സംസ്ഥാനത്തെ ആറ് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രറെയില്‍വേ മന്ത്രാലയം സ്വകാര്യവല്‍ക്കരിക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, കൊല്ലം, തൃശൂര്‍, കാസര്‍കോട് സ്റ്റേഷനുകളാണ് സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊടുക്കുന്നത്

സംസ്ഥാനത്തെ ആറ് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രറെയില്‍വേ മന്ത്രാലയം സ്വകാര്യവല്‍ക്കരിക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, കൊല്ലം, തൃശൂര്‍, കാസര്‍കോട് സ്റ്റേഷനുകളാണ് സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊടുക്കുന്നത്. ഇതിന് പുറമേ രാജ്യത്തെ 44 സ്റ്റേഷനുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കും. യാത്രാസൗകര്യം ഏര്‍പ്പെടുത്താനെന്ന പേരിലാണ് ഈ സ്റ്റേഷനുകളുടെ ഭൂമി ഉള്‍പ്പെടെ കൈമാറുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഭൂമി ദീര്‍ഘകാലത്തേക്ക് പാട്ടത്തിനാണ് നല്‍കുന്നത്. അതിനാല്‍ അവര്‍ക്ക് കോടിക്കണക്കിന് രൂപ ലാഭം കൊയ്യാനാകും. സ്വകാര്യ പങ്കാളിത്തത്തോടെ 50 സ്റ്റേഷനുകളില്‍ 7500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതേസമയം കൃത്യമായ വ്യവസ്ഥയുണ്ടാക്കാതെയാണ് ഭൂമി കൈമാറുന്നതെന്നും പാട്ടഭൂമി തിരിച്ചെടുക്കുക പ്രയാസമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
സ്റ്റേഷനുകളും ഭൂമിയും കൈമാറുന്നതിനൊപ്പം സേവന നിരക്കുകളും സ്വകാര്യ കമ്പനികള്‍ക്ക് തീരുമാനിക്കാം. അതോടെ കുടിവെള്ളവും വിശ്രമവും ഉള്‍പ്പെടെയുള്ള പല സൗജന്യ സേവനങ്ങളും ഇല്ലാതാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ഗതാഗത സംവിധാനമാണ് റെയില്‍വേ. അതിനാല്‍ യാത്രക്കാരെ പിഴിഞ്ഞ് കൊള്ള ലാഭം കൊയ്യാന്‍ സ്വകാര്യ കമ്പനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയാണ് സര്‍ക്കാരെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. എ വണ്‍, എ ക്ലാസ് സ്റ്റേഷനുകളാണ് ഇപ്പോള്‍ സ്വകാര്യവല്‍ക്കരിക്കുന്നത്. കോഴിക്കോട്, ചെന്നൈ സെന്‍ട്രല്‍ ഉള്‍പ്പെടെ 23 സ്‌റ്റേഷനുകള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കാന്‍ ആദ്യമേ തീരുമാനിച്ചതാണ്. വലിയ എതിര്‍പ്പുകള്‍ ഉണ്ടായതിനാല്‍ കോഴിക്കോട് സ്‌റ്റേഷന്റെ കാര്യത്തിലുള്ള തീരുമാനം മരവിപ്പിക്കുകയായിരുന്നു.
സ്വകാര്യവല്‍ക്കരിക്കാന്‍ തയ്യാറാക്കിയ പട്ടികയില്‍ 400 സ്‌റ്റേഷനുകളുണ്ട്. കാറ്റഗറി അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. കോണ്‍ഗ്രസും ഇടത്പക്ഷവും ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തിയിരുന്നു. സംസ്ഥാനത്തെ സ്വകാര്യവല്‍ക്കരണത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ബിബേക് ദേബ്‌റോയ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യവല്‍ക്കരണം നടത്തുന്നത്. രാജ്യത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കുകയും ഓഹരികള്‍ വില്‍ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് റെയില്‍വേയും സ്വകാര്യവല്‍ക്കരിക്കുന്നത്. ഇതിന് മുന്നോടിയായി ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
മോദി രണ്ടാമത് അധികാരമേറ്റെടുത്ത ശേഷം നടപ്പാക്കാന്‍ തീരുമാനിച്ച നൂറുദിന പരിപാടിയില്‍ ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ട് ട്രെയിനുകള്‍ ഐആര്‍സിടിസിക്ക് നല്‍കും. ലക്‌നോഡല്‍ഹി തേജസ് എക്‌സ്പ്രസ് കഴിഞ്ഞദിവസം കൈമാറി. രണ്ടാമത്തെ റൂട്ട് ഏതാണെന്ന കാര്യത്തില്‍ താമസിക്കാതെ തീരുമാനമുണ്ടാകും. ഐആര്‍സിസിടിസി പിന്നീട് ഈ റൂട്ടുകള്‍ ലേലംചെയ്ത് സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കും. ജീവനക്കാരുടെ പ്രതിഷേധം തണുപ്പിക്കാനാണ് റെയില്‍വേയുമായി നേരിട്ട് ബന്ധമില്ലാത്ത ഐആര്‍സിടിസിയെ ആദ്യ ദൗത്യം ഏല്‍പ്പിക്കുന്നത്. 25 പാതകള്‍ അടുത്തഘട്ടത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറും.
https://www.facebook.com/Malayalivartha
























