ചെയ്തിരുന്ന മതിലിൽ ക്യാംപസ് ഫ്രണ്ട് ചുവരെഴുതിയതായിരുന്നു പ്രശ്നകാരണം .
ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനു മുകളിൽ ‘വർഗീയത തുലയട്ടെ’ എന്ന് എഴുതി ചേർത്തതിനെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ചോദ്യം ചെയ്തതു സംഘർഷത്തിലെത്തി. ക്യാംപസ് ഫ്രണ്ടുകാർ അൽപ്പസമയത്തിനകം പുറത്ത് നിന്ന് എസ്ഡിപിഐക്കാരെക്കൂട്ടി മടങ്ങിയെത്തി എസ്എഫ്ഐ സംഘത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. അഭിമന്യുവിനെ അടുത്തുള്ള ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായി കുത്തേറ്റ ബിഎ മലയാളം വിദ്യാർഥി അർജുൻ ഏറെ നാളത്തെ ചികിൽസ കഴിഞ്ഞ് കോളജിൽ മടങ്ങിയെത്തി പഠനം തുടരുകയാണ്. എംഎ ഇക്കണോമിക്സ് വിദ്യാർഥിയായ വിനീത് കുമാറിനും തുടയിൽ കുത്തേറ്റിരുന്നു.
അതേസമയം അഭിമന്യുവിന്റെ ഒന്നാം ചരമ വാർഷികത്തിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ മഹാരാജാസ് ക്യാംപസിൽ നിർമിച്ച സ്മാരകം വിവാദത്തിലായിരിക്കുകയാണ്. സർക്കാർ കോളജിൽ ഭൂമി കയ്യേറി സ്മാരകം പണിയുന്നതിനെതിരെ കെഎസ്‌യു ഉൾപ്പെടെയുള്ള സംഘടനകളാണ് രംഗത്ത്. കോളജ് വികസന സമിതി അധ്യക്ഷനായ കലക്ടർക്കും പരാതി നൽകി. കോളജ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് അനധികൃത നിർമാണമെന്നും കെഎസ്‌യു ആരോപിക്കുന്നു. പ്രതിമ സ്ഥാപിക്കുകയല്ല, പ്രതികളെ പിടിക്കുകയാണ് ചെയ്യേണ്ടതെന്ന മുദ്രാവാക്യവുമായി കെഎസ്‌യു സമരവും ആരംഭിച്ചു.
https://www.facebook.com/Malayalivartha



























