ചികിത്സ സഹായം ചോദിച്ചെത്തി കണ്ണിൽ മുളക് പൊടി എറിഞ്ഞു മാല മോഷ്ടിച്ച സ്ത്രീ ക്യാമറ കണ്ണിൽ കുടുങ്ങി

താനൊരു രോഗിയാണെന്നും സഹായം വേണമെന്നും പറഞ്ഞു വീടുകൾ തോറും കയറി ഇറങ്ങി, ഒടുവിൽ വൃദ്ധ മാത്രമുള്ള വീട്ടിലെത്തി കണ്ണിൽ മുളകു പൊടി എറിഞ്ഞു മാല മോഷ്ടിച്ചു രക്ഷപ്പെട്ട സ്ത്രീ സിസി ടി വിയിൽ കുടുങ്ങി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ഈ സ്ത്രീ ഉള്ളൂർ ഗാർഡൻസിലെ പല വീടുകളിലും ചികിത്സയ്ക്കു സഹായം ചോദിച്ചെത്തിയത്. രോഗികൾ കഴുത്തിൽ ഇടുന്ന കോളർ വീടുകളിൽ കയറുന്നതിന് മുമ്പ് ഇവർ ധരിക്കുകയും പുറത്തിറങ്ങുമ്പോൾ ഇളക്കിമാറ്റുകയും ചെയ്യുന്നുണ്ട്. അങ്ങനെ ഇവർ ഉള്ളൂർ ഗാർഡൻസിൽ ഹൗസ് നമ്പർ 33-ൽ ലീല(70)യുടെ വീട്ടിലെത്തി. വൃദ്ധയല്ലാതെ മറ്റാരും ഇല്ല എന്ന് മനസ്സിലാക്കിയ ഇവർ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. തുടർന്നു മുഖത്ത് മുളകുപൊടി എറിയുകയും മാല പൊട്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.
സംഭവം നടക്കുമ്പോൾ ലീലയുടെ വീട്ടിലും സമീപത്തെ വീടുകളിലും ആരുമില്ലായിരുന്നു. അത് കൊണ്ട് ഉടൻ തന്നെ ആരെയും അറിയിക്കാൻ കഴിഞ്ഞിരുന്നില്ല. ഒന്നരമണിക്കൂറോളം വൈകിയ ശേഷം ലീലയുടെ ബന്ധുക്കൾ എത്തിയപ്പോഴാണ് പോലീസിൽ പരാതി അറിയിച്ചതു. മാല പൊട്ടിച്ച് രക്ഷപ്പെട്ട സ്ത്രീയുടെ ദൃശ്യങ്ങൾ റസിഡന്റ്‌സ് അസോസിയേഷന്റെയും സമീപത്തെ വീടുകളിലെയും സി.സി.ടി.വി.കളിൽ നിന്ന് പോലീസിനു ലഭിച്ചു.
https://www.facebook.com/Malayalivartha



























