നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരെയും കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരരുതെന്ന് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എ.ഐ.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരെയും കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരരുതെന്ന് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എ.ഐ.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ പ്രിയങ്കാഗാന്ധിയെ പ്രസിഡന്റാക്കാനുള്ള ചില നേതാക്കളുടെ നീക്കം അസ്തമിക്കുമെന്ന് ഉറപ്പായി. കുറേനാളായി ചില നേതാക്കളും മാധ്യമങ്ങളും നെഹ്‌റു കുടുംബത്തിന് അധ്യക്ഷപദവി നല്‍കുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ചതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ധിക്കരിച്ച് ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതും നിലപാടെടുത്തതും രാഹുലിനെ ചൊടിപ്പിച്ചു. അതുകൊണ്ടാണ് സോണിയാ ഗാന്ധിയെ വീണ്ടും പ്രസിഡന്റ് ആക്കാനുള്ള നീക്കത്തിന് രാഹുല്‍ ആദ്യമേ തടസ്സം നിന്നത്. രാഹുല്‍ രാജിവെച്ചിട്ട് രണ്ട് മാസം പിന്നിടുമ്പോള്‍ ഇടക്കാല പ്രസിഡന്റിനെ കണ്ടെത്താന്‍ പോലും നേതൃത്വത്തിനായില്ല. രണ്ട് ദിവസത്തിനുള്ളില്‍ അതുണ്ടാകുമെന്നാണ് അറിയുന്നത്.
പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുമെങ്കിലും ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. മുതിര്‍ന്ന നേതാക്കളെ ആരെയെങ്കിലും പ്രസിഡന്റ് ആക്കിയാലും ചരട് നെഹ്‌റു കുടുംബത്തിന്റെ കയ്യിലായിരിക്കണം എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ തമ്മിലടിയില്‍ പാര്‍ട്ടി തകര്‍ന്ന് പോകുമെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു. ചില നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. മോദിയേയും ബി.ജെ.പിയേയും ശക്തമായ എതിര്‍ക്കുന്ന നേതൃത്വം ഉണ്ടാകണമെന്നാണ് സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. രാഹുല്‍ അക്കാര്യത്തില്‍ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സ്വീകരിച്ച് പോരുന്ന മൃദുഹിന്ദുത്വ സമീപനം പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. രാജ്യസഭയില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടായിട്ടും മുത്തലാക്ക് ബില്ല് മോദി സര്‍ക്കാര്‍ പാസ്സാക്കിയത് കോണ്‍ഗ്രസിന്റെ നേതൃത്വ പരാജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
പല സംസ്ഥാനങ്ങളിലെയും നേതാക്കളും എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് പിടിച്ച് നിര്‍ത്താന്‍ പോലും കോണ്‍ഗ്രസിനാകുന്നില്ല. കര്‍ണാടകയില്‍ പാര്‍ട്ടിയിലെ വിമതര്‍ തലപൊക്കിയതോടെയാണ് ഭരണം താഴെ പോയത്. വിമതരെ അനുനയിപ്പിക്കാന്‍ പോലും നേതൃത്വത്തിന് കഴിഞ്ഞില്ല. പഴയപോലെ പാര്‍ട്ടി ഫണ്ടില്ലാത്തതും കോണ്‍ഗ്രസിനെ കുഴയ്ക്കുന്നു. രാഹുല്‍ഗാന്ധിക്കെതിരെ അടുത്തിടെ ഉണ്ടായ മാനനഷ്ടക്കേസുകളുടെ നടത്തിപ്പിന് മാത്രം ലക്ഷങ്ങളാണ് ചെലവായത്. മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിടാനുള്ള ശ്രമത്തിലാണ് അമിത്ഷായും കൂട്ടരും. അത് കൂടി പോയാല്‍ പിന്നെ എല്ലാം ശൂന്യം എന്ന അവസ്ഥയിലാകും. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് മാസത്തിനുള്ളില്‍ ഉണ്ടാകും. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭകളിലെ മേയര്‍മാര്‍ക്ക് ബി.ജെ.പി എം.എല്‍.എ സീറ്റ് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെയും കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് യാതൊരു പ്രതീക്ഷയുമില്ല.
യു.പിയിലെ ഷോഭിയാനില്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ശക്തമായ പ്രക്ഷോഭം നയിച്ച് പ്രിയങ്കാ ഗാന്ധി ഓളം സൃഷ്ടിച്ചെങ്കിലും അത് തുടര്‍ന്ന് മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്കായില്ല. രാഹുല്‍ഗാന്ധിയാകട്ടെ രാജ്യത്ത് നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ട്വീറ്റ് ചെയ്യുകയല്ലാതെ എം.പി എന്ന നിലയില്‍ പാര്‍ലമെന്റില്‍ പോലും ക്രീയാത്മകമായി ഇടപെടാന്‍ ശ്രമിക്കുന്നില്ല. അതിനാല്‍ പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്.
https://www.facebook.com/Malayalivartha























