കയ്യടിച്ച് സോഷ്യല്‍ മീഡിയ... സൂര്യയ്ക്കും വിനീതിനും ഇത് പ്രണയസാഫല്യം; പ്രളയമഴയില്‍ സഹായവുമായെത്തിയ സൂര്യയുടെ കൈപിടിച്ച് വിനീത്

പ്രളയം എല്ലാം തല്ലിത്തകര്‍ത്തതിനിടെ സഹായിക്കാനെത്തിയ വനിത പോലീസ് ഓഫീസര്‍ക്ക് പ്രണയസാഫല്യം. പ്രളയ കാലത്ത് ക്യാംപില്‍ ഡ്യൂട്ടിക്കെത്തിയ പോലീസ് ഓഫീസറുമായുള്ള വിനീതിന്റെ സൗഹൃദം ഒടുവില്‍ കലാശിച്ചത് വിവാഹത്തിലാണ്. പാലക്കാട് സ്വദേശിനി സിവില്‍ പോലീസ് ഓഫീസറായ സൂര്യയ്ക്കാണ് ആലുവ സ്വദേശിയായ വിനീത് മിന്നു ചാര്‍ത്തിയത്. 2018 പ്രളയകാലത്താണ് ആലുവയിലെ ദുരിതാശ്വാസ ക്യാംപില്‍ സൂര്യ ഡ്യൂട്ടിക്കെത്തിയത്.
അവിടെ വെച്ചാണ് സൂര്യ വിനീതിനെ പരിചയപ്പെടുന്നത്. ദുരിതാശ്വാസ ക്യാംപിലെ സേവന പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പങ്കാളികളായി. ഇതോടെ ഇരുവര്‍ക്കുമിടയില്‍ സൗഹൃദം വളര്‍ന്നു. ഒടുവില്‍ ആ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. 2019-ലെ വെള്ളപ്പൊക്കത്തിനു ശേഷം ആലുവ അശോകപുരം പെരിങ്ങഴ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഞായറാഴ്ച ഇരുവരും വിവാഹിതരായി.
തൃശൂര്‍ ക്യാംപില്‍ നിന്നാണ് സൂര്യ കഴിഞ്ഞ വര്‍ഷം ആലുവയില്‍ ഡ്യൂട്ടിക്കായി എത്തിയത്. അശോകപുരം കാര്‍മല്‍ സെയ്ന്റ് ഫ്രാന്‍സിസ് ഡി അസീസി സെക്കന്‍ഡറി സ്‌കൂളിലെ ക്യാംപിലായിരുന്നു ഡ്യൂട്ടി. അശോകപുരം സ്വദേശിയായ വിനീതിന്റെ വീടും വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്നാണ് അച്ഛനും അമ്മയ്ക്കും ഒപ്പം വിനീത് ക്യാംപില്‍ എത്തിയത്.
ക്യാംപിലെത്തുന്നവരെ സഹായിക്കാനും വിനീത് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലെ അധ്യാപകനാണ് വിനീത്. അന്‍വര്‍ സാദത്ത് എംഎല്‍എ അടക്കമുള്ളവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ് സോഷ്യല്‍മീഡിയ. പ്രളയ കാലത്തെ ദുരിതത്തിനിടയില്‍ ഇത്തരം സന്തോഷങ്ങള്‍ ജീവിക്കാനുള്ള വാശി ഉയര്‍ത്തുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ തനിയാവര്‍ത്തനമായിരുന്നു ഈ വര്‍ഷത്തെ പ്രളയവും. പ്രളയം സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ പ്രതിസന്ധിയിലാക്കുമെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ട്. വരള്‍ച്ചയും ഉപ്പുവെള്ളവുമാകും പ്രധാന പ്രതിസന്ധി. കാലാവസ്ഥാ വ്യതിയാനങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള അടിയന്തരനടപടി വേണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് നല്‍കും. സംസ്ഥാനത്തെ സര്‍വകലാശാലകളും കോളേജുകളുമടക്കം 28 സ്ഥാപനങ്ങള്‍ വ്യത്യസ്തമേഖലകളിലാണ് പഠനം നടത്തിയത്. പ്രശ്നപരിഹാരത്തിനുള്ള കര്‍മപദ്ധതിയും ഇതോടൊപ്പം നല്‍കും.
700-ലധികം ആവാസവ്യവസ്ഥകളെ കഴിഞ്ഞവര്‍ഷത്തെ പ്രളയം ബാധിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓരോ പ്രദേശത്തെയും വയലുകള്‍, കുന്നുകള്‍, തോടുകള്‍, കുളങ്ങള്‍, മത്സ്യങ്ങള്‍, പക്ഷികള്‍, ജന്തുജീവജാലങ്ങള്‍ എന്നിവയുടെ ആവാസവ്യവസ്ഥയില്‍ മാറ്റമുണ്ടാക്കി. 200-ലധികം കാര്‍ഷിക ജനിതക വൈവിധ്യത്തെ ബാധിച്ചു. വിത്തിനങ്ങളില്‍ തുടര്‍ച്ച നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കി. ആയിരത്തോളം ജീവിവര്‍ഗങ്ങളെയും ബാധിച്ചു. സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും സന്തുലനാവസ്ഥ നഷ്ടമായത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം.
അടിസ്ഥാനസൗകര്യ വികസനം അടക്കമുള്ള നിര്‍മാണങ്ങള്‍ ആവാസവ്യവസ്ഥയെ കാര്യമായി തകര്‍ത്തു. ജൈവസമ്പന്ന മേഖലകളെ സംരക്ഷിച്ചുമാത്രമേ കാര്‍ഷികമേഖലയിലെ പ്രവൃത്തികള്‍ നടപ്പാക്കാവൂ. നദീതടങ്ങളിലെ ജൈവവൈവിധ്യത്തെ പുനരുജ്ജീവിപ്പിക്കണം. ആനത്തൊട്ടാവാടിപോലെയുള്ള 150-ഓളം വൈദേശിക സസ്യങ്ങളുടെ വ്യാപനം പ്രളയം വേഗത്തിലാക്കി. കാര്‍ഷികോത്പാദനംമുതല്‍ എല്ലാത്തിനെയും ഇതുബാധിക്കും. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിത്തിനങ്ങള്‍ കര്‍ഷകര്‍ക്കുണ്ട്. അത് സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















