ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന: വൃത്തികേടിന്റെ ഞെട്ടിക്കുന്ന കാഴ്ചകളുമായി ബേക്കറികള്‍

പുത്തന്‍തോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശശിയുടെ നേതൃത്വത്തില്‍ തോന്നയ്ക്കല്‍, മംഗലപുരം, പുതുക്കുറുച്ചി, അണ്ടൂര്‍ക്കോണം, വേളി പിഎച്ച്‌സിയിലെ ഉദ്യോഗസ്ഥരടക്കം 15 അംഗ സംഘം തിരുവനന്തപുരത്ത് ബേക്കറികളിലും ഹോട്ടലുകളിലും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും വിവിധ കടകളില്‍ നിന്ന് 28, 000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.
ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയില്‍, കീര്‍ത്തി ബേക്കറിയിലേക്ക് പലഹാരങ്ങള്‍ ഉണ്ടാക്കുന്ന ബോര്‍മയില്‍ 25 കിലോ കേക്കും 15 കിലോ ക്രീമും പഴകിയ എണ്ണയും അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തിയത് പിടിച്ചെടുത്ത് നശിപ്പിച്ചു. അടുക്കള ഭാഗത്ത് മാലിന്യം കെട്ടിക്കിടന്ന് പരിസരമാകെ ദുര്‍ഗന്ധമായിരുന്നു. അഴുക്കു നിറഞ്ഞ പെയിന്റു ബക്കറ്റുകളിലാണ് ചേരുവകളും ക്രീമും സൂക്ഷിച്ചിരുന്നത്. പാകമായ കേക്കുകള്‍ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. പാചകം ചെയ്യുന്നതിനു സമീപമാണ് ശുചിമുറി. ജീവനക്കാര്‍ കയ്യുറ ഉപയോഗിക്കാത്തതും അധികൃതര്‍ ചൂണ്ടിക്കാട്ടി.
ജംക്ഷനിലുള്ള ബെസ്റ്റ് ബേക്കറിയിലും അവരുടെ ഗോഡൗണിലുമായി സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ 250 കവര്‍പാലും കണ്ടെത്തി നശിപ്പിച്ചു. കുമാര്‍ ബേക്കറിയുടെ ബോര്‍മയിലും വൃത്തിഹീനമായ സാഹചര്യം കണ്ടെത്തി. ഭക്ഷണ പാനീയങ്ങളില്‍ നിറത്തിനും മണത്തിനും രുചിക്കും ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളും പിടിച്ചെടുത്തു.
15 കടകളില്‍ സംഘം പരിശോധന നടത്തി. മിക്ക കടകള്‍ക്കും ലൈസന്‍സോ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഉണ്ടായിരുന്നില്ല. ഇത്തരം കടകള്‍ക്ക് നോട്ടിസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. വിശദമായ റിപ്പോര്‍ട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനു നല്‍കിയതായും തുടര്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും സൂപ്പര്‍വൈസര്‍ അറിയിച്ചു. എച്ച് ഐമാരായ ഷിബു. അഖിലേഷ്, പ്രീത, സന്തോഷ് എന്നിവരോടൊപ്പം ജെഎച്ച്‌ഐമാരും സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















