വസ്ത്രം മാറാൻ മുറിയിൽ കയറിയ ഭാര്യയുടെ പിന്നാലെയെത്തി മദ്യക്കുപ്പി ദേഹത്ത് കെട്ടിവച്ച് തീകൊളുത്തിക്കൊന്ന് ഭർത്താവ്...

കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ തീകൊളുത്തി കൊന്നു. മുക്കട ചാരുവേലി കാവുങ്കൽ ശോശാമ്മ വർഗീസ് (78) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊള്ളലിൽ പരിക്കേറ്റ ഭർത്താവ് വർഗീസ് (83) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. ശോശാമ്മയും വർഗീസും തമ്മിൽ സ്വത്ത് തർക്കം പതിവായിരുന്നു. മണിമല പോലീസ് ഇതുസംബന്ധിച്ച് കേസെടുക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച എട്ടരയോടെ മകളുടെ വീട്ടിൽ പോകാനായി ശോശാമ്മ വസ്ത്രം മാറാൻ മുറിയിൽ കയറിയപ്പോൾ വർഗീസ് പിന്നാലെയെത്തി തുറന്ന മദ്യക്കുപ്പി ശോശാമ്മയുടെ ദേഹത്ത് കെട്ടിവെച്ച് തീകൊളുത്തി. തീ ആളിപടർന്നപ്പോൾ മറ്റ് വസ്ത്രങ്ങളും ശോശാമ്മയുടെ ദേഹത്തേക്ക് ഇട്ടതായി സംശയിക്കുന്നുണ്ടെന്ന് മണിമല പോലീസ് പറഞ്ഞു.
ശോശാമ്മയെ കൊലപ്പെടുത്തിയശേഷം വർഗീസ് ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തിയതായി സൂചനയുണ്ട്. ശോശാമ്മയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയതും വർഗീസിന്റെ കൈക്ക് തീപ്പൊള്ളലേറ്റതുമാകാം ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് കാരണമെന്ന് പോലീസ് കരുതുന്നു. പൊള്ളലേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ശോശാമ്മ വൈകീട്ട് അഞ്ചുമണിയോടെ മരിച്ചു. വർഗീസ് ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.
https://www.facebook.com/Malayalivartha
























