രാഹുൽഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്, വാക്കിനു വ്യവസ്ഥ ഉളളവനാണ്;രാഹുൽഗാന്ധിക്ക് അല്ലലും അലട്ടുമില്ലാത്ത വിശ്രമജീവിതം ആശംസിക്കുന്നു; അഡ്വക്കേറ്റ് എ ജയശങ്കർ

നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി വൈകിയതോടെയാണു ബുധനാഴ്ച അദ്ദേഹം മാധ്യമങ്ങൾക്കുമുന്നിൽ രാജിക്കാര്യം പരസ്യമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ മേയ് 25-നു പാർട്ടിയധ്യക്ഷസ്ഥാനമൊഴിയുന്നതായി രാഹുൽ കോൺഗ്രസ് പ്രവർത്തകസമിതിയെ അറിയിച്ചിരുന്നു. എന്നാൽ, അനുനയത്തിലൂടെയും സമ്മർദത്തിലൂടെയും അദ്ദേഹത്തെ പിന്തിരിപ്പിക്കാനായിരുന്നു മുതിർന്ന നേതാക്കളുടെ ശ്രമം. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് രാഹുല്‍ ഗാന്ധി കത്തിലും ആവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടിയുടെ നിര്‍ണായകമായ ഭാവിയിലും വളര്‍ച്ചയിലും തനിക്കും ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടാണ് രാജിവെക്കുന്നതെന്നുമാണ് രാഹുല്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഒഴിഞ്ഞാലും രാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്കും ഭാരണഘടനയ്ക്കുമെതിരെ ആര്‍എസ്എസ് നടത്തുന്ന അതിക്രമങ്ങളെ മുന്‍പന്തിയില്‍ നിന്നുകൊണ്ട് നേരിടുമെന്നും രാഹുല്‍ പറയുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സ്വന്തംപാര്‍ട്ടിയിലെ നേതാക്കളെയും രാഹുല്‍ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. രാഹുലിന്‍റെ വിമര്‍ശനം ശക്തരായവര്‍ അധികാരത്തില്‍ പറ്റിപ്പിടിച്ച് നില്‍ക്കുന്നത് ഇന്ത്യയുടെ ഒരു ശീലമാണ്. ആരും അധികാരം തൃജിക്കില്ല. അധികാരങ്ങള്‍ തൃജിക്കാതെയും ആഴത്തിലുള്ള പ്രത്യയശാസ്ത്ര പോരാട്ടം നടത്താതെയും എതിരാളികളെ പരാജയപ്പെടുത്താനാകില്ലെന്നാണ് കത്തിലൂടെ രാഹുല്‍ വ്യക്തമാക്കുന്നത്. പ്രവര്‍ത്തകരുടേയും നേതാക്കളുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രാഹുല്‍ ഗാന്ധി രാജിയില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ അതിനൊന്നും വഴങ്ങാതെ തന്‍റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു രാഹുല്‍.
രാഹുലിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ. രാഹുൽഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്. വാക്കിനു വ്യവസ്ഥ ഉളളവനാണ്. പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണ് എന്നാണ് ജയശങ്കര്‍ പ്രതികരിച്ചത്. ഇനിയുള്ള കാലം വയനാട് എംപി മാത്രമായിരിക്കാനാണ് രാഹുലിന് താല്പര്യം. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ഏക അഭിലാഷമെന്ന പരിഹാസവും ജയശങ്കര്‍ നടത്തുന്നുണ്ട്. ഫേസ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്റെപ്രതികരണം.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
രാഹുൽഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്. വാക്കിനു വ്യവസ്ഥ ഉളളവനാണ്. പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണ്. മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം എതിരായപ്പോൾ രാഹുൽ മുൻപിൻ നോക്കാതെ രാജി പ്രഖ്യാപിച്ചു. പ്രവർത്തകരുടെയും ആരാധകരുടെയും സമ്മർദ്ദം മൂർച്ഛിക്കുമ്പോൾ രാജി പിൻവലിക്കും, രാജ്യത്തോടുളള കടമ മുൻനിർത്തി പാർട്ടിയെ നയിക്കും എന്നാണ് മലയാള മനോരമ പോലും പ്രവചിച്ചത്.
എന്നാൽ, രാഹുൽഗാന്ധി രാജിയിൽ ഉറച്ചു നിന്നു. ലോക്‌സഭയിലെ പാർട്ടി ലീഡറാകാൻ വിസമ്മതിച്ചു. ഏക്കേ ആൻ്റണി മുതൽ ഹൈബി ഈഡൻ വരെ കേണപേക്ഷിച്ചിട്ടും മനസു മാറ്റിയില്ല. അതാണ് അന്തസ്സ്! അതാണ് ആഭിജാത്യം!! ഇനിയുള്ള കാലം വയനാട് എംപി മാത്രമായിരിക്കാനാണ് രാഹുലിന് താല്പര്യം. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ഏക അഭിലാഷം. രാഹുൽഗാന്ധിക്ക് അല്ലലും അലട്ടുമില്ലാത്ത വിശ്രമജീവിതം ആശംസിക്കുന്നു. പുതിയൊരു പ്രസിഡന്റിന്റെ കീഴിൽ കോൺഗ്രസ് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുന്നതു കാണാനും ആഗ്രഹിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മനോഹരമായ ഈ രാജ്യത്തിന്റെ ജീവരക്തമായി മാറിയ, മൂല്യങ്ങളും ആശയങ്ങളുമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാനായതില്‍ അഭിമാനമുണ്ടെന്ന ആമുഖത്തോടെയാണു രാഹുലിന്റെ നാലുപേജുള്ള രാജിക്കത്തു തുടങ്ങുന്നത്. “ഞാന്‍ ഇനി പാര്‍ട്ടിയധ്യക്ഷനായി തുടരില്ല. ഇതിനോടകംതന്നെ രാജിവെച്ചു കഴിഞ്ഞതാണ്. ഉടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി വിളിച്ചുചേര്‍ത്തു പുതിയ പാര്‍ട്ടി അധ്യക്ഷനെ തീരുമാനിക്കണം’’ -രാജിക്കത്തില്‍ രാഹുല്‍ പറഞ്ഞു.
“അടുത്ത പാര്‍ട്ടിയധ്യക്ഷനെ ഞാൻ നാമനിര്‍ദേശം ചെയ്യണമെന്ന് ഒട്ടേറെ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ കൈക്കൊള്ളാന്‍ ഒരുകൂട്ടം നേതാക്കളെ ചുമതലപ്പെടുത്തണമെന്നു ഞാന്‍ നിര്‍ദേശിച്ചു. അതിനു സര്‍വപിന്തുണയും വാഗ്ദാനം ചെയ്തു. 2019-ലെ തിരഞ്ഞെടുപ്പുതോല്‍വിയില്‍ പാര്‍ട്ടിയധ്യക്ഷനെന്ന നിലയില്‍ എനിക്കാണ് ഉത്തരവാദിത്വം. പാര്‍ട്ടിയുടെ പുനര്‍നിര്‍മാണത്തിനു കടുത്ത തീരുമാനങ്ങള്‍ വേണം. തിരഞ്ഞെടുപ്പുതോല്‍വിക്ക് ഒട്ടേറെപ്പേര്‍ക്ക് ഉത്തരവാദിത്വം നിശ്ചയിക്കണം. അധ്യക്ഷനെന്ന നിലയില്‍ സ്വന്തം ഉത്തരവാദിത്വം അവഗണിച്ചു മറ്റുള്ളവര്‍ക്കുമേല്‍ അതു ചുമത്തുന്നതു ശരിയല്ല -രാഹുല്‍ രാജിക്കത്തില്‍ വിവരിച്ചു.
അതേസമയം, ബി.ജെ.പി.ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നു രാഹുല്‍ കത്തിൽ ആവർത്തിക്കുന്നു. ഇന്ത്യയെന്ന ആശയത്തെ നിരസിക്കുന്നതാണ് അവരുടെ ആശയസംഹിത. നമ്മുടെ ഭരണഘടനയ്ക്കു മേലുള്ള കടന്നാക്രമണം രാജ്യത്തിന്റെ തനതുഘടനയെ തന്നെ ഇല്ലാതാക്കാനാണ്. അതുകൊണ്ടുതന്നെ പോരാട്ടത്തില്‍നിന്നു പിന്നോട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്റർ ഹാൻഡിലിൽ കോൺഗ്രസ് അധ്യക്ഷൻ എന്നുള്ള വിവരണം നീക്കി ‘കോൺഗ്രസ് പ്രവർത്തകൻ, പാർലമെന്റംഗം’ എന്നാക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























