എറണാകുളത്ത് ഡി.സി.സി പ്രസിഡന്റും കൊച്ചി ഡെപ്യൂട്ടി മേയറുമായ ടി.ജെ വിനോദ് ജയിച്ചപ്പോള്‍ അന്തരിച്ച ലിഡര്‍ കെ. കരുണാകരന്റെ സ്വപ്‌നം കൂടിയാണ് സാക്ഷാത്കരിച്ചത്

എറണാകുളത്ത് ഡി.സി.സി പ്രസിഡന്റും കൊച്ചി ഡെപ്യൂട്ടി മേയറുമായ ടി.ജെ വിനോദ് ജയിച്ചപ്പോള്‍ അന്തരിച്ച ലിഡര്‍ കെ. കരുണാകരന്റെ സ്വപ്‌നം കൂടിയാണ് സാക്ഷാത്കരിച്ചത്. 2003ല്‍ ജോര്‍ജ് ഈഡന്റെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ടി.ജെ വിനോദിന്റെ പേര് കെ.കരുണാകരന്‍ നിര്‍ദേശിച്ചുവെങ്കിലും ഗ്രൂപ്പ് പോരും മറ്റും കാരണം എം.ഒ.ജോണ്‍ ആണ് സ്ഥാനാര്‍ത്ഥിയായത്. പിന്നീട് പല വട്ടം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും വിനോദിന്റെ പേര് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും മത്സരിക്കാന്‍ ഭാഗ്യം ലഭിച്ചില്ല. ഇത്തവണ ജോര്‍ജ് ഈഡന്റെ മകന്‍ ഹൈബി ഈഡന്‍ എംപിയായതോടെയാണ് നിയമസഭയിലേക്കുള്ള വഴി തെളിഞ്ഞത്. 3673 വോട്ടുകള്‍ക്കാണ് വിജയിച്ചത്. വോട്ടെടുപ്പ് ദിവസം മഴയും വെള്ളക്കെട്ടും ആയതിനാല്‍ പലര്‍ക്കും വോട്ട് ചെയ്യാനായില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഭൂരിപക്ഷം കുറയാനുള്ള കാരണം അതാണെന്നും മുന്‍മേയര്‍ ടോണി ചമ്മിണി ചൂണ്ടിക്കാട്ടുന്നു.
സംഘടനാ തലത്തിലെ സ്വാധീനം, പൊതുസ്വീകാര്യത, പ്രവര്‍ത്തനമികവ്, സാമുദായിക സമവാക്യം, ഘടകകക്ഷികളുമായുള്ള മികച്ച ബന്ധം തുടങ്ങിയവയാണ് ടി.ജെ വിനോദിന്റെ ശക്തി. നൂറ്റാണ്ടോളം കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ച പരിചയവും ലത്തീന്‍ വോട്ടുകള്‍ ചേര്‍ത്തു നിര്‍ത്താനുള്ള കഴിവും വിനോദിന് അനുഗ്രഹമായി. ഗ്രൂപ്പുകള്‍ക്ക് അതീതനായ ഡിസിസി പ്രസിഡന്റ് കൂടിയാണ് വിനോദ്. കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ എറണാകുളം ഡിസിസിയെ, രാജ്യത്ത് നമ്പര്‍ വണ്ണാക്കിയെന്ന അംഗീകാരവും വിനോദിന് തന്നെ. ഹൈബി ഈഡന് 2016ല്‍ നിയമസഭയിലേക്ക് 21949 വോട്ടിന്റെയും 2019ല്‍ ലോക്‌സഭയിലേക്ക് 31178 വോട്ടിന്റെയും ലീഡ് നല്‍കിയ മണ്ഡലത്തിലാണ് ടി ജെ വിനോദ് കുറഞ്ഞ വോട്ടുകള്‍ക്ക് വിജയിച്ചത്.
ഉപതിരഞ്ഞെടുപ്പു നടന്ന എറണാകുളം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി ജെ വിനോദ് വിജയിച്ചത് 3673 വോട്ടുകള്‍ക്ക്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയിയുടെ അപരന്‍ 2544 വോട്ടുകള്‍ നേടിയില്ലായിരുന്നെങ്കില്‍ യുഡിഎഫ് ഭൂരിപക്ഷം 1100 ആയി കുറയുമായിരുന്നു. വോട്ടിങ് മെഷീനില്‍ അടുത്തടുത്ത സ്ഥാനങ്ങളിലായിരുന്നു ഇരുവരുടേയും പേരുകള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 20000 ലധികം വോട്ടുകളുടെ കുറവാണ് യുഡിഎഫിന് ഉണ്ടായിട്ടുള്ളത്. എല്‍ഡിഎഫിന് 2016 നിയമസഭാ തെരഞ്ഞെടുപ്പിനേക്കാളും നേരിയ കുറവുണ്ടായെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാളും സ്ഥിതി മെച്ചപ്പെടുത്തി. 33843 വോട്ടുകളാണ് മനു റോയിക്ക് ലഭിച്ചത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ എം അനില്‍കുമാര്‍ (സിപിഐ എം) : 35870 (32.46%) വോട്ട് നേടിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി രാജീവ് 30742 വോട്ടുകളും നേടി.
വോട്ട് കണക്കില്‍ യുഡിഎഫിന് കനത്ത തിരച്ചടിയാണ് ഉണ്ടായത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഹൈബി ഈഡന്‍ 57819 (52.32%) വോട്ടുകളാണ് നേടിയത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 61920 വോട്ടുകളും. എന്നാല്‍ ടി ജെ വിനോദിന് 37516 വോട്ടുകളെ നേടാനായുള്ളൂ. എന്‍ഡിഎയ്ക്കും തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാണ്. നാലുമാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17769 വോട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം നേടിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 14878 വോട്ടുകളും നേടി. ഇത്തവണ സ്ഥാനാര്‍ഥി സി ജി രാജഗോപാലിന് 13259 വോട്ടുകളെ നേടാനായുള്ളൂ.
https://www.facebook.com/Malayalivartha






















