രാഷ്ട്രീയക്കാരെ കടത്തിവെട്ടി അദ്ധ്യാപകർ, അഴിമതിക്ക് വംശഭേദമില്ല ; വൃക്ക രോഗം ബാധിച്ച് മരിച്ച വിദ്യാർത്ഥിനിയുടെ ചികിത്സക്ക് വേണ്ടി സ്കൂൾ അധികൃതർ പിരിച്ച തുക കുട്ടിയുടെ കുടുംബത്തിന് നൽകാതെ സ്കൂളിലെ പ്രഥമാധ്യാപികയും സ്കൂൾ അധിക്യതരും ചേർന്ന് അടിച്ചു മാറ്റി

സാധാരണ അഴിമതിക്കാർ എന്ന് നമ്മൾ വിശേഷിപ്പിക്കാറുള്ളത് രാഷ്ട്രീയക്കാരെയാണ്. എന്നാൽ അധ്യാപകർ അഴിമതിക്കാരായാലോ? അതും മനുഷ്യത്വമില്ലാത്ത അഴിമതി. കോഴിക്കോടാണ് സംഭവം നടന്നത്. വൃക്ക രോഗം ബാധിച്ച് മരിച്ച വിദ്യാർത്ഥിനിയുടെ ചികിത്സക്ക് വേണ്ടി സ്കൂൾ അധികൃതർ പിരിച്ച തുക കുട്ടിയുടെ കുടുംബത്തിന് നൽകാതെ സ്കൂളിലെ പ്രഥമാധ്യാപികയും സ്കൂൾ അധിക്യതരും ചേർന്ന് അടിച്ചു മാറ്റി.
കോഴിക്കോട് പ്രമുഖ മോഡൽ ഹയർ സെക്കന്ററി സ്കൂൾ അധിക്യതരാണ് തുക പോക്കറ്റിലിട്ടത്. 97000 രൂപയാണ് വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്തത്. നേഹ വിദ്യാഭ്യാസ നിധി എന്ന പേരിലാണ് തുക പിരിച്ചത്.
ബേപ്പൂർ കോട്ടപറമ്പ് സ്വദേശിനി സൈനബയുടെ മകൾ നേഹക്ക് വേണ്ടിയാണ് പണം പിരിച്ചത്. കോഴിക്കോട് ഗവ.അച്ചുതൻ ഗേൾസ് സ്കൂളിലും ഗവ. ഗണപത് സ്കൂളിലും നേഹ പഠിച്ചിരുന്നു.അച്ചുതൻ സ്കൂളിൽ പഠിക്കുമ്പോഴാണ് വ്യക്കക്ക് തകരാർ ഉണ്ടായത്. നിർദ്ധനയായ നേഹക്ക് വ്യക്ക മാറ്റി വയ്ക്കാൻ പണം ഉണ്ടായിരുന്നില്ല. എന്നാൽ വ്യക്ത നൽകാൻ അമ്മ തയ്യാറായിരുന്നു. അച്ചുതൻ സ്കൂളിൽ നിന്നും ഗണപത് സ്കൂളിലേക്കാണ് നേഹ മാറിയത്. ഇരു സ്കൂളുകളും നേഹയുടെ ചികിത്സക്ക് വേണ്ടി പണം പിരിച്ചു. ഇതിൽ അച്ചുതൻ സ്കൂൾ ധനസഹായം കൈമാറി. എന്നാൽ ഗണപത് സ്കൂൾ സഹായം കൈമാറിയില്ല. വ്യക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കിടയിൽ നേഹ മരിച്ചു. 20 ലക്ഷം രൂപയും അമ്മയുടെ വ്യക്കയും പോയത് മിച്ചം. നാട്ടുകാർ പിരിവെടുത്താണ് ശസ്ത്രക്രിയക്കുള്ള പണം സമാഹരിച്ചത്.
97000 രൂപ നേഹക്ക് വേണ്ടി പിരിച്ച കാര്യം സ്കൂളിന്റെ വാർഷിക റിപ്പോർട്ടിലും ഉൾപ്പെടുത്തി. കാര്യഗൗരവവും വേണ്ടത്ര വിദ്യാഭ്യാസവുമില്ലാത്ത സൈനബ ഇതേ കുറിച്ചൊന്നും അറിഞ്ഞില്ല. സ്കൂളിൽ പിടിഎ നിർവാഹകസമിതി അംഗമായിരുന്ന ദയാധരൻ ഒരിക്കൽ സൈനബയെ കണ്ടപ്പോൾ പണം കിട്ടിയോ എന്ന് അന്വേഷിച്ചു. പണം കിട്ടിയില്ലെന്ന വിവരം ദയാധരനെ അത്ഭുതപ്പെടുത്തി. അദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടർക്ക് പരാതി നൽകി.ജില്ലാ കളക്ടർ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറോട് റിപ്പോർട്ട് തേടി. ധനസഹായം കുടുംബത്തിന് നൽകണമെന്ന് വിദ്യാഭ്യാസ ഉപഡയാക്ടർ സ്കൂൾ അധിക്യതർക്ക് നിർദ്ദേശം നൽകി. എന്നാൽ ഒരു ഫലവും ഉണ്ടായില്ല. പണം പിരിച്ച പ്രഥമാധ്യാപിക ഇതിനിടെ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു.
പിരിച്ച തുക കൈമാറണമെന്നാണ് അമ്മയുടെ ആവശ്യം. ഇതിനായി അവർ പല വാതിലുകളിലും മുട്ടി.പക്ഷേ ഫലമുണ്ടായില്ല. ഇപ്പോൾ മനുഷ്യാവകാശ കമ്മീഷന്റെ മുന്നിലെത്തിയിരിക്കുകയാണ് സൈനബ. കമ്മീഷൻ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാഭ്യാസ വകുപ്പും ജില്ലാകളക്ടറും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.അതിനിടെ കുട്ടി മരിച്ചത് കാരണമാണ് തങ്ങൾ സഹായം കൈമാറാത്തതെന്ന വിശദീകരണവുമായി സ്കൂൾ അധികൃതർ രംഗത്തെത്തിയതായി സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്. എന്നാൽ പരസ്യ പ്രതികരണത്തിന് സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല. എങ്കിൽ പിരിച്ച പൈസ എന്ത് ചെയ്തു എന്നാണ് ചോദ്യം.
സർക്കാർ കുട്ടികൾക്ക് നൽകുന്ന ഉച്ചകഞ്ഞിയിൽ നിന്നും പണം അടച്ചു മാറ്റുന്ന അധ്യാപകർ ഉണ്ട്. പാഠ പുസ്തക വിതരണത്തിലും പണം വെട്ടിക്കുന്നവർ ധാരാളം. ഭാവി തലമുറയെ പുതിയ ലോകത്തേക്ക് കൈ പിടിച്ച് നടത്തുന്ന അധ്യാപകരാണ് ഇത്തരത്തിൽ അഴിമതിക്കാരാകുന്നത് !
https://www.facebook.com/Malayalivartha



























