ഖാദറിനെ സർക്കാർ ഖദറാക്കി; ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളെ ഒരു യൂണിറ്റ് ആക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ വിവാദ വ്യവസ്ഥകൾ സർക്കാർ കീറി കൊട്ടയിലെറിഞ്ഞു

ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളെ ഒരു യൂണിറ്റ് ആക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ വിവാദ വ്യവസ്ഥകൾ സർക്കാർ കീറി കൊട്ടയിലെറിഞ്ഞു. എൻ എസ് എസ്, ക്രൈസ്തവ മാനേജ്മെന്റുകളെ പാടേ എതിരാക്കിയ വ്യവസ്ഥകൾ തത്കാലം മരവിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമാണ് ഇതിൽ അന്തിമ തീരുമാനം ഉണ്ടായത് . കേരള വിദ്യാഭ്യാസ നിയമത്തിന്റെ ഭേഭഗതി ഓർഡിനൻസിന്റെ കരട് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ഖാദർ കമ്മിറ്റി എന്നാണ് പേരെങ്കിലും റിപ്പോർട്ട് തയ്യാറാക്കിയത് കമ്മിറ്റിയിലെ ഒരംഗം നേരിട്ടാണെന്ന് അറിയുന്നു. വി.എസ്. മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പ്രവർത്തിച്ച ഒരു റിട്ടയേഡ് ഉന്നത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം . ഖാദർ കമ്മിറ്റിയിൽ അദ്ദേഹത്തെ അംഗമാക്കാൻ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് തീരുമാനിച്ചപ്പോൾ തന്നെ വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു. കമ്മിറ്റിയുടെ അധ്യക്ഷനായ ഖാദറിനും ഇതിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല. ഇടതുമുന്നണി മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാവാൻ ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാൽ ഉന്നത സിപിഎം നേതാവും മന്ത്രി രവീന്ദ്രനാഥും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇയാളെ ഒഴിവാക്കാൻ തീരുമാനിച്ചത്.
എവിടെ ചെന്നാലും അവിടെ കുളം കുഴിക്കും എന്ന പ്രത്യേകതയാണ് ഇദ്ദേഹത്തിനുള്ളത്. എം എ ബേബി മന്ത്രിയായിരുന്നപ്പോൾ അധ്യാപക പാക്കേജ് തയ്യാറാക്കിയത് ഇദ്ദേഹമാണ്. എം എ. ബേബി റിപ്പോർട്ട് വായിച്ചു നോക്കി അലമാരിയിൽ ഭദ്രമായി പൂട്ടുകയാണ് ചെയ്തത്. സർവ മാനേജ്മെന്റുകളെയും പിണക്കുന്ന ഒന്നായിരുന്നു ഇത്. വി.എസും ബേബിയും തമ്മിൽ ഇത് സംബന്ധിച്ച് ചർച്ച നടത്തിയപ്പോൾ പാക്കേജ് നടപ്പിലാക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം . പക്ഷേ തുടർന്ന് അധികാരത്തിലെത്തിയ യു ഡി എഫ് സർക്കാർ ഇത് നടപ്പിലാക്കാൻ തീരുമാനിച്ചു. ബേബിയുടെ കാലത്ത് തയ്യാറാക്കിയ റിപ്പോർട്ട് അതേപടി മന്ത്രി അബ്ദു റബ്ബ് നടപ്പിലാക്കിയപ്പോൾ നിരവധി മാനേജ്മെന്റുകൾ അന്നത്തെ സർക്കാരിന് എതിരായി. ബേബിയുടെ റിപ്പോർട്ട് റബ്ബിനെ കൊണ്ട് നടപ്പിലാക്കിയത് അന്നത്തെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായ ഐ എ എസുകാരനായിരുന്നു.
ഹൈക്കോടതി ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ രംഗത്തെത്തിയ ശേഷമാണ് വിവിധ സംഘടനകൾ റിപ്പോർട്ടി നെതിരെ സമരം പ്രഖ്യാപിച്ചത്. എയ്ഡ്ഡ് മാനേജ്കെമെന്റുകൾക്ക് ഹയർ സെക്കന്ററിയിൽ അധ്യാപക നിയമനം നടത്താൻ കഴിയാത്ത സാഹചര്യമാണ് വിവാദമായത്. ഹയർ സെക്കന്ററിയിൽ അധ്യാപകൻ ആകണമെങ്കിൽ 35 ലക്ഷമാണ് എയ്ഡഡ് മേഖലയിലെ കോഴ. ഹൈസ്കൂളിൽ പഠിപ്പിക്കുന്ന പി.ജി. ഉള്ള അധ്യാപകർക്ക് ഹയർ സെക്കന്ററിയിൽ പഠിപ്പിക്കാം എന്ന വ്യവസ്ഥയാണ് സഖാവ് എഴുതി ചേർത്തത്. ഇത് സർക്കാർ പാടേ നിരാകരിച്ചു. അതേ സമയം ഇലയ്ക്കും മുള്ളിനും കേടില്ലാത്ത നയങ്ങൾ അംഗീകരിച്ചു.
കെ എസ് യുവും എ ബി വി പിയും നടത്തിയ സമരങ്ങൾ ആക്രമാസക്തമായത് മാനേജ്മെന്റുകളുടെ പിന്തുണയോടെയാണ് . വിദ്യാഭ്യാസ രംഗത്ത് അശാന്തിയുടെ വിത്തെറിയാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറല്ല. സ്കൂൾ ദിനങ്ങൾ പാഴായി പോകുന്നതിനെ കുറിച്ച് മന്ത്രി രവീന്ദ്ര നാഥ് ആശങ്കാകുലനാണ്. സർവീസ് സംഘടനകളെയും അധ്യാപക സംഘടനകളെയും പിണക്കി മുന്നോട്ടു പോകുന്നത് അനാവശ്യ വ്യായാമമാണെന്ന് മന്ത്രി കരുതുന്നു.
ഇനി ഖാദർ റിപ്പോർട്ടിനെ കുറിച്ച് ഉന്നതതലത്തിൽ യോഗം വിളിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഉന്നതല യോഗത്തിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. പൊതു തെരഞ്ഞടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ വിവാദങ്ങൾക്ക് നിൽക്കാൻ സർക്കാർ തയാറാവില്ല എന്നാണ് സൂചന.
https://www.facebook.com/Malayalivartha



























