കോട്ടയത്ത് യുവാവിന്റെ ജീവനെടുത്ത ആ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഇക്കഴിഞ്ഞ ദിവസം കോട്ടയത്ത് നീലിമംഗലം പാലത്തില്‍ വച്ച് കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്ന് ബൈക്ക് യാത്രികന്‍ വീണുമരിക്കാനിടയായ കേസില്‍, ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ഹാജരായ ഡ്രൈവര്‍ അനൂപിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ തട്ടിയിട്ടില്ലെന്നാണ് ഡ്രൈവര്‍ പറയുന്നത്.
അതിനിടെ ലോഫ്‌ലോര്‍ ബസിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വിഡിയോയില്‍ ബൈക്ക് യാത്രികന്‍ വീഴുന്നതിന്റെ ദൃശ്യം വ്യക്തമാണ്.
അമിതവേഗത്തിലായിരുന്ന എസി ലോ ഫ്‌ലോര്‍ ബസ് നീലിമംഗലം പാലത്തില്‍ മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ തട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. അപകടകാരണം കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പിഴവാണെന്നു കാര്‍ ഡ്രൈവറുടെ നിര്‍ണായക മൊഴിയും ലഭിച്ചിട്ടുണ്ട്.
കുമാരനല്ലൂര്‍ ജംക്ഷന്‍ മുതല്‍ റോഡില്‍ ബ്ലോക്കുണ്ടാക്കി അമിതവേഗത്തിലാണു ബസ് സഞ്ചരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാലത്തിലേക്കു പ്രവേശിക്കുന്നതിനിടെ കാറിനെ മറികടക്കാന്‍ ശ്രമിച്ച ബസ്, എതിരെ മറ്റൊരു ബസ് വരുന്നതു കണ്ട് പെട്ടെന്ന് ഇടതു വശത്തേക്ക് ഒതുക്കുകയായിരുന്നു.
ഇടത്തേക്ക് മാറാന്‍ ഇടമില്ലാതെ ബൈക്ക് യാത്രികന്‍ പാലത്തിലെ നടപ്പാതയില്‍ മുന്‍ ടയര്‍ ഇടിച്ച് വലതുവശത്തേക്കു വീഴുകയായിരുന്നെന്നു കാര്‍ ഡ്രൈവറുടെ മൊഴിയിലുണ്ട്. ആന്തരിക രക്തസ്രാവമാണ് ബൈക്ക് യാത്രികനായ മുട്ടുചിറ അരുക്കുഴിപ്പില്‍ അലന്‍ ആന്റണിയുടെ മരണത്തിനിടയാക്കിയത്.
അപകടം നടന്നത് അറിഞ്ഞ് ബസ് നിര്‍ത്തി. ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങി പരിശോധിച്ചെങ്കിലും ഉടന്‍ തന്നെ ബസിലേക്ക് തിരികെയെത്തി. തുടര്‍ന്ന് നാട്ടുകാരുമായി സംസാരിക്കുന്നതും വിഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha



























