കെ.യു ജനീഷ് കുമാറിലൂടെ ചരിത്രം തിരുത്തി കോന്നി; 70.07 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ കോന്നിയില്‍ പതിനായിരത്തിന് അടുത്ത് ഭൂരിപക്ഷം; 23 വര്‍ഷത്തിനു ശേഷം കോന്നി ചുവപ്പണിഞ്ഞു

23 വര്‍ഷത്തിനു ശേഷം കോന്നി ചുവപ്പണിഞ്ഞു. കെ.യു ജനീഷ് കുമാറിലൂടെയാണ് കോന്നി ചുവപ്പണിഞ്ഞത്. 1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശിന്റെ കുത്തകയായിരുന്ന കോന്നി യു.ഡി.എഫിന്റെ പി മോഹന്‍രാജും എന്‍.ഡി.എയുടെ കെ. സുരേന്ദ്രനും ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എല്ഡിഎഫിനൊപ്പം നിന്നത്.
70.07 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ കോന്നിയില്‍ പതിനായിരത്തിന് അടുത്ത് ഭൂരിപക്ഷമാണ് ജനീഷ് നേടിയത്. 1965-ല്‍ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എം.എല്‍.എ കോണ്‍ഗ്രസിന്റെ പി.ജെ തോമസ് ആയിരുന്നു. പിന്നീട് മണ്ഡലം ഇടതു വലതു മുന്നണികളെ മാറിമാറി പിന്തുണച്ചു. 1982 മുതല്‍ 1996 വരെ ഇതായിരുന്നു ട്രെന്‍ഡ്. പക്ഷേ മുന്നണിഭേദമില്ലാതെ നിയസമഭയില്‍ എത്തിയവരെല്ലാം പ്രതിപക്ഷത്തായിരുന്നു ഇരുന്നത്. എന്നാല്‍ 2001-ല്‍ അടൂര്‍ പ്രകാശ് മണ്ഡലം നിലനിര്‍ത്തിയതോടെ ഇതിന് മാറ്റം വന്നു.
1996-ല്‍ സിറ്റിങ് എം.എല്‍.എ ആയിരുന്ന എ.പത്മകുമാറിനെ 806 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് അടൂര്‍ പ്രകാശ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് അങ്ങോട്ട് യു.ഡി.എഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് വിജയിച്ചത് നേരിയ ഭൂരിപക്ഷത്തിനാണ്. 2721 വോട്ടായിരുന്നു ഭൂരിപക്ഷം. ഈ പ്രതീക്ഷയുമായി ജനീഷ് കുമാറിനെ കളത്തിലിറക്കിയ എല്‍.ഡി.എഫിന് തെറ്റിയില്ല. പത്തനംതിട്ട ഉള്‍പ്പെട്ട കോന്നിയില്‍ ശബരിമല വിഷയം പിന്തുണക്കുമെന്ന് കണക്കുകൂട്ടിയാണ് എന്‍.ഡി.എ സുരേന്ദ്രനെ കളത്തിലിറക്കിയത്. എന്നാല്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ 45,506 വോട്ട് പിടിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞില്ല. 39786 വോട്ട് ആണ് സുരേന്ദ്രന്‍ നേടിയത്.
എന്നാൽ അടൂര്‍ പ്രകാശിന്റെ നിലപാടുകളാണ് കോന്നിയിലെ പരാജയത്തിന് പിന്നിലെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളിലും വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്.
കോന്നിയില്‍ തന്റെ പിന്‍ഗാമിയായി പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്ററെ മത്സരിപ്പിക്കണമെന്ന നിലപാടിലായിരുന്നു അടൂര്‍ പ്രകാശ്. എന്നാല്‍ ഇതിനെതിരെ ഡി.സി.സി ശക്തമായി രംഗത്തെത്തിയതാണ് പി. മോഹന്‍രാജ് എന്ന സ്ഥാനാര്‍ഥിയിലേക്കെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.
റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് മണ്ഡലത്തില്‍ പ്രചരണത്തിന് ഇറങ്ങില്ലെന്നും അടൂര്‍ പ്രകാശ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തിയ അനുനയ നീക്കത്തിനൊടുവിലാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പോലും തയാറായത്. കണ്‍വെന്‍ഷന്‍ വേദിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹന്‍രാജിനൊപ്പമാണ് താനെന്ന് പ്രഖ്യാപിച്ചെങ്കിലും അടൂര്‍ പ്രകാശ് പ്രചാരണത്തില്‍ കാര്യമായി സഹകരിക്കുന്നില്ലെന്ന പരാതിയുമായി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. പരാജയത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അടൂര്‍ പ്രകാശിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരും രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















