ആഭ്യന്തര സഹമന്ത്രി വിളിച്ചിരുന്നു; ഹിന്ദി അറിയാത്തതുകൊണ്ടു സംസാരിച്ചില്ല; കേരളത്തിന് സാമ്പത്തിക സഹായം ആവശ്യമില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോടു പറഞ്ഞിട്ടില്ല; കേന്ദ്രമന്ത്രി വി.മുരളീധരനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്രമന്ത്രി വി.മുരളീധരനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സാമ്പത്തിക സഹായം ആവശ്യമില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോടു പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആഭ്യന്തര സഹമന്ത്രി വിളിച്ചിരുന്നു. ഹിന്ദി അറിയാത്തതുകൊണ്ടു സംസാരിച്ചില്ല. പ്രൈവറ്റ് സെക്രട്ടറിമാര്‍ തമ്മിലാണു സംസാരിച്ചതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മഴക്കെടുതി നേരിടാന്‍ കേരളം ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടുണ്ടെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു. ദുരന്തനിവാരണ സേനയടക്കം കൂടുതല്‍ സഹായം വേണമെങ്കില്‍ നല്‍കും. സിപിഎമ്മിന്റെ ഡല്‍ഹിയിലെ നേതാക്കള്‍ സംസ്ഥാനത്തെ സാഹചര്യം അറിഞ്ഞല്ല പ്രതികരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മഴക്കെടുതി നേരിടാൻ കേരളത്തിന് 52.27 കോടി രൂപയുടെ കേന്ദ്രസഹായം പ്രഖ്യാപിച്ചതായി വി. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം നൽകിയ തുക സംസ്ഥാന സർക്കാരിന്റെ കൈവശമുണ്ടെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.
പ്രളയം രാഷ്ട്രീയവത്കരിക്കുന്നത് സി.പി.എം കേന്ദ്രനേതൃത്വമാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആരോപിച്ചു. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബി.ജെ.പി നേതാക്കളാരും പറഞ്ഞിട്ടില്ലെന്നും, അങ്ങനെ പറഞ്ഞ ബി.ജെ.പി നേതാക്കളുടെ പേര് വെളിപ്പെടുത്താൻ വെല്ലുവിളിക്കുകയാണെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ്റായിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സി.പി.എമ്മിന്റെ ഡൽഹിയിലുള്ള നേതാക്കൾ കേരളത്തിന്റെ സാഹചര്യമറിയാതെ രാഷ്ട്രീയ താൽപര്യം മാത്രം മുൻനിറുത്തിയാണ് ഈ ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിക്ഷോഭത്തിന്റെ സമയത്ത് ഇത്തരം രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. അത്തരത്തിൽ പ്രസ്താവന നടത്തരുതെന്നാണ് സി.പി.എം നാതാക്കളോട് അഭിയർത്ഥിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം കേരളത്തിന്റെ പുനർനിർമ്മാണം മാത്രം ചർച്ചയാക്കുകയും എന്തുകൊണ്ട് പ്രളയമുണ്ടായി എന്ന കാരണം പരിശോധിക്കാതിരിക്കുകയും ചെയ്തതാണ് ഇത്തവണ ദുരന്തത്തിന് കാരണം. ആ വീഴ്ച മറച്ചുവയ്ക്കാൻ സി.പി.എം ആർ.എസ്.എസിനെയും ബി.ജെ.പിയെയും കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെ"ന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. പ്രളയബാധിതര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയതു പോലെ പതിനായിരം രൂപ അടിയന്തിര ധനസഹായം നല്‍കാനും തീരുമാനമായി.
കഴിഞ്ഞ പ്രളയകാലത്തെ മാതൃകയില്‍ സഹായം നല്‍കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ 10000 രൂപ സഹായ ധനം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളൂ. ധനസഹായം നൽകേണ്ടവരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരോടും വില്ലേജ് ഓഫീസർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇവർ നൽകുന്ന പട്ടികയിൽ എന്തെങ്കിലും ആക്ഷേപമുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷമാകും സാമ്പത്തിക സഹായം കൈമാറുക. സാമ്പത്തിക സഹായം കൈപ്പറ്റുന്നവരിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം.
അടിയന്തര സഹായം ആവശ്യമുള്ളവരുടെ പട്ടിക പഞ്ചായത്ത് സെക്രട്ടറിയുടേയും വില്ലേജ് ഓഫീസര്‍മാരുടേയും നേതൃത്വത്തില്‍ തയ്യാറാക്കും. ഇവ അതാത് സ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കും. ഈ പട്ടികയില്‍ യോഗ്യരായിട്ടും സ്ഥാനം പിടിക്കാത്തവരുടെ പേരുകള്‍ ചേര്‍ക്കാനും അല്ലാതെ കടന്നുകൂടിയവരുണ്ടെങ്കില്‍ ഒഴിവാക്കാനും അവസരം നല്‍കും.
https://www.facebook.com/Malayalivartha

























