ആവശ്യം വന്നാൽ രക്തസാംപിൾ നൽകണം ; ബിഹാർ സ്വദേശിനി നൽകിയ പീഡന കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചു

ബിഹാർ സ്വദേശിനി നൽകിയ പീഡന കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചു. മുംബൈ ദിൻഡോഷി കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധനയ്ക്കു തയാറാകണം. പൊലീസ് ആവശ്യപ്പെട്ടാൽ രക്തസാംപിൾ നൽകണം. 25,000 രൂപ കെട്ടിവയ്ക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും ഉപാധി. ഇന്നലെ കേസ് പരിഗണിച്ച കോടതി ഇന്നത്തേക്ക് വിധി പറയാനായി മാറ്റുകയായിരുന്നു.
പരാതിക്കാരി സമർപ്പിച്ച രേഖയിലെ വൈരുധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പ് ബിനോയിയുടേതല്ല. ബിനോയിയുടെ പിതാവ് മുൻമന്ത്രിയാണെന്ന് പരിഗണിക്കേണ്ടതില്ല. ജാമ്യാപേക്ഷയിൽ ഡിഎൻഎ പരിശോധന എന്ന ആവശ്യം പരിഗണിക്കരുതെന്നും ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു. യുവതിക്കു വേറെയും ബന്ധങ്ങളുണ്ടെന്നു ബിനോയി കോടതിയില്‍ ആരോപിച്ചു. ഇതിന്റെ തെളിവായി ചിത്രങ്ങളും ഹാജരാക്കി.
അതേസമയം കുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്നതിന് തെളിവ് പാസ്പോർട്ടെന്നായിരുന്നു യുവതിയുടെ വാദം. യുവതിയുടെ പാസ്പോർട്ടിലും ഭർത്താവിന്റെ പേര് ബിനോയ് എന്നാണ്. ആദ്യ വിവാഹം ബിനോയ് മറച്ചുവച്ചു. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നുവരെ ഭീഷണി ഉണ്ടായെന്ന് യുവതി കോടതിയിൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച കോടതി യുവതിയുടെ വാദം വീണ്ടും കേൾക്കാമെന്ന് പറഞ്ഞിരുന്നു. അതിനാൽ ഇന്നലെ കൂടുതൽ വാദവുമായി യുവതി കോടതിയെ സമീപിച്ചു. യുവതിയുടെ അഭിഭാഷകൻ വാദങ്ങൾ കോടതിയിൽ എഴുതി നൽകുകയും ചെയ്തിരുന്നു.
വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ദുബായിൽ ബാർ ഡാൻസറായിരുന്ന ബിഹാർ സ്വദേശി പരാതി നൽകിയത്. 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവർ ആരോപിക്കുന്നു. ഇൗ മാസം 13 നാണ് എഫ്ഐർ റജിസ്റ്റർ ചെയ്തത്.
https://www.facebook.com/Malayalivartha



























