സ്ത്രീശക്തി പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സ്ത്രീശക്തി പുരസ്‌കാരം ഏറ്റുവാങ്ങി

ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാരം തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു. പുരസ്‌ക്കാര തുകയായ ഒരു ലക്ഷം രൂപ വേദിയില്‍ വച്ച് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.കെ. ശൈലജ ടീച്ചര്‍ സംഭാവന നല്‍കി. നിപ പ്രതിരോധപ്രവര്‍ത്തനത്തിലെ മികവ് കണക്കിലെടുത്താണ് എട്ടാമത് സ്ത്രീശക്തി പുരസ്‌കാരത്തിനായി കെ.കെ. ശൈലജ ടീച്ചറെ തെരഞ്ഞെടുത്തത്. ഭരണരംഗത്തെ മികവിലൂടെയും മനുഷ്യത്വപരമായ ഇടപെടലുകളിലൂടെയും നിരവധി തവണ നടത്തിയ നല്ല മാതൃകയ്ക്കുളള അംഗീകാരമായാണ് സ്ത്രീശക്തി പുരസ്‌കാരം സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം .
ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാരം തന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകയ്ക്ക് ലഭിച്ചതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന്റ പൊതുവായ പുരോഗതി പകുതിയോ അതിലേറെയോ വരുന്ന സ്ത്രീ സമൂഹത്തെ ഒഴിവാക്കിക്കൊണ്ടായാല്‍ പറ്റില്ല. പുരുഷന്‍മാരെ പിന്നിലാക്കുന്ന എത്രയോ സ്ത്രീ മാതൃകളെ ചരിത്രത്തില്‍ കാണാനാകും. സ്ത്രീകള്‍ക്ക് എല്ലാ മേഖലകളിലും തുല്യപങ്കാളിത്തം നല്‍കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. വനിതകള്‍ക്ക് മാത്രമായി ഒരു വകുപ്പാരംഭിച്ചു. പോലീസില്‍ വനിത ബറ്റാലിയനുണ്ടാക്കി. ഫയര്‍ഫോഴ്‌സില്‍ ഫയര്‍ വുമണ്‍ തസ്തികയുണ്ടാക്കി. സ്ത്രീകളെ സര്‍ക്കാര്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചു. സ്ത്രീകളെ ഇതിന് നിയോഗിച്ചപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പല വിമര്‍ശനങ്ങളും ഉയര്‍ന്നു. ഗുണകരമായ കാര്യങ്ങളെ പോലും അംഗീകരിക്കാന്‍ കഴിയാത്തവിധം നമ്മുടെ മനോഘടന മാറിപ്പോയി. അത് മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്ത്രീശക്തി പുരസ്‌കാരത്തിലൂടെ ഏഷ്യാനെറ്റും ഇതു തന്നെയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാധ്യമങ്ങളുടെ സാമൂഹിക രംഗത്തെ പലപ്പോഴായുള്ള ഇടപെടലുകള്‍ സര്‍വത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ രംഗത്തെ ഇടപെടലുകളില്‍ കാണുന്ന, നാടിനോടും ജനങ്ങളുമോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും അതേ അളവില്‍ തന്നെ വാര്‍ത്താവിന്യാസ സംവിധാനത്തില്‍ കൂടി ഉണ്ടാകണമെന്നാഗ്രഹിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. കേരളത്തിന്റേയും കേരളീയരുടേയും പൊതുവായ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ മലയാളികള്‍ക്കിടയില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍ക്കിടയില്‍ നിന്നും എല്ലാ അര്‍ത്ഥത്തിലുമുള്ള പിന്തുണയും ഉണ്ടാകണമെന്ന് ആഗ്രഹിച്ച് പോകുന്നത് ആരും തെറ്റായി കാണില്ല. മഹാ പ്രളയത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ കേന്ദ്ര ധനസഹായം, വിദേശ ധനസഹായം, സാലറി ചലഞ്ച്, ദുരിതാശ്വാസം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ കേരളത്തിന്റേയും കേരളീയരുടേയും പൊതുവായ താത്പര്യത്തിനൊപ്പമാണോ കേരളത്തിലെ പ്രചാരമുള്ള പല മാധ്യമങ്ങളും നിന്നുവെന്ന കാര്യത്തില്‍ നിരവധി പേര്‍ക്ക് സംശയമുണ്ട്. ആ സംശയം പലരും പങ്കുവച്ചിട്ടുണ്ട്. പ്രതിസന്ധികളെ മറികടന്ന് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. കേരളത്തിന്റെ പുരോഗതി മുന്‍നിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഒന്നിച്ച് നിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിപ പ്രതിരോധത്തിന്റെ ക്രിയാത്മക ഇടപെടലിനപ്പുറും ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നയങ്ങള്‍ ഏറ്റവും ഫലപ്രദമാകുംവിധം പ്രായോഗികമാക്കുന്നതില്‍ കാട്ടിയ മികവും വൈദഗ്ധ്യവുമാണ് കെ.കെ. ശൈലജ ടീച്ചറെ ഈ പുരസ്‌ക്കാരത്തിനര്‍ഹയാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടെ നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വേണ്ടി സ്ത്രീശക്തി പുരസ്‌കാരം ഏറ്റു വാങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. കേരളത്തിന്റെ സാമ്പത്തിക പരിമിധികളില്‍ നിന്നുകൊണ്ട് വലിയ മുന്നേറ്റം നടത്താന്‍ ആരോഗ്യ വകുപ്പിനായി. ആശുപത്രികളിലൊക്കെ വലിയ മാറ്റം കാണാന്‍ സാധിക്കും. എങ്കിലും നമ്മുടെ ആവശ്യങ്ങളനുസരിച്ച് എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ജി.ഡി.പി.യുടെ 2 ശതമാനം മാത്രമാണ് ആരോഗ്യ മേഖലയ്ക്ക് മാറ്റി വയ്ക്കുന്നത്. ഇതൊരു 15 ശതമാനമെങ്കിലുമാക്കണം. ജനങ്ങളുടെ ആരോഗ്യം നന്നാക്കിയാല്‍ രാജ്യ പുരോഗതിയില്‍ തന്നെ വലിയ മാറ്റമുണ്ടാക്കാനാകും.
ധാരാളം പുരുഷന്‍മാരുടേയും സ്ത്രീകളുടേയും നിരന്തരം പോരാട്ടത്തിലൂടെയാണ് സ്ത്രീകള്‍ക്ക് ഇന്നു കാണുന്ന വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത്. സ്വന്തം സുഖം ത്യജിച്ച് കൊണ്ട് അടുത്ത തലമുറയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരുടെ ത്യാഗമാണ് ഈ മുന്നേറ്റം. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ എന്നിവരുടെ പുരോഗതിയ്ക്കായി വലിയ പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ നടത്തുന്നത്.
നിപയെ പ്രതിരോധിക്കുന്നതില്‍ വലിയ പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ഇതിന് വ്യക്തമായ ചികിത്സാ പ്രോട്ടോകോളോ ഫലപ്രദമായ പ്രതിരോധ വാക്‌സിനുകളോ വന്നാല്‍ ചികിത്സിച്ച് ഭേദമാക്കാനുള്ള മരുന്നുകളോ ഇല്ലാത്ത സമയത്താണ് നിപയെ പ്രതിരോധിച്ചത്. നിപ പ്രതിരോധത്തില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കും വളരെ വലുതാണ്. സിസ്റ്റര്‍ ലിനിയെ മന്ത്രി പ്രത്യേകം അനുസ്മരിച്ചു.
സര്‍ഗാത്മക വിമര്‍ശനം ഉണ്ടാകുന്നത് നല്ലതാണ്. തെറ്റു പറ്റുക മനുഷ്യസഹജമാണ്. എന്നാല്‍ തെറ്റുപറ്റിയാല്‍ തിരുത്താനുള്ള മനോഭാവം കാണിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എകെ ശശീന്ദ്രന്‍, ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ & ബിസിനസ് ഹെഡ് ഫ്രാങ്ക് പി. തോമസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha






















