സർക്കാരിന്റെ മനസറിവ് പോലുമില്ലാത്ത നെടുങ്കണ്ടം വിഷയത്തിൽ മുഖ്യമന്ത്രി കേട്ട പഴിക്ക് കൈയും കണക്കുമില്ല; നെടുങ്കണ്ടം കേസിൽ ജസ്റ്റിസ് കുറുപ്പിനെ പിണറായി നിയമിച്ചതെന്തിന് ?

മന്ത്രി മണിയെയും ഇടുക്കി എസ് പിയെയും മുഖ്യമന്ത്രി കൈവിട്ടു. നീതിമാനായ ന്യായാധിപൻ എന്ന് അറിയപ്പെടുന്ന ജസ്റ്റിസ് നാരായണകുറുപ്പിനെ നെടുകണ്ടം ജൂഡീഷ്യൽ കമ്മീഷനാക്കിയതോടെയാണ് മുഖ്യമന്ത്രി തന്റെ ഇമേജ് കാത്തത്. ജസ്റ്റിസ് കുറുപ്പിനെ അനേഷണ കമ്മിഷനാക്കാൻ പിണറായി നേരിട്ടാണ് തീരുമാനിച്ചത്.
സർക്കാരിന്റെ മനസറിവ് പോലുമില്ലാത്ത നെടുങ്കണ്ടം വിഷയത്തിൽ മുഖ്യമന്ത്രി കേട്ട പഴിക്ക് കൈയും കണക്കുമില്ല. യു ഡി എഫ് സർക്കാരിന്റെ കാലത്ത് കേരള പോലീസ് കംപ്ലയന്റ്‌സ് അതോരിറ്റി ചെയർമാനായിരുന്ന ജസ്റ്റിസ് നാരായണ കുറുപ്പ് ആർക്കും വഴങ്ങുന്ന ന്യായാധിപനല്ല. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിന്റേത് കസ്റ്റഡി കൊലപാതകമാണെന്ന് തെളിയിച്ചത് ജസ്റ്റിസ് നാരായണ കുറുപ്പാണ്. ഒരു പാട് അധികാരങ്ങൾ ഉള്ള സ്ഥാപനമാണ് പോലീസ് കംപ്ലയന്റ്സ് അതോറിറ്റി. എന്നാൽ അവിടെ നിയമിതരാകുന്നവർ സാധാരണ ഗതിയിൽ വിവാദങ്ങൾക്ക് പോകാറില്ല. വിരമിച്ച ഹൈക്കോടതി ജഡ്ജിമാരെയാണ് അതോറിറ്റി ചെയർമാനായി നിയമിക്കപ്പെടാറുള്ളത്.
ജസ്റ്റിസ് കുറുപ്പ് നിയമിതനാകുന്നത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. എന്നിട്ടും അദ്ദേഹം സർക്കാരിനെ പിന്തുണച്ച് വെറുതെ ഇരുന്നില്ല. കസ്റ്റഡി മരണങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിച്ചു. ശ്രീജീവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് ജസ്‌റ്റിസ് കുറുപ്പിന്റേതായിരുന്നു . പിണറായി സർക്കാരാണ് ഉത്തരവ് നടപ്പിലാക്കിയത് . പോലീസുകാരുടെ ക്രൂരതകൾക്കെതിരെ എന്നും കർശന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. കസ്റ്റഡി കൊലപാതകങ്ങൾ നടത്തുന്നവരെ അതേ വടി കൊണ്ട് അടിക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു .
സി ബി ഐ അന്വേഷണം വേണമെന്ന് മരിച്ച രാജ്കുമാറിന്റെ അമ്മ ആവശ്യപ്പെട്ടപ്പോൾ അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്ന് സർക്കാർ കരുതി. . പാറശാലയിലെ ശ്രീജീവിന്റെ കൊലപാതകം സി ബി ഐക്ക് വിട്ടതാണ്.എ ന്നാൽ ഒന്നും സംഭവിച്ചില്ല.
ജുഡീഷ്യൽ അന്വേഷണം കൊണ്ടും പ്രത്യേക പ്രയോജനങ്ങൾ ഉണ്ടാകണമെന്നില്ല. കോടതിയിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒരു വിരമിച്ച ജസ്റ്റിസിനെ കമ്മീഷനായി നിയമിച്ചിരുന്നു. കോടി കണക്കിന് രൂപ തുലച്ചുകളഞ്ഞു എന്നതൊഴിച്ചാൽ പ്രസ്തുത കമ്മീഷൻ കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. എന്നാൽ ജസ്റ്റിസ് കുറുപ്പ് അങ്ങനെയല്ല. ചെയ്യുന്ന ജോലിയോട് അദ്ദേഹത്തിന് പൂർണമായ ഉത്തരവാദിത്വവും ആത്മാർത്ഥതയുമുണ്ട്.
പോലീസുകാരോട് പണ്ടേ കലിപ്പിലായ കുറുപ്പിനെ പിണറായി എന്തിനായിരിക്കും നിയമിച്ചത്? തന്റെ ഇമേജാണ് ഇതിലൂടെ പിണറായി ഉയർത്തിപിടിച്ചത്. തനിക്ക് നെടുങ്കണ്ടം കേസിൽ ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് തെളിയിക്കുകയാണ് പിണറായി ചെയ്തത്. മന്ത്രി മണിക്കെതിരെ ഇതേ കേസിൽ പരാതികൾ ഉയർന്നിരുന്നു. ഇടുക്കി എസ് പി യും മന്ത്രിയും തമ്മിൽ അനിവാര്യമല്ലാത്ത ബന്ധങ്ങൾ ഉണ്ടെന്നാണ് ആരോപണം. പിണറായിയും മണിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അറിയുന്നവർക്ക് അതിന്റെ ഗൗരവം മനസിലാവും .
ഏതായാലും ഇനി ഇടുക്കി എസ് പി യുടെ കാര്യം കട്ടപ്പുറതാകുമെന്ന കാര്യത്തിൽ സംശയമില്ല.
https://www.facebook.com/Malayalivartha



























