മനുഷ്യജീവന്‍ അമൂല്യമാണ്... വൈദ്യുതിലൈന്‍ പൊട്ടി അപകടമുണ്ടായാല്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി

വൈദ്യുതി ലൈന്‍ പൊട്ടിവീണുള്ള അപകടം ഇനിയുണ്ടായാല്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയില്‍ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷടപരിഹാരം നല്‍കുന്നതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല. മനുഷ്യജീവന്‍ അമൂല്യമാണ്. അത് നഷ്ടമാകാതിരിക്കാന്‍ ഗൗരവത്തോടെയുള്ള ഇടപെടലുകളാണ് വേണ്ടതെന്നും കോടതി വാക്കാല്‍ പറഞ്ഞു.
ജൂണ്‍ 10ന് തിരുവനന്തപുരം പേട്ടയില്‍ കനത്ത മഴയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് രണ്ടുപേര്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയാണ് ജസറ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെ കേസില്‍ കക്ഷിചേര്‍ത്ത കോടതി ഹര്‍ജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംവിധാനമൊരുക്കുന്ന നടപടിയാരംഭിച്ചതായും വിശദാംശങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും വ്യാഴാഴ്ച കേസ് പരിഗണിക്കവേ കെ.എസ്.ഇ.ബിയും സര്‍ക്കാറും അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുതി വിതരണ സുരക്ഷയുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം എടുക്കാനുള്ള ചുമതല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ക്കാണെന്ന വിലയിരുത്തിയാണ് ഉദ്യോഗസഥനെ കോടതി കേസില്‍ കക്ഷിചേര്‍ത്തത്. മഴക്കാലമായതിനാല്‍ അപകടസാധ്യതയുണ്ടെന്നും അപകടമുണ്ടാകുന്നത് തടയണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വകുപ്പിന് പുറത്തുനിന്നുള്ള സഹായങ്ങള്‍ തേടാമെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























