പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു...

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. നേരത്തേ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ റീ രജിസ്റ്റര്‍ ചെയ്താണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അന്വേഷണത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. പൊലീസിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 14 പേരെത്തന്നെയാണ് സി.ബി.ഐയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്.
സെപ്റ്റംബര്‍ 30നാണ് ഹൈകോടതി അന്വേഷണം സി.ബി.ഐക്ക് വിട്ടത്. എന്നാല്‍, കേരള പൊലീസ് സി.ബി.ഐക്ക് അന്വേഷണം കൈമാറുകയോ സി.ബി.ഐ അന്വേഷണം ആരംഭിക്കുകയോ ചെയ്തില്ല. ഇതേതുടര്‍ന്ന് പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചു.
ഹരജി പരിഗണിച്ച ഹൈകോടതി, ഫയല്‍ സി.ബി.ഐക്ക് കൈമാറാത്ത നടപടിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. രണ്ടുപ്രാവശ്യം കേസ് ഫയല്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് മറുപടിപോലും നല്‍കിയില്ലെന്ന് സി.ബി.ഐ ഹൈകോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഫയലുകള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
2019 ഫെബ്രുവരി 17ന് കാസര്‍കോട്ടെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെ അക്രമിസംഘം ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു
https://www.facebook.com/Malayalivartha






















