തമിഴ്‌നാട് സ്വദേശിയുടെ ലൈസന്‍സുമായി ബീഹാറി യുവാവിനെ നെയ്യാര്‍ വനത്തിനുള്ളില്‍ കണ്ടെത്തി

ബിഹാര്‍ സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ നെയ്യാര്‍ വനത്തിലെ ആദിവാസി സെറ്റില്‍മെന്റില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ആദിവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സെറ്റില്‍മെന്റിലെത്തിയ റെയ്ഞ്ച് ഓഫിസര്‍ ജെ.സുരേഷിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ യുവാവിനെ നെയ്യാര്‍ഡാം പൊലീസിനു കൈമാറി.
ആയിരംകാല്‍ സെറ്റില്‍മെന്റില്‍ കണ്ടെത്തിയത് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെയാണന്നും പേര് രഘു എന്നാണെന്നും പൊലീസ് അറിയിച്ചു. യുവാവിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ യുവാവ് വനത്തില്‍ എങ്ങനെ പ്രവേശിച്ചുവെന്നതും മറ്റും സംബന്ധിച്ച് ദുരൂഹത ബാക്കിയാണ്. യുവാവിന്റെ പക്കല്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയുടെ ഡ്രൈവിങ് ലൈസന്‍സ് വഴിയില്‍ നിന്ന് ലഭിച്ചുവെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയതെന്നും വനപാലകര്‍ പറഞ്ഞു.
വനപാലകരോട് യുവാവ് പറഞ്ഞത് തമിഴ്‌നാട് വനം വഴി സെറ്റില്‍മെന്റിലെത്തിയെന്നാണ്. എന്നാല്‍ പൊലീസിനോട് ഒരാഴ്ച മുന്‍പ് തിരുവനന്തപുരത്തെത്തി എന്നാണ് പറഞ്ഞത്. വിലാസം കണ്ടെത്തി ബന്ധുക്കളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കും മുന്‍പേ, കോടതിയില്‍ ഹാജരാക്കി പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയതില്‍ വനപാലകര്‍ക്കും അമര്‍ഷമുണ്ട്.
https://www.facebook.com/Malayalivartha






















