അത്ഭുതം സംഭവിക്കാത്തതെന്ത്? ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ഒന്ന് മാറിനിന്നാല്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്റെ ചുമതല വഹിക്കേണ്ടയാളാണ് സാക്ഷാല്‍ ഉപാധ്യക്ഷനായ അബ്ദുള്ളക്കുട്ടി; അത്ഭുതം കാട്ടാനായി അത്ഭുതക്കുട്ടിയെ കെട്ടിയിറക്കിയപ്പോള്‍ മുതല്‍ ശകുനവും പിഴച്ചു

ഇടതുപക്ഷത്ത് നിന്നും കോണ്‍ഗ്രസിലെത്തി അവസാനം ബിജെപിയിലേക്ക് ചേക്കേറിയ അബ്ദുള്ള കുട്ടിയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വം അത്ഭുതമാണ് സമ്മാനിച്ചത്. ബിജെപിയിലെ സംസ്ഥാനത്തെ തലമുതിര്‍ന്ന നേതാക്കള്‍ കൊതിച്ച സംസ്ഥാന ഉപാധ്യക്ഷ സ്ഥാനമാണ് അബ്ദുള്ളകുട്ടിയെ തേടിയെത്തിയത്. വലിയ അധികാരമാണ് ഉപാധ്യക്ഷനുള്ളത്. അതായത് സംസ്ഥാന അധ്യക്ഷനായ ശ്രീധരന്‍പിള്ള 10 ദിവസം പനിപിടിച്ച് കിടന്നാല്‍ ബിജെപിയെ നയിക്കേണ്ടത് അബ്ദുള്ള കുട്ടിയാണ്. സംഭവം കൊള്ളാമെങ്കിലും അബ്ദുള്ള കുട്ടിയുടെ വരവ് സംസ്ഥാന നേതൃത്വത്തിന് അത്ര പിടിച്ചിട്ടില്ല.
അബ്ദുള്ളക്കുട്ടിയുടെ വരവ് ഐശ്വര്യമില്ലാതെയാണ് തുടങ്ങുന്നത്. അധികാരമേറ്റ് മൂന്നുനാള്‍ കഴിഞ്ഞുള്ള ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപി തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെന്ന് മാത്രമല്ല നാലിടത്തും ബിജെപിക്ക് വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ബിജെപി വലിയ വിജയം അവകാശപ്പെട്ടിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല.
മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് തുടരാനായതും 348 വോട്ട് വര്‍ധിച്ചതുമാണ് ആകെ ആശ്വാസം. അതേ സമയം മറ്റെല്ലായിടങ്ങളിലും നേരത്തെ ലഭിച്ച വോട്ടുകള്‍ ഗണ്യമായി കുറയുകയും ചെയ്തു. ശബരിമലയിലെ പ്രചാരണായുധമാക്കിയിട്ടും നേട്ടത്തിനേക്കാളേറെ കോട്ടമാണ് ബിജെപിക്കുണ്ടായതെന്നാണ് ശ്രദ്ധേയം. വട്ടിയൂര്‍ക്കാവിലും കോന്നിയിലുമായിരുന്നു ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്നത്. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു.
കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്ന മണ്ഡലത്തില്‍ അവസാന ഘട്ടത്തിലാണ് എസ് സുരേഷിനെ രംഗത്തിറക്കിയത്. 2016ലും 2019ലും കുമ്മനം രാജശേഖരനാണ് ബിജെപിക്കിവിടെ രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. 27453 വോട്ടുകള്‍ മാത്രമെ എസ് സുരേഷിന് ഇത്തവണ വട്ടിയൂര്‍ക്കാവില്‍ നേടാനായുള്ളൂ. 2019ല്‍ 50709 ഉം 2016ല്‍ 43700 ഉം വോട്ടുകള്‍ ബിജെപി ഇവിടെ നേടിയിരുന്നു. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ യുഡിഎഫിന് പരസ്യമായി വോട്ട് ചോദിച്ച മണ്ഡലത്തില്‍ കരയോഗങ്ങളുടെ പേരില്‍ ബിജെപിയും വോട്ടഭ്യര്‍ത്ഥന നടത്തി. അതേ സമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മേയര്‍ വി കെ പ്രശാന്തിന്റെ ജനസമ്മതിക്ക് മുന്നില്‍ എല്ലാ സമവാക്യങ്ങളും തകര്‍ന്നടിയുകയും ചെയ്തു.
അതേസമയം ഉപതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി നേരിട്ട പരാജയം പാര്‍ട്ടി ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി വിലയിരുത്തുന്നത് വേറെ രീതിയിലാണ്. മഴയും മോഡി സര്‍ക്കാരിനെതിരായ രാഷ്ട്രീയ കാലാവസ്ഥയുമാണ് ബി.ജെ.പിക്ക് വോട്ട് കുറയാന്‍ കാരണമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
രാഷ്ട്രീയ കാലാവസ്ഥ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കേരളത്തിലും പുറത്തുമെല്ലാം മോഡി സര്‍ക്കാരിനെതിരെ ഉണ്ടായ പ്രചാരണങ്ങളാണ്. പ്രത്യേകിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ് ഈ പ്രചാരണങ്ങളെല്ലാം നടന്നത്. ആഗോളതലത്തില്‍ പല രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയിലും പ്രശ്‌നങ്ങളുള്ളത്. മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ അല്‍പ്പം കൂടി കാത്തിരിക്കണമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ വര്‍ഗീയത പറഞ്ഞും ജാതി പറഞ്ഞുമാണ് എല്ലാവരും വോട്ട് നേടുന്നത്. എന്നാല്‍ ബി.ജെ.പി അങ്ങനെയല്ല. ബി.ജെ.പി മുസ്ലീങ്ങള്‍ക്കെതിരെയാണ് എന്നൊരു പ്രചാരണം ഇവിടെ നടന്നു. ബി.ജെ.പി മുസ്ലീങ്ങള്‍ക്കെന്നല്ല ലോകത്ത് ഒരു മനുഷ്യനും എതിരല്ല. അങ്ങനെയെങ്കില്‍ ലീഗ് ചെയ്യുന്നത് വര്‍ഗീയവാദമല്ലേ. മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കും എന്നൊക്കെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവരുണ്ട്. അത് വര്‍ഗീയവാദമല്ലേമെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.
"
https://www.facebook.com/Malayalivartha






















