സാധാരണക്കാരുടെ ജീവന് ഒരു വിലയുമില്ലേ... റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

വിഐപി സന്ദര്‍ശനവേളകളില്‍ റോഡുകള്‍ നന്നാക്കുന്നതില്‍ കാട്ടുന്ന വ്യഗ്രത സാധാരണ പൗരന്മാരുടെ ജീവന്‍രക്ഷിക്കുന്നതിലും വേണമെന്ന് പരാമര്‍ശിച്ച് സംസ്ഥാനത്ത് റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റോഡുകള്‍ മുഴുവന്‍ തകരുമ്ബോഴും നന്നാക്കാന്‍ സര്‍ക്കാര്‍ അമാന്തിക്കുന്നതെന്തെന്നും കോടതി ചോദിച്ചു.
വിഐപി കളുടെ സന്ദര്‍ശന സമയത്ത് മാത്രം യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകള്‍ നന്നാക്കുന്ന രീതി ശരിയല്ല. സാധാരണക്കാര്‍ക്കും വിഐപികള്‍ക്കും ആനുകൂല്യത്തിനുള്ള അര്‍ഹത ഒരു പോലെയാണെന്നും കോടതി ഓര്‍മ്മിച്ചു. റോഡുകള്‍ കിടങ്ങുകളാകുന്നതു വരെ സര്‍ക്കാര്‍ കാത്തിരിക്കരുത്. സുരക്ഷിതമായ യാത്രക്കുള്ള സാഹചര്യം ഉണ്ടാകണമെന്നും റോഡ് അപകടങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉത്തരാവാദിത്വം ഉണ്ടാകണമെന്നും കോടതി പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും, പണികള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ ഉടന്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം മഴ തുടരുന്നതിനാല്‍ റോഡുകളില്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വാദം. മഴ മാറി ഒരു മാസത്തിനകം പണികള്‍ പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചത്.
https://www.facebook.com/Malayalivartha