സിലി വധക്കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷാജുവിനെതിരെ മൊഴിയുമായി വീണ്ടും ജോളി... അരിഷ്ടത്തില്‍ വിഷം കലര്‍ത്തിയെന്ന് ജോളി; ഷാജു സിലിക്ക് നല്‍കിയെന്നും മൊഴി

കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷാജുവിനെതിരെ മൊഴിയുമായി വീണ്ടും ജോളി. ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ ഇന്നലെ നടത്തിയ തെളിവെടുപ്പിനിടെയാണ് ജോളി മൊഴി നല്‍കിയത്. സിലിക്കെതിരെ 2014ല്‍ നടന്ന വധശ്രമവും കൊലപാതകവും ഷാജുവിനറിയാമായിരുന്നെന്ന് പുലിക്കയത്തെ തെളിവെടുപ്പിനിടെ പറഞ്ഞതായാണ് സൂചന. 2016ല്‍ സിലിയെ സയനൈഡ് പുരട്ടി കൊന്ന ഗുളിക വാങ്ങിയത് കോഴിക്കോട് നഗരത്തിലെ മരുന്നുകടയില്‍നിന്നാണെന്ന് ജോളി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലും തെളിവെടുപ്പിനെത്തി.
എന്നാല്‍, മാവൂര്‍ റോഡിലെ മരുന്നുകട പൂട്ടിക്കിടന്നതിനാല്‍ തെളിവെടുപ്പ് മറ്റൊരു ദിവസം നടത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വിഷം ചേര്‍ത്ത അരിഷ്ടം കൈമാറിയത് ഷാജുവാണെന്ന് ജോളി അന്വേഷണസംഘത്തോട് പുലിക്കയത്തുവെച്ച് വ്യക്തമാക്കി. ഇക്കാര്യം മുമ്പ് ചോദ്യം ചെയ്തപ്പോള്‍ ഷാജുവും പിതാവ് സഖറിയാസും ശക്തമായി നിഷേധിക്കുകയായിരുന്നു. അരിഷ്ടത്തില്‍ വിഷം ചേര്‍ത്തത് എങ്ങനെയെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു.
വിഷം ചേര്‍ത്ത അരിഷ്ടം ഷാജുവിന് കൈമാറുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന അരിഷ്ടത്തില്‍ സയനൈഡ് കലര്‍ത്തി കൊല്ലാനായിരുന്നു ശ്രമമെന്നാണ് ജോളിയുടെ മൊഴി. അരിഷ്ടം സൂക്ഷിച്ച അലമാരയും ജോളി കാണിച്ചുകൊടുത്തു. ഷാജുവാണ് അരിഷ്ടം സൂക്ഷിച്ചത്. സിലിക്ക് വിഷം ചേര്‍ത്ത അരിഷ്ടം ഷാജു നല്‍കിയെങ്കിലും മരിച്ചിരുന്നില്ല. രണ്ടുതവണ ഷാജു സിലിക്ക് വിഷം നല്‍കിയെന്ന മൊഴി തെളിവെടുപ്പിനിടെയും ജോളി ആവര്‍ത്തിച്ചു. അരിഷ്ടത്തിന്റെ അളവ് കൂടിയതിനാലാണ് സിലി കുഴഞ്ഞുവീണതെന്നായിരുന്നു ഷാജു പറഞ്ഞത്.
ഷാജുവിനെയും സഖറിയാസിനെയും ഒപ്പമിരുത്തിയും പൊലീസ് ജോളിയെ ചോദ്യം ചെയ്തു. കൂടത്തായിയിലെ പൊന്നാമറ്റം താമരശ്ശേരിയിലെ ദന്താശുപത്രിയിലുമെത്തിച്ച് തെളിവെടുത്ത ശേഷം വൈകീട്ട് കോഴിക്കോട് നഗരത്തിലെത്തിക്കുകയായിരുന്നു. സിലി മരിച്ച ദിവസം കൂടെയുണ്ടായിരുന്നത് ജോളിയാണെന്ന് ദന്താശുപത്രിയിലെ ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. നേരത്തേയും ഇവിടെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. മൂന്നാം തവണയാണ് അന്വേഷണ സംഘം പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്.
https://www.facebook.com/Malayalivartha






















