മക്കളെ സ്‌കൂളില്‍ വിളിക്കാനെത്തിയ രക്ഷിതാക്കള്‍ തമ്മില്‍ സംഘര്‍ഷം, ഒരാള്‍ കുത്തേറ്റ് മരിച്ചു.

സ്‌കൂളില്‍ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ രക്ഷാകര്‍ത്താക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് കുത്തേറ്റു, ഒരാള്‍ മരിച്ചു. മറ്റു രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലു മണിയ്ക്ക് കൊല്ലം കരീക്കോട് സ്വകാര്യ സ്‌കൂളിലാണ് സംഭവം. കല്ലുംതാഴം സന്ധ്യാഭവനില്‍ ഓട്ടോ ഡ്രൈവറായ ധനേഷാണ് (25) കുത്തേറ്റ് മരിച്ചത്. കുറ്റിച്ചിറ എള്ളുവിള വീട്ടില്‍ നൂറുദീന്‍ (47), കിളികൊല്ലൂര്‍ നൂറാ കോട്ടോജില്‍ ബദറുദ്ദീന്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരേയും കുത്തിയ ചാത്തിനാംകുളം സ്വദേശി സിയാദ് (36) ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.
കൂട്ടികളെ സ്‌കൂള്‍ സമയം കഴിഞ്ഞ് കൂട്ടിക്കൊണ്ട് പോകുന്നതിനായി ഓട്ടോയില്‍ എത്തിയതാണ് ധനേഷും നുറുദീനും ബദറുദീനും. സിയാദ് കൂട്ടാന്‍ കാറിലാണെത്തിയത്. ബദറുദീന്റെ ഓട്ടോ കാറിനോട് ചേര്‍ത്ത് നിറുത്തിയതിനെത്തുടര്‍ന്ന് സിയാദിന് ഡോര്‍ തുറക്കാനായില്ല. ഇതേച്ചൊല്ലി സിയാദും ബദറുദ്ദീനും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഇത് കണ്ട് ധനേഷും പിന്നീട് നുറുദീനും ബദറുദീന്റെ പക്ഷം ചേര്‍ന്നു. ഇതിനിടെ സിയാദ് കത്തിയെടുത്ത് മൂവരേയും കുത്തുകയായിരുന്നു. കൊല്ലം എ.സി.പി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























