കിണറിന്റെ ഭിത്തിയില്‍ ചാരിയിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു... കിണറിന്റെ തൊടിയില്‍ പിടിച്ചിരുന്ന് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല, കിണറില്‍ കിടന്നത് മൂന്നു നാള്‍, ഒടുവില്‍....

കിണറ്റിന്റെ കൈവരിയിലിരുന്ന് ഫോണ്‍ചെയ്യുന്നതിനിടെ കിണറ്റില്‍വീണയാള്‍ ആരുമറിയാതെ അകത്തുകിടന്നത് മൂന്നു ദിവസം. മൂന്നാംദിവസം ഇതുവഴിപോയയാള്‍ ഞരക്കം കേട്ടെത്തിയതിനാല്‍ ഇദ്ദേഹത്തെ രക്ഷിക്കാനായി. വെമ്പായത്ത് കൊഞ്ചിറവിളയില്‍ ബുധനാഴ്ച വൈകീട്ട് കിണറ്റില്‍വീണ കൊഞ്ചിറ നാലുമുക്ക് വിളയില്‍ വീട്ടില്‍ പ്രദീപി(38)നെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പുറത്തെടുത്തത്. വീഴ്ചയില്‍ കൈയ്ക്ക് കാര്യമായി പരിക്കേറ്റ പ്രദീപിനെ പുറത്തെടുക്കുമ്പോള്‍ തീരെ അവശനുമായിരുന്നു.
വീട്ടില്‍ ആകെയുണ്ടായിരുന്ന അമ്മ സരള ഈ ദിവസങ്ങളില്‍ ദൂരെ ബന്ധു വീട്ടിലായിരുന്നതിനാലാണ് പ്രദീപ് കിണറ്റില്‍ അകപ്പെട്ട വിവരം ആരുമറിയാതിരുന്നത്. പ്രദീപിന്റെ കൈയിലുണ്ടായിരുന്ന ഫോണ്‍ വെള്ളത്തില്‍ വീണ് കേടായതിനാല്‍ ഉപയോഗിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരമാണ് പ്രദീപ് വീടിന്റെ മുറ്റത്തുള്ള കിണറിന്റെ ഭിത്തിയില്‍ ചാരിയിരുന്ന് ഫോണ്‍ ചെയ്തത്. ഇതിനിടെ ഭിത്തിയിടിഞ്ഞ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും കിണറിന്റെ തൊടിയില്‍ പിടിച്ചിരുന്ന് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മൂന്നാം ദിവസമായപ്പോള്‍ അവശനായതോടെ നിലവിളി പുറത്തുകേള്‍ക്കാതായി.
ഇന്നലെ രാവിലെ 11 മണിയോടെ കിണറിനടുത്തുകൂടി പോയ വഴിയാത്രക്കാരന്‍ കിണറിനുള്ളില്‍നിന്നു ശബ്ദംകേട്ട് നോക്കുമ്പോഴാണ് പ്രദീപ് കിണറ്റില്‍ കിടക്കുന്നതുകണ്ടത്. ഉടന്‍ തന്നെ നെടുമങ്ങാട് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പ്രദീപിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha



























