ഈ വിജയം വരാനിരിക്കുന്ന വിജയങ്ങളുടെ മുന്നോടി... അരൂര്‍ മണ്ഡലം നഷ്ടപ്പെട്ടെങ്കിലും യുഡിഎഫ് കോട്ടയായിരുന്ന കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചെങ്കൊടി പാറിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു

സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം ചിരിത്രവിജയമെന്നു തന്നെ പറയാം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കുതിച്ചുകയറ്റത്തിന്റെ സൂചനയാണ് ഇപ്പോഴത്തെ വിജയം. സിറ്റിങ് സീറ്റായ അരൂര്‍ മണ്ഡലം നഷ്ടപ്പെട്ടെങ്കിലും യുഡിഎഫ് കോട്ടയായിരുന്ന കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചെങ്കൊടി പാറിക്കാന്‍ എല്‍ഡിഎഫിനായത് തിരിച്ചുവരവിന്റെ മുന്നോടിയായി തന്നെ കാണണം.
ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കിയ എന്‍എസ്എസ് നിലപാടിന് വന്‍ തിരിച്ചടിയാണ് എല്‍ഡിഎഫിന്റെ വിജയം. 2021ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ ചില സൂചനകള്‍ അരൂരും കോന്നിയും വട്ടിയൂര്‍ക്കാവും എറണാകുളവും മഞ്ചേശ്വരവും നല്‍കുന്നുണ്ട്.
വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് 14,438 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫ് 54,782 വോട്ടുകളാണ് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാര്‍ 40,344 വോട്ടുമായി രണ്ടാമത് എത്തിയപ്പോള്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി എസ് സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ് സുരേഷിന് 27,425 വോട്ടാണ് ലഭിച്ചത്.
യുഡിഎഫിന്റെ എക്കാലത്തേയും ഉറച്ച കോട്ടയായിരുന്ന കോന്നി കെ യു ജനീഷ്‌കുമാറിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. 23 വര്‍ഷമായി അടൂര്‍ പ്രകാശ് എംഎല്‍എയായിരുന്ന മണ്ഡലം 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് നേടി. കെ യു ജനീഷ്‌കുമാറിന് 54,099 വോട്ട് ലഭിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ യുഡിഎഫിലെ പി മോഹന്‍രാജ് രണ്ടാമതും എന്‍ഡിഎയിലെ കെ സുരേന്ദ്രന്‍ മൂന്നാമതുമായി. പി മോഹന്‍രാജിന് 44,146 വോട്ടും സുരേന്ദ്രന് 39,786 വോട്ടും ലഭിച്ചു.
തുടര്‍ച്ചയായ 13 വര്‍ഷം ഇടതുപക്ഷം കാത്തുസൂക്ഷിച്ച അരൂരിലാണ് 2029 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ അട്ടിമറി വിജയം നേടിയത്. ഷാനിമോള്‍ ഉസ്മാന്‍ 67,832 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിലെ മനു സി പുളിക്കല്‍ 65,956 വോട്ടും സ്വന്തമാക്കി. ബിജെപി സ്ഥാനാര്‍ഥി കെ പി പ്രകാശ് ബാബുവിന് 15,920 വോട്ടുകള്‍ ലഭിച്ചു. എസ്എന്‍ഡിപിയുടെ ഇടത് അനുകൂല നിലപാട് ഇവിടെ വിജയം കണ്ടില്ലെന്നാണ് വിലയിരുത്തല്‍.
മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി വോട്ടിങ് ശതമാനം കുറഞ്ഞ എറണാകുളത്ത് യുഡിഎഫ് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. 3,673 വോട്ടുകള്‍ക്കാണ് യുഡിഎഫ് കോട്ടയെന്ന് വിലയിരുത്തുന്ന മണ്ഡലത്തില്‍നിന്ന് ടി ജെ വിനോദ് വിജയിച്ചത്. വിനോദിന് 37,891 വോട്ടും രണ്ടാമതെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയ്ക്ക് 34,141 വോട്ടും ലഭിച്ചു. ബിജെപിയുടെ സി ജി രാജഗോപാലിന് 13351 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മനു റോയിയുടെ അപരന്‍ മനു കെ എം 2,544 വോട്ട് നേടിയതും യുഡിഎഫിന് ഗുണമായി.
ബിജെപി വെല്ലുവിളി അതിജീവിച്ച് മഞ്ചേശ്വരത്ത് യുഡിഎഫിന് മിന്നും ജയമാണ് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി എം സി ഖമറുദ്ദീന്‍ 7923 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഖമറുദ്ദീന്‍ 65407 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ രവീശതന്ത്രി കുണ്ടാറിന് 57484 വോട്ടുകള്‍ ലഭിച്ചു. സിപിഎമ്മിന്റെ എം ശങ്കര്‍ റേ 38233 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഏറെ ശ്രദ്ധേയമായ മല്‍സരം നടന്ന വട്ടിയൂര്‍ക്കാവും കോന്നിയും കോണ്‍ഗ്രസ് മണ്ഡലങ്ങളെന്നതിനക്കോളുപരി കെ മുരളീധരന്റെയും അടൂര്‍പ്രകാശിന്റെയും മണ്ഡലങ്ങളായിരുന്നു. ഈ മണ്ഡലങ്ങളിലെ പരാജയം കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തിന് മൂര്‍ച്ച കൂട്ടുമെന്നതില്‍ സംശയമില്ല. രണ്ടിടങ്ങളിലും കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ വന്‍തോതില്‍ വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ചുരുക്കത്തില്‍ ഇടംവലം നോക്കാതെ ജനം വിധിയെഴുതിയപ്പോള്‍ ഇടത്, വലത് മുന്നണികള്‍ക്ക് ആശ്വാസവും ഒപ്പം ആശങ്കയും നല്‍കുന്നതാണ് ഫലം.
https://www.facebook.com/Malayalivartha






















