വിഷം കഴിച്ച ശേഷം പോലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു

വിഷം കഴിച്ച് അന്തിക്കാട് പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ച് പോലീസ് രക്ഷകരായി. ഇന്നലെ രാവിലെയാണ് യുവാവ് വിഷം കഴിച്ചെത്തിയത്. സന്ദര്‍ശകരുടെ ഇരിപ്പിടത്തില്‍ അവശനായി ഇരുന്ന ഇയാളെ സിഐ : പി.കെ മനോജ് കുമാറിന്റെ ഇടപെടലില്‍ പോലീസ് വാഹനത്തില്‍ ആസ്പത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു. മണലൂര്‍ സ്വദേശി ഏങ്ങാണ്ടി വീട്ടില്‍ സുഖിലേഷിനെ (35) യാണ് അന്തിക്കാട് പോലീസ്, ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചത്.
കാഞ്ഞാണിയിലെ യൂണിയന്‍ തൊഴിലാളിയാണ് മണലൂര്‍ സ്വദേശിയായ സുഖിലേഷ്. ഭാര്യയും ഒരു മകനും, ഒരു മകളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. കുറച്ചു ദിവസം മുന്‍പ് ഇവരുടെ മകള്‍ക്ക് ചര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ മകളെയും കൂട്ടി തന്റെ പുല്ലഴിയിലുള്ള വീട്ടിലായിരുന്നു. ഇതിനിടെ സുഖിലേഷ് ഇവരെ വിളിച്ചെങ്കിലും മകളെ പരിചരിക്കുന്നതിനിടയില്‍ ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
ഇതിന്റെ ദേഷ്യത്തില്‍ കഴിയുകയായിരുന്ന സുഖിലേഷ്, ഭാര്യ തിരികെ വീട്ടിലെത്തിയപ്പോള്‍ മര്‍ദ്ദിച്ച് അവശയാക്കി. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ഭാര്യ അന്തിക്കാട് പോലീസിലെത്തി പരാതി നല്‍കി. സ്റ്റേഷനിലേക്ക് രണ്ടു പേരെയും വിളിപ്പിച്ചെങ്കിലും സ്വയം മരിക്കുമെന്നും, ഭാര്യയെ വധിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.
അടുത്ത ദിവസം ഇയാളോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാവിലെ സുഹൃത്തിന്റെ ബൈക്കില്‍ അന്തിക്കാട് സ്റ്റേഷന് 75 മീറ്റര്‍ അകലെ വന്നിറങ്ങിയ ഇയാള്‍ സമീപത്തെ ചെടികള്‍ക്കിടയില്‍ നിന്ന് കയ്യില്‍ കരുതിയ വിഷം കുടിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് നെഞ്ചു തിരുമ്മി നടന്നു വരുന്ന ദൃശ്യങ്ങള്‍ സ്റ്റേഷനു മുന്നിലെ സിസിടിവി ക്യാമറയില്‍ വ്യക്തമാണ്. സന്ദര്‍ശകര്‍ ഇരിക്കുന്നിടത്ത് അസ്വസ്ഥനായി ഇയാള്‍ വന്നിരുന്ന വിവരം ബൈക്കില്‍ കൂടെ വന്ന ആള്‍ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സിഐ : പി.കെ മനോജ് കുമാറിന്റെ നിര്‍ദേശ പ്രകാരം സിവില്‍ പോലീസ് ഓഫീസറായ സോണി, തോമസ് എന്നിവര്‍ ചേര്‍ന്ന് അന്തിക്കാട് സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ച് പ്രഥമ ശ്രുശ്രൂഷ നല്‍കുകയും, തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലെത്തിക്കുകയും ചെയ്തു. സുഖിലേഷ് അപകടനില തരണം ചെയ്തതായി ആസ്പത്രി അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















