മോഹിപ്പിക്കുന്ന പദവികള്‍ക്ക് വേണ്ടി ദാഹിക്കുന്ന ന്യായാധിപര്‍, വിരമിക്കലിനു ശേഷം ധനലാഭമുള്ള ഉദ്യോഗമോ രാഷ്ട്രീയ പാര്‍ട്ടികളിലെ പദവികളോ സ്വീകരിക്കുമ്പോള്‍ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഒലിച്ചുപോകുന്നത്- എന്ന് വിധി പ്രസ്താവിച്ച ജഡ്ജി തന്നെ അത് തെറ്റിച്ചു

നെടുങ്കണ്ടം ഉരുട്ടിക്കൊല അന്വേഷിക്കാന്‍ ഹൈക്കോടതി റിട്ട . ജഡ്ജി കെ. നാരായണക്കുറുപ്പിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. നല്ല കാര്യം! പക്ഷേ, ഈ കൂറുപ്പ് സാര്‍ കേരള ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലത്ത് നല്ല ഒരു ജഡ്ജ് മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യായാധിപന്മാര്‍ വിരമിച്ച ശേഷം പദവികള്‍ സ്വീകരിക്കുന്ന ഏര്‍പ്പാട് ശരിയല്ലെന്നും, ഭരണത്തിലിരിക്കുന്നവരുടെ മുന്നില്‍ പോയി ക്യൂ നിന്ന് സ്ഥാനമാനങ്ങള്‍ തേടുന്നതിനെതിരെ വിധിന്യായത്തിലൂടെ ആഞ്ഞടിച്ച ഉത്തമനായ ജഡ്ജി ആയിരുന്നു അദ്ദേഹം. നിക്‌സണ്‍ എം ജോസഫ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ അദ്ദേഹം പുറപ്പെടുവിച്ച വിധി ന്യായം വായിച്ച് നാട്ടുകാര്‍ പുളകിതനായതാണ്. വിധിന്യായത്തിലെ പ്രധാന ഭാഗമിങ്ങനെയാണ്.
' രാഷ്ട്രീയ വിശ്വാസവും ഒരു ഉദ്യോഗം ഏറ്റെടുക്കുന്നതും പൗരന്റെ മൗലികാശമെന്ന് വാദിക്കാമെങ്കിലും മറ്റുള്ളവര്‍ക്ക് മേല്‍ വിധി പ്രസ്താവം നടത്തുന്ന ഒരു വ്യക്തി കൃത്യവും നിഷ്പക്ഷനും ആയിരിക്കണം. അങ്ങനെയല്ലെങ്കില്‍ അതിലും വലിയ ദുരന്തമില്ല. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച ഉടന്‍, രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആ രംഗത്തേക്കിറങ്ങുന്ന ഒരു ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ നിഷ്പക്ഷനായാകും തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുക എന്നത് അസാധ്യമാണ്. മോഹിപ്പിക്കുന്ന പദവികള്‍ക്ക് വേണ്ടി ദാഹിക്കുന്ന ന്യായാധിപര്‍, വിരമിക്കലിനു ശേഷം ധനലാഭമുള്ള ഉദ്യോഗമോ രാഷ്ട്രീയ പാര്‍ട്ടികളിലെ പദവികളോ സ്വീകരിക്കുമ്പോള്‍ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഒലിച്ചുപോകുന്നത്. രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ഉത്തമ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ട ഒരു സമിതിയുടെ അവധാനതയോടുള്ള ചര്‍ച്ചയും നീക്കവും അടിയന്തരാവശ്യമാണ്. '
ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം സര്‍ക്കാരിന്റെ തിണ്ണ നെരങ്ങി ട്രിബ്യൂണല്‍ പദവിയും കമ്മീഷന്‍ സ്ഥാനവും മേടിക്കുന്ന ഏമാന്‍ന്മാര്‍ക്കെതിരെയുള്ള ധാര്‍മ്മിക രോഷം കൂടിയായിരുന്നു ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ വിധിന്യായം. 1998 സെപ്റ്റംബര്‍ എട്ടിന് ഈ വിധിന്യായം പുറപ്പെടുവിച്ച അദ്ദേഹം 2001 ഡിസംബര്‍ 12 ന് ന്യായാധിപ സ്ഥാനത്ത് നിന്ന് വിരമിച്ചു. പിന്നീട് ഒരു നിമിഷം പോലും അദ്ദേഹം വെറുതെ ഇരുന്നില്ല. 2002 ജൂലൈ 27 ന് കോട്ടയം ജില്ലയിലെ കുമരകത്തുണ്ടായ ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിനെ എ.കെ. ആന്റണി സര്‍ക്കാര്‍ നിയമിച്ചു. ദോഷം പറയരുതല്ലോ ഏഴ് മാസം കൊണ്ട് റിപ്പോര്‍ട്ടും കൊടുത്തു. 30 മാസം സിറ്റിംഗ് നടത്തി ഒരു കോടി 84 ലക്ഷം പുട്ടടിച്ച കമ്മീഷന്‍ കഥകള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്ന കാര്യം ഓര്‍ക്കുക.
2007 മെയ് മാസത്തില്‍ പത്രക്കാരുടെ സേവന വേതന മുറപ്പിക്കുന്ന നാഷണല്‍ വേജ് ബോര്‍ഡ് ഫോര്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് കമ്മീഷന്റെ തലവനായി കേന്ദ്ര തൊഴില്‍ മന്ത്രാലയം നിയമിച്ചു. ആ കമ്മീഷന്‍ റിപ്പോര്‍ട്ടും നല്ല വെടിപ്പായി എഴുതിക്കൊടുത്തു. എന്നിട്ടും സര്‍ക്കാര്‍ അദ്ദേഹത്തോട് വീണ്ടും ജോലി ചെയ്യാനാവശ്യപ്പെട്ടു കേരള സ്‌റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോരിറ്റി ചെയര്‍മാനായി 2015ല്‍ നിയമിതായി. തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ ആ കടമയും ഈ റിട്ടയേര്‍ഡ് ന്യായാധിപന്‍ ചെയ്തു തീര്‍ത്തു. ഇതാ ഒടുവില്‍ പിണറായി സര്‍ക്കാര്‍ അടുത്തൊരു അന്വേഷണ കമ്മീഷന്റെ ചുമതലയും ഇന്നലെ ഏല്‍പ്പിച്ചു. നെടുങ്കണ്ടത്ത് രാജ് കുമാര്‍ എന്ന വ്യക്തിയെ പോലീസ് കാര്‍ മര്‍ദ്ദിച്ചു കൊന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് മാസം കൊണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
https://www.facebook.com/Malayalivartha



























