കളഞ്ഞ് കിട്ടിയ പാദസരം തിരികെ ലഭിക്കണമെങ്കില്‍ 4000 രൂപ നല്‍കണമെന്ന് കെഎസ്ആര്‍ടിസി! പ്രതിഷേധം

കെഎസ്ആര്‍ടിസി ബസില്‍ വച്ച് കളഞ്ഞ് പോയ പാദസരം ഉടമയെ ഏല്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി 4000 രൂപ ഈടാക്കിയതായി പരാതി. സിവില്‍സര്‍വീസ് പരീക്ഷ എഴുതുന്നതിനായി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത കോതമംഗലം സ്വദേശിയായ പെണ്‍കുട്ടിയാണ് കെഎസ്ആര്‍ടിസിയുടെ നടപടിയില്‍ പ്രതിസന്ധിയിലായത്.
കണിയാപുരം ഡിപ്പോയുടെ ബസിലായിരുന്നു പെണ്‍കുട്ടിക്ക് ഒന്നരപ്പവന്റെ പാദസരം നഷ്ടമായത്. കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം അടുത്ത സീറ്റിലെ യാത്രക്കാരിയാണ് കെഎസ്ആര്‍ടിസിയെ ഏല്‍പ്പിച്ചത്. അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടി ഡിപ്പോയില്‍ എത്തുകയായിരുന്നു.
പാദസരം വാങ്ങാനെത്തിയ പെണ്‍കുട്ടിയില്‍ നിന്നും 4000 രൂപയ്ക്ക് പുറമേ മുദ്രപത്രത്തില്‍ സത്യവാങ്മൂലവും ആള്‍ജാമ്യവും അധികൃതര്‍ ആവശ്യപ്പെട്ടു. ഇത്രയും പുലിവാലായതോടെ ഇതിലും ഭേദം പാദസരം പോയെന്ന് ഓര്‍ത്ത് സമാധാനിക്കുകയായിരുന്നുവെന്ന അവസ്ഥയിലായി പെണ്‍കുട്ടി.
എന്നാല്‍ നഷ്ടപ്പെട്ട വസ്തുവിന്റെ വിപണി മൂല്യം കണക്കാക്കി 10 ശതമാനം സര്‍വീസ് ചാര്‍ജ് വാങ്ങണമെന്ന നിയമം മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂവെന്നാണ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























